Monday, April 9, 2012

തീവണ്ടികഥ.....

റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നത് പ്രയാസമുള്ള ജോലിയാണ്. ആഴ്ച്ചപതിപ്പുകളോ ബാഗില്‍ കരുതിയ പുസ്തകമോ നൂറു രൂപയ്ക്ക് കിട്ടുന്ന ചേതന്‍ഭഗതിന്റെ നോവലുകളോ കാത്തിരിപ്പ് എളുപ്പമാക്കുന്നില്ല. വളരെ പഴയ കാര്യങ്ങളില്‍ ചിലത് ഓര്‍മിക്കുന്നത് തടയാനാവില്ല. പ്ളാറ്റ്ഫോമിനെ അടിമുടി കുളിപ്പിക്കുന്ന മഴയോ ഇളംവെയിലില്‍ ട്രാക്കില്‍ നിന്നുയരുന്ന പ്രാവുകളോ ഉണ്ടായിരുന്നെങ്കില്‍ ഓര്‍മകളില്‍ നിന്നും ചിന്തകളില്‍ നിന്നും രക്ഷപ്പെടാമായിരുന്നെന്ന് ഉള്ളിലിരിക്കുന്നവന്‍ പറയും. കണ്‍വയര്‍ ബെല്‍റ്റിലെന്ന പോലെ മുന്നിലൂടെ പോകുന്ന യാത്രക്കാരെ നോക്കി നില്‍ക്കുന്നതും മടുപ്പുളവാക്കും.
പിന്നില്‍ നിന്ന് നമ്മുക്ക് പരിചയമുള്ള എന്നാല്‍ ദീര്‍ഘകാലമായി എസ്എംഎസ് പോലും അയക്കാത്ത ഒരു സുഹൃത്ത് പേര് നീട്ടി വിളിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകും. അത് പെണ്‍കുട്ടിയായാല്‍ അത്രയും നല്ലത്. എന്നാല്‍ അവരോട് ഇപ്പോള്‍ എങ്ങനെ പെരുമാറുമെന്ന് മുന്‍കൂട്ടി നിങ്ങളോട് പറയാന്‍ സാധിക്കാത്തത് കഷ്ടമാണെന്ന് എനിക്കറിയാം. നല്ല പരിചയമുള്ള പെണ്‍സുഹൃത്ത് വഴിയരികില്‍ കണ്ടപ്പോള്‍ ചിരിച്ച്, അടുത്ത് വന്ന് സംസാരിച്ചപ്പോള്‍ മിഴിച്ചു നോക്കി നിന്ന ദൃശ്യം മനസിലുണ്ട്. "എന്തായിത്...? എന്നെ മനസിലായില്ലേ...?''-എന്നവള്‍ ദയനീയമായി ചോദിച്ചപ്പോള്‍ ദയനീയമായി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയത് എന്നെ ഇന്നും വേദനിപ്പിക്കുന്നു. ദേഷ്യപ്പെട്ട് അവള്‍ നടന്ന് കാണാമറയത്തായപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത്.
പാളങ്ങള്‍ക്കപ്പുറത്ത് പരസ്യപലകകള്‍ 'ആരെടാ..' എന്ന ഭാവത്തില്‍ നെഞ്ചും വിരിച്ച് നില്‍പ്പുണ്ട്. കൊച്ചിയില്‍ എത്തിയാല്‍ എന്നെ അടിമുടി ഉലക്കാറുള്ളത് പരസ്യപലകകളാണ്. പല രൂപത്തില്‍, പല ഭാവത്തില്‍ 'നിന്നെ കൊണ്ട് നോക്കിപ്പിച്ചേ അടങ്ങുള്ളുടാ...''- എന്ന മട്ടില്‍ പ്രലോഭിപ്പിക്കുന്ന വേഷമിട്ട് പോകുന്ന പെണ്‍കുട്ടിയെ പോലെയാണ് അവര്‍. ഇപ്പോള്‍ കണ്‍മുമ്പില്‍ കൂടിയും അത്തരം പെണ്‍കുട്ടികള്‍ കടന്നുപോകുന്നുണ്ട്. ഈ പൊരിഞ്ഞ ചിന്തകള്‍ക്കിടയിലും അവരെയെല്ലാം നോക്കി മനസില്‍ ഞാന്‍ ചിലത് കണക്കുകൂട്ടുന്നുമുണ്ട്.

 എംടി

ഒരിക്കല്‍ പ്ളാറ്റ്ഫോമിലൂടെ എംടി കടന്നുപോയി. "പോടാ.. പോയി പരിചയപ്പെടെടാ...''-ഏഴാംക്ളാസുകാരന്റെ ചുമലില്‍ തട്ടി ചേച്ചി പറഞ്ഞു. ബഷീര്‍ പറഞ്ഞത് പോലെ പഴയ നൂലന്‍ വാസുവൊന്നുമല്ല...ഒരു ഗഡാഗഡിയന്‍ നായര്‍ പ്രമാണിയാണ് മുന്നിലൂടെ കടന്നുപോകുന്നത്. വാല്യക്കാരും കരയിലെ മറ്റ് ചില പ്രമാണിമാരും വഴി തെളിക്കുന്നുണ്ട്. ചുവന്ന ഫ്രെയിമുള്ള കണ്ണാടിയില്‍ ട്യൂബ്ലൈറ്റ് പ്രതിഫലിച്ചു. വാ തുറന്നാല്‍ എംടിയും രണ്ടാമൂഴവും മാത്രം ഉരുവിട്ട് നടന്നത് കൊണ്ടാണ് ചേച്ചി എന്നെ പ്രചോദിപ്പിച്ചത്. പക്ഷേ ധൈര്യമുണ്ടായില്ല. പ്ളാറ്റ്ഫോമുകളിലെ ഹിഗിന്‍ബോതംസിന്റെയും മാതൃഭൂമിയുടെയും പുസ്തകശാലകളില്‍ കറങ്ങിയടിച്ച് ലോകക്ളാസിക്കുകള്‍ ചൂണ്ടിയെടുത്തിരുന്ന കഥയും എംടിയാണ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ ലോകക്ളാസിക്കുകള്‍ പോയിട്ട് ഗുണമുള്ള ഒരു എഞ്ചുവടി പോലും കിട്ടാനില്ല.

ഒരു പഴയകഥ

നിര്‍വഹണത്തിന്റെ ആനന്ദം മാത്രമാണ് ഉഴുന്നുവട കഴിച്ച് ചായ കുടിച്ചപ്പോള്‍ കിട്ടിയത്. പണ്ട് ലേഡീസ് കംമ്പാര്‍ട്ട്മെന്റിലായിരുന്നു നാട്ടിലേക്ക്   (ന്ന് വെച്ചാല്‍ തിരുവന്തോരത്തേക്ക്) യാത്ര. ഏഴാംക്ളാസ് വരെ ഞാന്‍ ബര്‍ത്തുകളില്‍ പമ്മി കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു. മറ്റുള്ള കംമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ എനിക്ക് പേടിയായിരുന്നു. അമ്മയുടെ നിഘണ്ടുവില്‍ റിസര്‍വേഷന്‍ പോലുള്ള പദങ്ങള്‍ അന്നും ഇന്നും കയറി പറ്റിയിട്ടില്ല. ഒരിക്കല്‍ തിരുവന്തോരത്ത്  നിന്ന് കയറിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ചില പെണ്‍കുട്ടികളുമുണ്ടായിരുന്നു. അമ്മയ്ക്കും ചേച്ചിയ്ക്കും താഴത്തെ സീറ്റുകളില്‍ 'തിരക്കില്‍ അല്‍പ്പം ഇടം' കിട്ടി. ഞാന്‍ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ഭാവത്തില്‍ അങ്ങനെ നിന്നപ്പോള്‍ 'ഇത് എന്താ ഈ ചെക്കന്‍ ഈടെ' എന്ന ഭാവം അമ്മയുടെ അടുത്തിരുന്ന ഒരു വല്യമ്മയുടെ കണ്ണുകളില്‍ തെളിഞ്ഞു. അത് ചോദ്യമായി മാറുന്നതിന് മുമ്പ് "മോനു.. ഇവിടെ കയറികൊള്ളു...'' എന്ന് ഒരു ശബ്ദമുയര്‍ന്നു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ മുകളിലെ ബര്‍ത്തില്‍ ചുരുണ്ട മുടിയും ചാരകണ്ണുകളുമുള്ള ഒരു ചേച്ചിയാണ്. ഞാന്‍ ചാടികയറി ഇരിപ്പുറപ്പിച്ചു. എന്റെ കൈയ്യില്‍ 'രണ്ടാമൂഴം' ഇരിപ്പുണ്ട്. ഗദയും ചുഴറ്റി 'ഞാന്‍ റെഡി' എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഭീമനാണ് എന്റെ ഐശ്വര്യം മട്ടില്‍ പുസ്തകം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നത് കണ്ട ചുരുണ്ട മുടി ചേച്ചി- "മോന്‍വായിക്കുമോ...ഇതാ ഈ ചേച്ചി കവിത എഴുതും''എന്നടിച്ചു. അപ്പോഴാണ് ഞങ്ങള്‍ക്ക് പിറകില്‍ ഒരു ദേഹം കിടപ്പുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. ചുവന്ന ചുരിദാറിട്ട ഒരു സുന്ദരി ചേച്ചി കവിയുടെ ഗൌരവമുള്ള പുഞ്ചിരി എനിക്ക് നേരേ എറിഞ്ഞു.
അങ്ങനെ ആ രാത്രി ഞങ്ങള്‍ പലതും പറഞ്ഞിരുന്നു. ഇടയ്ക്കിടക്ക് താഴെ നോക്കുമ്പോള്‍ എന്റെ ചേച്ചി മുകളിലോട്ട് പാളിനോക്കുന്നത് കാണാമായിരുന്നു. 'മൊത്തം സെറ്റപ്പ് എനിക്കത്ര പിടിച്ചില്ല' എന്ന ഭാവം അവളുടെ കണ്ണുകളില്‍ മിന്നിമാഞ്ഞു. 'നീ പോടീ' എന്ന നോട്ടം ഞാനും നിന്ദയോടെ ചുരുട്ടി താഴേക്കിട്ടു.
പറഞ്ഞു വന്നപ്പോള്‍ ചുരുണ്ടമുടി ചേച്ചിയുടെ വീട് നമ്മുടെ അതിരാണിപാടത്തിനടുത്താണ്. "അതായത് എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയുടെ ഒന്നാമത്തെ അദ്ധ്യായമായ-ഓര്‍മകളുടെ സംഭരണി- ന്ന് വെച്ചാല്‍ വലിയ വാട്ടര്‍ ടാങ്കിന്റെ തൊട്ടടുത്താണ് എന്റെ വീട്''-ചുരുണ്ടമുടി ചേച്ചി പറഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യെന്നായി. ചേച്ചിയോട് ചേര്‍ന്നിരുന്ന് ഞാന്‍ ചോദിച്ചു- "ശരിക്കും...?''. ഷൊര്‍ണ്ണൂരില്‍ ഇറങ്ങാന്‍ നേരത്ത് കൈയ്യില്‍ തടഞ്ഞ പോക്കറ്റ് ഡയറിയിലെ താള്‍ പറിച്ച് ചേച്ചി പേരും മേല്‍വിലാസവും നമ്പറും എഴുതി തന്ന്- "ഇടയ്ക്ക് വിളിക്കണംട്ടോ..'' എന്ന് പറഞ്ഞ് കവിളിള്‍ തട്ടിയ ശേഷം ബര്‍ത്തിലേക്ക് ചാഞ്ഞിരുന്ന് മയക്കമായി. കവയത്രി ചേച്ചി പൂണ്ട ഉറക്കത്തിലായിരുന്നു. ഉറക്കം പുളിക്കുന്ന കണ്ണുകളുമായി പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോഴും ഷൊര്‍ണ്ണൂര്‍ പ്രഭാതം പബ്ളിക് ലൈബ്രറിയില്‍ നിന്നെടുത്ത രണ്ടാമൂഴത്തിലെ ഭീമന്‍ കണ്ണിമ ചിമ്മാതെ ഗദ ചുഴറ്റി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

No comments: