Saturday, April 28, 2012


 എന്റെ പാപ്പ.....
hemingwayയുടെ ലോകത്ത് നിന്ന് എന്നോ ഇറങ്ങിവന്ന കഥാനായകനെയാണ് അദ്ദേഹം പലപ്പോഴും അനുസ്മരിപ്പിച്ചത്. ആകാരവും ഉള്‍കാമ്പും മാനദണ്ഡമാക്കി താരതമ്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ നുരയുന്ന മധുചഷകവുമായി മുന്നിലിരിക്കുന്നത് സാക്ഷാല്‍ hemingway തന്നെയാണോ എന്ന മതിഭ്രമം എനിക്കുണ്ടായി. കൊച്ചി നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ പാരിതോഷികമാണ് ഈ ബന്ധമെന്ന് മനസ് വീണ്ടും മന്ത്രിച്ചു. ഗുരുവാണോ സുഹൃത്താണോ സഹപാഠിയാണോ ഏറ്റവുമടുത്ത ബന്ധുവാണോ...?. ചില ചോദ്യങ്ങള്‍ക്ക് ജീവിതത്തില്‍  പ്രസക്തിയില്ലെന്ന് വീണ്ടും തിരിച്ചറിയുന്നു. 
മഴ തകര്‍ത്തുപെയ്യുമ്പോള്‍ ഞങ്ങള്‍ ബസിന്റെ പിന്‍സീറ്റിലാണ്. ഫോര്‍ഷോര്‍ റോഡിലൂടെ കുലുങ്ങികുലുങ്ങി ബസ് പായുന്നു. കായല്‍തിരകള്‍ അഞ്ഞടിക്കുന്നുണ്ട്. ദൂരെ അപരിചിത നഗരങ്ങള്‍ പോലെ കപ്പലുകള്‍. 'നഗരമേ നിന്റെ വൈദ്യുതാലിംഗനം...'-എന്ന് ഉറക്കെ പാടാനുള്ള അദമ്യമാനന്ദം ഞാന്‍ ഉള്ളിലടക്കി. കൊച്ചിയുടെ ഈണത്തില്‍ അദ്ദേഹം എന്നോട് സംസാരിക്കുകയാണ്. അവിചാരിതമായ കപ്പല്‍ച്ചേതങ്ങളില്‍ മനസ് തകര്‍ന്നടിയുമ്പോള്‍ ആശ്രയിക്കാവുന്ന പേശീബലമുള്ള ആശ്രയം. 
"ജീവിതത്തില്‍ ഒന്നിനോടും commitment ഇല്ലാത്തവനെ പേടിക്കണം. അവനവനോട് മാത്രം   commitment    ഉള്ളവനെ അതിനേക്കാളും പേടിക്കണം''- അദ്ദേഹം പറഞ്ഞു. മനസിലെ താളില്‍ ആ വാക്കുകള്‍ ബോധത്തിന്റെ പെന്‍സില്‍ കുറിച്ചിട്ടു. 
ശാന്തസമുദ്രത്തിലൂടെ സൌമ്യയാനം നടത്തുന്ന ഏതോ ചെറിയകപ്പലില്‍ മലര്‍ന്ന് കിടന്ന് ആകാശത്തെ നോക്കുകയാണ് ഞാനെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. പായ്മരത്തില്‍ ഭാരമുള്ള, പേരറിയാത്ത ഒരു കടല്‍പക്ഷി വന്നിരുന്നതും, അതിന്റെ നിഴല്‍ എന്റെ നെഞ്ചില്‍ ഭൂപടം വരച്ചിട്ടതും ഞാന്‍ സ്വപ്നം കണ്ടു. കപ്പല്‍പായ കാറ്റുവളയ്ക്കുന്നതിന്റെ ഇരമ്പം കാതുകളില്‍ ചൂളംകുത്തി. 
എപ്പോഴാണ് നാം ഒരാളെ നമ്മുക്ക് വേണ്ടപ്പെട്ടയാളെന്ന് മുദ്രകുത്തുന്നത്?. പ്രക്ഷുബ്ധമായ മനസുമായി ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ഒരോന്നും പറയാതെ അറിഞ്ഞ്, അതിനെ കുറിച്ച് സംസാരിക്കുന്ന ഒരാള്‍ എനിക്ക് വേണ്ടപ്പെട്ടവനാണ്. എന്നാല്‍, ഒരു മനസുകളെ മറിച്ചിട്ട മനശാസ്ത്രജ്ഞന്റെ ഹര്‍ഷം അവരുടെ കണ്ണുകളില്‍ ഉണ്ടാവില്ല. "നീ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട കേട്ടോ. നിന്നെ കൊണ്ട് സാധിക്കും.''- അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ കൊച്ചിയിലാണ്. ജന്‍മനാടിനേക്കാള്‍ പൊക്കിള്‍ക്കൊടി ബന്ധം ഈ നാടുമായിട്ടാണ്. രക്തബന്ധത്തേക്കാള്‍ ആഴമുള്ള എന്റെ ചില ബന്ധങ്ങളും ഇവിടെയാണ്. രക്തബന്ധമുള്ളവര്‍ക്ക് കൂടുതല്‍ അറിയാമെന്ന കുഴപ്പമുണ്ട്. നമ്മുടെ പ്രശ്നങ്ങളെ അവര്‍ ലഘൂകരിക്കും. 'ഓ..ഇവനെ എനിക്കറിയില്ലേ...?'- എന്ന മുന്‍വിധി അവരുടെ വിലയിരുത്തലുകളില്‍ ചിലന്തിവല നെയ്യും. എന്നാല്‍ അപരിചിത സ്ഥലികളെ കുറിച്ച് ചോദിച്ചറിയാനും കണ്ടറിയാനും കേട്ടറിയാനുമുള്ള സുഹൃത്തുക്കളുടെ ആഗ്രഹമാണ് ഒരോ സൌഹൃദത്തിനും ആഴമേകുന്നത്. ചില സുഹൃത്തുക്കള്‍ എന്നെ വഞ്ചിച്ചപ്പോള്‍ നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ ആകസ്മികമായി ചിലര്‍ എന്നെ താങ്ങി നിര്‍ത്തി. അതിലൊന്നാണ് ഈ സാന്തിയാഗോ* യുമായുള്ള ബന്ധം. ഒരുപാട് സ്ഥലങ്ങള്‍ കാണിച്ചുതന്നു. ഒരുപാട് പേരെ പരിചയപ്പെടുത്തി. രാത്രികളില്‍ ലഹരിയുടെ തിരകളില്‍ ഞങ്ങളുടെ കപ്പല്‍ അപരിചിതഭൂഖണ്ഡങ്ങള്‍ തേടി. "ജനലും വാതിലും തുറന്നിട്ടാല്‍ കൊറേ വെളിച്ചം കയറു''-മെന്ന് അയാള്‍ പറഞ്ഞത് വീടിനെ കുറിച്ചല്ല എന്റെ മനസിനെ കുറിച്ചായിരുന്നു. കൊച്ചിയുടെ വശ്യമായ വന്യത അയാളുടെ ധമനികളില്‍ ഒഴുകുന്നുണ്ടെന്ന് ചിലപ്പോള്‍ എനിക്ക് തോന്നും. ഹെമിങ്ങ്വേയുടെ ചെല്ലപ്പേര് പാപ്പയെന്നാണ്. എന്റെ പാപ്പയാണ് കൊച്ചി എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനം. ജീവന്റെ രസമുകുളങ്ങളെ അംഗീകരിക്കാനും ആസ്വദിക്കാനും എന്നെ പഠിപ്പിച്ചത് പാപ്പയാണ്. ഉപ്പ്രുചിയുള്ള കടല്‍ക്കാറ്റ് എന്റെ മനസിന് നല്‍കിയ സാന്ദ്രതയാണത്. 
* അദ്ദേഹം സാങ്കല്‍പ്പികകഥാപാത്രമല്ല. 
* സാന്തിയോഗോ,  hemingway യുടെ  കടല്‍ക്കിഴവന്‍. 

No comments: