Wednesday, April 11, 2012


സിനിമയിലെ പത്രക്കാരും പൊലീസുകാരും 

സുരേഷ്ഗോപി നായകനായി അശോകന്‍ സംവിധാനം ചെയ്ത 'ആചാര്യന്‍' എന്ന സിനിമയില്‍ ജഗതി പത്രപ്രവര്‍ത്തകന്റെ റോളിലാണ് എത്തിയത്. കടപ്പുറത്ത് അടിഞ്ഞ ശവത്തിന് ചുറ്റും നൂറുകണക്കിനാളുകള്‍ കൂടി നില്‍ക്കുന്നു. പൊലീസും മറ്റ് അധികൃതരും പ്രാഥമിക നിഗമനങ്ങള്‍ നടത്തുമ്പോള്‍ വാര്‍ത്ത ശേഖരിക്കാന്‍ ജഗതി അവിടെ എത്തുന്ന ഒരു രംഗമുണ്ട്. കമിഴ്ന്നു കിടക്കുന്ന മൃതദേഹം തലങ്ങും വിലങ്ങും പരിശോധിച്ച ശേഷം മാറി നില്‍ക്കുന്ന ഒരു മത്സ്യതൊഴിലാളിയുടെ ചെവിയില്‍ ഒച്ച താഴ്ത്തി ജഗതി- "ശവത്തിന്റെ അപ്പുറത്ത് കിടക്കുന്ന മീന്‍ ഫ്രീയായിട്ട് കൊടുക്കുമോ...?'' എന്ന് ചോദിക്കുന്നു. താഴ്ന്ന സ്വരത്തില്‍ "സോറി സാര്‍...അത് സിഐ സാര്‍ പറഞ്ഞ് വെച്ചിരിക്കുകയാ..''-എന്ന് മത്സ്യതൊഴിലാളി മറുപടി കൊടുക്കുന്നു. പൊലീസുകാരെയും പത്രക്കാരെയും ഒരുപോലെ 'പൂശുന്ന' മറ്റൊരു രംഗം മലയാളസിനിമയിലില്ല. 
ചില പത്രക്കാരും പൊലീസുകാരും അങ്ങനെയാണ്. 
"ഹൈവേയില്‍ ലോറി കയറി ചത്തവന്റെ അണ്ടര്‍വെയര്‍ തപ്പാന്‍ ഏത് മുഴുത്ത പൊലീസുകാരനും ഒന്നറയ്ക്കും. പക്ഷേ താന്‍ അത് ചെയ്യും''- എന്നാണ് കെ മധു സംവിധാനം ചെയ്ത 'നരിമാന്‍' എന്ന സിനിമയില്‍ സുരേഷ്ഗോപി അവതരിപ്പിച്ച അശോക്നരിമാന്‍ സ്ഫടികം ജോര്‍ജ് അവതരിപ്പിക്കുന്ന മേലാപ്പീസറോട് പറയുന്നുണ്ട്. വില്ലന്‍മാരുടെ പാതിരാത്രി ദര്‍ബാറുകളില്‍ പങ്കെടുത്ത ശേഷം അവശേഷിക്കുന്ന മദ്യം ന്യൂസ്പേപ്പറില്‍ പൊതിഞ്ഞെടുത്ത് വില്ലന് സലാം വെച്ച് പോകുന്ന 'ദി കിങ്ങിലെ' മോണിങ്ങ് ബേര്‍ഡ് തങ്കച്ചനെ (അസീസ്) പോലുള്ള കഥാപാത്രങ്ങള്‍ മുഖ്യധാരസിനിമയില്‍ ധാരാളം വന്നിട്ടുണ്ട്. 
പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസും അവര്‍ക്ക് സത്യസന്ധമായ വാര്‍ത്തകളും വസ്തുതകളും എത്തിച്ചു കൊടുക്കേണ്ട പൊലീസുകാരനും പത്രക്കാരനും രാഷ്ട്രീയക്കാരുടെ ഏറാന്‍മൂളികളായും ഉപജാപകസംഘത്തിലെ 'എലൈറ്റ്' പ്രതിനിധികളായും തരംതാഴുമ്പോള്‍ സംഭവിക്കുന്ന മൂല്യശോഷണം വലുതാണ്. മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന പത്രക്കാര്‍ക്കും പൊലീസുകാര്‍ക്കും അഭിമാനക്ഷതമുണ്ടാക്കുന്ന പുഴുകുത്തുകള്‍ പൊതുസമൂഹത്തിലെ എല്ലാ മേഖലകളിലുമെന്ന പോലെ ഇവര്‍ക്കിടയിലുമുണ്ട്. 
ഇത്തരക്കാരെ തുറന്നുകാണിക്കാന്‍ 90കളിലെ ഫയര്‍ബ്രാന്‍ഡ് സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്. പെരുമഴ പോലെ പെയ്ത് തോര്‍ന്ന ഇത്തരം സിനിമകള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും പ്രസക്തിയുണ്ടാക്കാന്‍ 'എരിവിനും പുളിയ്ക്കും വേണ്ടി' തയാറാക്കിയ ഇത്തരം സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വില്ലന്‍മാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍ കണക്ക് പറഞ്ഞ് എണ്ണി വാങ്ങുന്നരാണ് ഇത്തരം സിനിമകളിലെ പൊലീസുകാരും പത്രക്കാരും. ടൌണിലെ കണ്ണായ ഇടത്തുള്ള ഹൌസിങ്ങ് പ്ളോട്ടിനോ പുതിയ കാറിനോ അഡ്വാന്‍സ് കൊടുക്കുക, വീടിന് രണ്ടാം നില പണിയുക, തുടങ്ങിയ ചില്ലറ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാശ് മേടിക്കുന്നത്. റിയല്‍എസ്റ്റേറ്റ്, ബ്യൂട്ടിപാര്‍ലര്‍, ടൂറിസ്റ്റ് ബസ്- ടാക്സി, കാപ്പിതോട്ടം, ചെമ്മീന്‍കെട്ട് നേട്ടങ്ങള്‍ നിരവധിയാണ്. വാങ്ങിച്ച കാശിനുള്ള പണി കൃത്യമായി, ആരും മോശം പറയാനിടയാക്കാതെ ഇവര്‍ ചെയ്ത് തീര്‍ക്കും. ദേവന്‍, സ്ഫടികം ജോര്‍ജ്, എന്‍ എഫ് വര്‍ഗീസ്, രാജന്‍ പി ദേവ്, അസീസ് എന്നിവരെയാണ് ഇത്തരം റോളുകളില്‍ അധികവും കണ്ടിട്ടുള്ളത്. ചില പൊലീസുകാരുടെ ഫോണ്‍ ബില്‍ പോലും കൊടുക്കുന്നത് വില്ലനായിരിക്കും. ജോഷി സംവിധാനം ചെയ്ത 'പ്രജ'യില്‍ ബാബുരാജിന്റെ എസ്പി കഥാപാത്രത്തോട് ഷമ്മിതിലകന്‍ അവതരിപ്പിച്ച കൊണാരക് ബലരാമന്‍ ഗര്‍ജ്ജിക്കുന്നു- "ഞാന്‍ വിളിക്കുമ്പോള്‍, വിളിക്കുന്ന ഇടത്ത് നിന്നെ കിട്ടാനാണെടാ ഫൂള്‍, നിന്റെ രണ്ട് ഫോണിന്റെയും ബില്‍ എന്റെ കമ്പനി കൊടുക്കുന്നത്''. 
"എന്ത് വന്നാലും എനിക്ക് സര്‍ക്കുലേഷന്‍ കൂട്ടണം കൂടുതല്‍ പത്രം അടിക്കണം''- എന്ന ധാര്‍ഷ്ട്യപ്പെടുന്ന പത്രമുതലാളിമാര്‍ (പത്രം), "ഈ ഐപിഎസ് കിരീടം പോണെങ്കില്‍ പോട്ടെ, തനിക്ക് ഞാന്‍ മറ്റൊരു കിരീടം വെച്ച് തരും സാമന്തരാജാവിന്റെ കിരീടം''- എന്ന രാഷ്ട്രീയ പുംഗവന്റെ ഡയലോഗ് കേട്ട് കോള്‍മയിര്‍ കൊള്ളുന്ന കമ്മീഷണര്‍ (കിങ്ങ്), "കൂട്ടത്തിലൊള്ള ഒരുത്തനെയും നമ്പരുതെന്ന് പറഞ്ഞ്''- നീറ്റായി വില്ലന് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഡിവൈഎസ്പി (എഫ്ഐആര്‍)...പൊലീസുകാരുടെയും പത്രക്കാരുടെയും സഹായത്തോടെ എത്ര കൊള്ളരുതായ്മകളാണ് സിനിമകളില്‍ വില്ലന്‍മാര്‍ ചെയ്തുകൂട്ടിയത്. അതിന്റെ പകുതിയെങ്കിലും യഥാര്‍ഥജീവിതത്തിലുണ്ടെന്നതാണ് സത്യം.
പത്രപ്രവര്‍ത്തകന്‍ കൂടിയ രഞ്ജിപണിക്കര്‍ തയാറാക്കിയ തിരക്കഥകള്‍ഇത്തരക്കാരെ തുറന്നുകാണിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത 'പത്രം' സിനിമയില്‍ ജാഗ്രത പോലെ നട്ടെല്ലുള്ള ഒരു പത്രത്തെയും ശേഖരനെ പോലെ അന്തസുള്ള എഡിറ്ററെയും രഞ്ജി വരഞ്ഞിട്ടുണ്ട്. 
ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ 'നിറക്കൂട്ടില്‍'പ്രശസ്തനായ ഒരാളെ തട്ടികൊണ്ടുപോകുന്നതിന് ദൃക്സാക്ഷിയായ ശേഷം അത് പത്രത്തില്‍ കൊടുക്കാതെ അയാളെ രക്ഷിക്കാന്‍ നേതൃത്വം കൊടുത്ത റിപ്പോര്‍ട്ടറെ (ഉര്‍വശി) പത്രാധിപര്‍ (ജോസ്പ്രകാശ്) ശകാരിക്കുന്നത്്- "സാമൂഹ്യസേവനം നടത്തുന്നതിനല്ല നെനക്ക് ഞാന്‍ ശമ്പളം തരുന്നത്''- എന്നാണ്. മാനഭംഗപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് വാര്‍ത്ത നല്‍കാന്‍ ശ്രമിച്ച ജി കൃഷ്ണമൂര്‍ത്തിയെ ഭ്രാന്തനെന്ന് മുദ്രകുത്തി ജയിലില്‍ അടക്കാന്‍ രാഷ്ട്രീയക്കാരും പത്രാധിപരും പൊലീസുകാരും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയാണ് 'ന്യുഡല്‍ഹി'യെ ശ്രദ്ധേയമാക്കിയത്. 
 സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സമൂഹം സിനിമയില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തൂലികാനാമത്തില്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ശ്രീനിവാസന്‍ വേഷമിട്ടുണ്ട്. "ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുവിനും മുസ്ളീമിനും ക്രിസ്ത്യാനിക്കും വീതം വെച്ച് കൊടുക്കാനുള്ളതാണ് വാര്‍ത്തയെന്ന് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചാല്‍ അത് ചെവികൊള്ളരുതെന്നാണ് പത്രത്തില്‍ നന്ദഗോപാല്‍ (സുരേഷ്ഗോപി) ഗര്‍ജ്ജിക്കുന്നത്. "ജനങ്ങളെ രക്ഷിച്ചുപിടിക്കാനാണ് പൊലീസെന്നും അതാവണം പൊലീസെന്നും'' ഗര്‍ജ്ജിക്കുകയാണ് രൌദ്രത്തിലെ നരേന്ദ്രന്‍ (മമ്മൂട്ടി). ഈ രീതിയില്‍ നേരിട്ട് ഇവന്‍മാരുടെ മുഖത്ത് നോക്കി പത്ത് പറയാന്‍ സാധിക്കാത്ത ജനങ്ങളുടെ തരിപ്പ് തീര്‍ത്ത് നൂറും ഇരുന്നൂറും തികച്ചോടിയിരുന്ന സിനിമകള്‍ ചരിത്രത്തിന്റെ ഭാഗമായി. ഇനി അത്തരം സിനിമകള്‍ പടച്ചുവിട്ടാല്‍ നിര്‍മ്മാതാവിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് തിരക്കഥാകൃത്തും സംവിധായകനും മാത്രമായിരിക്കും ഉത്തരവാദിത്വം.

ലാസ്റ്റ്വേര്‍ഡ്- അഴിമതിയും അരാജത്വവും കൈകോര്‍ക്കുമ്പോള്‍ ഉപജാപക സംഘങ്ങള്‍ ജനിക്കുന്നു. ഇവര്‍ക്കെതിരെ ഈ ഒറ്റയാന്റെ പോരാട്ടം പ്രതിവിധിയാകുന്നില്ല. എങ്കിലും........

No comments: