Thursday, April 19, 2012


ലിജോ-പ്രതീക്ഷകളുടെ സംവിധായകന്‍....
മലയാളികളുടെ പ്രിയങ്കരനായ നടന്‍ ജോസ്പെല്ലിശേരിയുടെ മകന്‍ ലിജോ മലയാളത്തിലെ ഏറ്റവും മികച്ച പുതുതലമുറ സംവിധായകരില്‍ ഒരാളാണ്. അര്‍ഹിച്ച അംഗീകാരമോ ജനപ്രീതിയോ അയാള്‍ക്ക് ഇനിയും കിട്ടാത്തത് ഒരാസ്വാദകന്‍ എന്ന നിലയില്‍ എന്നെ സങ്കടപ്പെടുത്തുന്നു. ആഷിക്ക്അബു, അമല്‍നീരദ്, അന്‍വര്‍റഷീദ്, അരുണ്‍കുമാര്‍ അരവിന്ദ് തുടങ്ങി മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ സംവിധായകരുമായി താരതമ്യപ്പെടുത്തിയാല്‍ ലിജോ ഇവരേക്കാള്‍ എത്രയോ മികച്ച സംവിധായകനാണെന്ന് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ 'നായകന്‍'(2010), സിറ്റിഓഫ് ഗോഡ് (2011) സാക്ഷ്യപ്പെടുത്തുന്നു. അതുല്യമായ 'ഫ്രെഷ്നസ്' ഈ സിനിമകളുടെ ഒരോ ഘടകത്തിലും നിറഞ്ഞുനില്‍ക്കുന്നു. ആഖ്യാനശൈലിയിലും ഫ്രെയിം കമ്പോസിഷനിലും അപാരമായ കൈയ്യടക്കവും പക്വതയും കൈമുതലായുള്ള ഈ ചെറുപ്പക്കാരനെ നമ്മുടെ സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച അധികം വൈകാതെ കാണാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
കഥകളി വേഷക്കാരനും അധോലോക നായകനുമായ വരദനുണ്ണിയുടെ കഥ പറയുന്ന 'നായകന്‍' പാടിപഴകിയ പ്രതികാരകഥ എത്ര വശ്യമായി അവതരിപ്പിക്കുന്ന സിനിമയാണ്. കണ്ടുപഴകിയ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മിടുക്കനായ ഈ സംവിധായകന്റെ വീക്ഷണകോണില്‍ പുതുമയുടെ മാസ്മരികപരിവേഷം നേടിയെടുക്കുന്നതിന് സാക്ഷിയാവുന്നത് വിസ്മയകരമായ അനുഭൂതിയാണ്. ആഖ്യാനത്തിന്റെ അടരുകളിലെല്ലാം ഇയാള്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നു. ഈ സിനിമ ടിവിയിലാണ് ഞാന്‍ കണ്ടത്. തിയറ്റര്‍ സ്ക്രീനില്‍ 'നായകന്‍' കാണാന്‍ കഴിയാത്തതിന്റെ സങ്കടം കുറെനാള്‍ എന്നെ വേട്ടയാടി. 'പുറപ്പാടി'ല്‍ നിന്നും തുടങ്ങി 'കലാശ'ത്തില്‍ സമാപിക്കുന്ന ഈ സിനിമ ഒരു നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം 'ഡ്രീം ഡെബ്യൂട്ട്' എന്ന് മാത്രം വിശേഷപ്പിക്കാന്‍ സാധിക്കുന്ന  കലാസംരഭമാണ്. ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഊര്‍ജപ്രവാഹവും ക്ളാസിക്കല്‍ കഥന പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളും വിളക്കിചേര്‍ത്ത് ഉരുവപ്പെടുത്തിയ ഈ സിനിമ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച കൊമേഴ്സ്യല്‍ സിനിമകളില്‍ ഒന്നാണ്. നിഴലും വെളിച്ചവും കെട്ടുപിണയുന്ന കഥകളിയരങ്ങുകളും പ്രതിനായകന്റെ (സിദ്ദിഖ്) സഞ്ചാരവഴികളിലെ 'ഡീറ്റൈയില്‍ഡ് വിഷ്വലൈസേഷനും' ഈ സിനിമയുടെ ചൈതന്യം ഇരട്ടിയാക്കുന്നു. അച്ഛനും സഹോദരിയും കൊല്ലപ്പെട്ട വൃത്താന്തമറിഞ്ഞ് നാട്ടിടവഴിയിലൂടെ വരദന്‍ (ഇന്ദ്രജിത്ത്) ഓടിയടുക്കുന്ന സീനിന് ഇപ്പോഴും മനസില്‍ മങ്ങലേറ്റിട്ടില്ല.
മള്‍ട്ടിപ്പിള്‍ നരേഷന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ 'സിറ്റിഓഫ് ഗോഡ്' ബോക്സ്ഓഫീസ് പരാജയമായതിന്റെ പേരില്‍ അതിന്റെ പിന്നില്‍ സഹകരിച്ച അണിയറപ്രവര്‍ത്തകരുടെ തീരാദുഃഖത്തില്‍ ഞാനും പങ്കാളിയാവുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഈ സിനിമ കാണാനായിരുന്നു എന്റെ ദുര്യോഗം. കാരണം ആശിച്ച്,പിടിച്ച് തിയറ്ററില്‍ എത്തിയപ്പോള്‍ സിനിമാപോസ്റ്ററുകള്‍ മാറിയിരുന്നു. മൂന്നടരുകളായി ഒഴുകിയ ജീവിതകാഴ്ച്ചകളെ ബന്ധിപ്പിച്ച് സിനിമയുടെ എല്ലാ സാധ്യതകളും വിളക്കിചേര്‍ത്ത് ലിജോ 'സിറ്റി ഓഫ് ഗോഡ്' ഒരുക്കി. സിനിമാനിരൂപകരെല്ലാം വാഴ്ത്തിപാടിയെങ്കിലും മലയാളികള്‍ക്ക് പുതുമയുടെ ഈ നിറക്കൂട്ട് വായ്ക്ക് പിടിച്ചില്ല. 2011ലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ സിറ്റി ഓഫ് ഗോഡ് ഇടം കണ്ടെത്തി.
സിനിമ ചെയ്യാന്‍ ഡീറ്റൈയില്‍ഡ് ആയിട്ടുള്ള ഒരു കഥയോ നോവലോ ആവശ്യമില്ല. ദൃശ്യങ്ങളുടെ കലൈഡോസ്കോപ്പ് തിരിയുമ്പോള്‍ ചിലപ്പോള്‍ കഥയുടെ മാതൃക അതില്‍ തെളിഞ്ഞ് വന്നേക്കാം. പറഞ്ഞ് പറഞ്ഞ് 'ഓല പൊട്ടിയ' സിനിമാകഥകള്‍ പോലും ലിജോ ജോസ് പെല്ലിശേരിയ്ക്ക് ഒരു ഉജ്വല സിനിമയാക്കി മാറ്റാന്‍ സാധിക്കും. സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ നേടിയെടുത്ത പാഠങ്ങളുടെയും സങ്കല്‍പ്പത്തിന്റെയും വിജയമാണത്. എനിക്ക് സംശയമില്ല, ഒരു നാള്‍ മലയാളസിനിമ ഈ ചെറുപ്പക്കാരന്റെ മുന്നില്‍ ശിരസ് നമിക്കും. അതിന് ഇനി താമസമില്ല. ലിജോയുടെ അടുത്ത സിനിമയ്ക്കായി സസ്നേഹം കാത്തിരിക്കുന്നു..................

No comments: