Tuesday, April 24, 2012

പുസ്തകവില്‍പ്പനക്കാരന്‍
മുറിയിലെ പുസ്തകങ്ങള്‍ എല്ലാം വില്‍ക്കാന്‍ തീരുമാനിച്ചു. പലരും ചോദിച്ചു-"എന്തിനാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്?. ഇത്രയും കഷ്ടപ്പാടായോ?.വീട്ടില്‍ തന്നെ നല്ലൊരു ലൈബ്രറി തുടങ്ങികൂടേ..?''.പക്ഷേ, ഈ ചോദ്യങ്ങള്‍ക്കൊന്നും എന്റെ ഉറപ്പിനെ അലിയിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് കൊല്ലകാലമായി കൊച്ചിയില്‍ നിന്നും ഞാന്‍ വാങ്ങികൂട്ടിയ പുസ്തകങ്ങളാണ്. ലോകക്ളാസിക്കുകളും പള്‍പ്പ്ഫിക്ഷനും മെഡിക്കല്‍സയന്‍സും ഫോറന്‍സിക് വിജ്ഞാനവും അക്കൂട്ടത്തിലുണ്ട്. കട്ടിലിന് മുന്നിലെ ജനല്‍പടിയില്‍ എല്ലാം പല നിലകളായി കൂട്ടി വെച്ചിരിക്കുന്നു. രാവിലെ കണികാണാനും രാത്രി ഗുഡ്നൈറ്റ് പറയാനും എനിക്ക് പുസ്തകങ്ങള്‍ മാത്രമേ ഉള്ളു. ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ പുസ്തകനിലകള്‍ക്ക് മുകളില്‍ ചിലപ്പോള്‍ നിലാവുദിക്കുന്നത് കാണാം.
ഉമ്പര്‍ട്ടോഎക്കോയും കാല്‍വിനോയും പാമുക്കും യോസയും നബാക്കോവും സി വി രാമന്‍പിള്ളയും ചന്തുമേനോനും വൈലോപ്പിള്ളിയും ഒത്തൊരുമിച്ച് ഈഗോയുടെ പിടിയിലകപ്പെടാതെ ഇവിടെ ഒരുമിച്ച് കഴിയുന്നു. കുറച്ച് പുസ്തകങ്ങള്‍ എന്റെ സഹപ്രവര്‍ത്തകന്റെ നാട്ടിലെ ലൈബ്രറിയ്ക്കായി കൊടുത്തു. പുസ്തകങ്ങളെല്ലാം പഴയ ബാഗില്‍ അടുക്കി വെക്കുമ്പോള്‍ ഞാന്‍ എന്തോ അമ്മയെ കുറിച്ചോര്‍ത്തു. കൈയ്യിലെ കാശ് മുഴുവന്‍ പുസ്തകം മേടിച്ച് കളയുന്നതിന് അവര്‍ പറയുന്ന ശകാരങ്ങളുടെ 'ലോഹലായിനി' ഇപ്പോഴും എന്റെ ചെവിയില്‍ തിളയ്ക്കുകയാണ്. പക്ഷേ പുസ്തകങ്ങള്‍ വില്‍ക്കാന്‍ പോകുന്നെന്ന് ഭീഷണി മുഴക്കിയാല്‍ അവരുടെ മട്ട് മാറും- "ഇനിയിപ്പോ അത് വിറ്റിട്ട് വേണം കഞ്ഞികുടിക്കാന്‍. അല്ലാതെ ഒറക്കം വരില്ല...''.കൈയ്യില്‍ പെട്ടെന്ന് പുനത്തിലിന്റെ 'മരുന്ന്' തടഞ്ഞു. അതൊന്ന് മറിച്ചുനോക്കിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരുപാട് പുസ്തകശാലകള്‍ കയറിയിറങ്ങി, ഏറ്റവും പ്രിയപ്പെട്ട പെണ്‍കുട്ടിയെ തേടിയലഞ്ഞ് കണ്ടെത്തുന്നത് പോലെയാണ് ഉമ്പര്‍ട്ടോഎക്കോയുടെ 'ഇന്‍ ദി നെയിം ഓഫ് റോസ്' ഞാന്‍ കണ്ടെത്തിയത്. അത് കണ്ടെത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പോകുന്നിടത്തെല്ലാം പുസ്തകങ്ങള്‍ ചുമക്കുന്നത് പ്രയാസമുള്ള കാര്യമാണ്. എല്ലായിടത്തും അതിനുള്ള സ്ഥലമോ സൌകര്യമോ കാണണമെന്നില്ല. വീട്ടിലാണെങ്കില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ വെക്കാന്‍ ഇടമില്ല. എല്ലാ ഷെല്‍ഫുകളിലും പുസ്തകങ്ങളാണ്. അവയെല്ലാം പൂപ്പല്‍ പിടിച്ച് നശിക്കുന്നു. ഈ വസ്തുതകളെല്ലാം ചൂണ്ടികാണിച്ച് ഞാന്‍ മനസിനെ ശാന്തമാക്കി.
പുസ്തകങ്ങള്‍ വാങ്ങാന്‍ ചെല്ലുമ്പോഴും വില്‍ക്കാന്‍ ചെല്ലുമ്പോഴും വായനക്കാരന് യാതൊരു പരിഗണനയുമില്ല. നല്ല പുസ്തകങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആരോടും വിലപേശാറുമില്ല.(പൈറേറ്റഡ് കോപ്പി വില്‍ക്കുന്നവരോടൊഴിച്ച്). 
'രണ്ടാംകൈ' പുസ്തകശാലയില്‍ തിരക്ക് കുറവാണ്. കിതച്ച്, വിയര്‍ത്ത് ഞാന്‍ പുസ്തകബാഗ് പെണ്‍കുട്ടിയുടെ ടേബിളിന് പുറത്ത് വെച്ചു. 'എന്തെല്ലാമുണ്ട് കാണട്ടേ...?' എന്ന ധാര്‍ഷ്ട്യം അവരുടെ മുഖത്ത് നിറഞ്ഞു. മുതലാളിയുമായി ഫോണില്‍ സംസാരിച്ച് അവര്‍ വിളംമ്പരം ചെയ്ത വില വളരെ കുറവാണ്. എന്നാലും ഞാന്‍ പുസ്തകങ്ങള്‍ വിറ്റു. ഓര്‍ഹന്‍ പാമുക്കിന്റെ 'ബ്ളാക്ക്ബുക്ക്',  ഫോക്നറുടെ 'സൌണ്ട് ആന്‍ഡ് ഫ്യുറി', തുടങ്ങിയ പുസ്തകങ്ങള്‍ അവസാനനിമിഷം വില്‍പ്പനയില്‍ നിന്നും പിന്‍വലിച്ചു. ഫോക്നറുടെ 'ലൈറ്റ് ഓഫ് ഓഗസ്റ്റ്' വാങ്ങി. അതിന്റെ വില കിഴിച്ചുള്ള തുക കൈയ്യില്‍ വാങ്ങി. സാന്റിയാഗോറൊണ്‍ക്ളാഗിയോലോയുടെ 'റെഡ് ഏപ്രില്‍' വേണോ വേണ്ടയോ എന്ന സംശയത്തിലാണ് വില്‍പ്പനക്കാരി. പുസ്തകം വാങ്ങാന്‍ വന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ അതിലുടക്കി. 'ഞാനെടുക്കുന്നു..'-അവന്‍ പറഞ്ഞു. അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പുസ്തക വില്‍പ്പനക്കാരിക്ക് അത്ഭുതം. കാലിയായ ബാഗെടുത്ത് ഞാന്‍ പുറത്തേക്ക് നീങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്തോഷത്തോടെ ഞാന്‍ പുസ്തകം വായിച്ചിട്ടില്ല. ജോലിയുടെ ഭാഗമായും സഹജമായ കുരുത്തക്കേട് കാരണവും വളരെ വൈകി കൂടണയുകയും വളരെ വൈകി മാത്രം ഉണരുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വല്ലാതെ 'ഉത്തേജിതനാകുന്ന' സന്ദര്‍ഭത്തില്‍ മാത്രമാണ്  വായന നടക്കുന്നത്. എന്നാലും വായനക്കാരനും പുസ്തകവും തമ്മിലുള്ള അദൃശ്യസംവാദത്തെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. വായിക്കാനല്ലെങ്കിലും പുസ്തകങ്ങള്‍ ഞാന്‍ വാങ്ങികൂട്ടുന്നു. എന്നെങ്കിലും അവ വായിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലെന്ന വിശ്വാസമാണ് അതിന് കാരണം. ആ വിശ്വാസമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും...

No comments: