Sunday, May 20, 2012


അരികെ so close............
ഒരിക്കല്‍ പോലും പ്രണയിച്ചിട്ടില്ലാത്തവരാണോ പ്രണയത്തെ കുറിച്ച് കൂടുതല്‍ ആകുലരാകുന്നത്..?. ശ്യാമപ്രസാദിന്റെ 'അകലെ' കണ്ടിറങ്ങിയപ്പോള്‍ തോന്നിയതാണിത്.വെറും ശാരീരികമായ ആകര്‍ഷണം മാത്രമാണോ പ്രണയം?, അടുത്തിരിക്കുമ്പോഴാ അകന്നിരിക്കുമ്പോഴാ പ്രണയത്തിന് മാറ്റേറുന്നത്...?, ഒരു വ്യക്തിയെ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയിലേക്ക് പകരാനോ പകര്‍ത്താനോ കഴിയുമോ....?. പുറമേക്ക് ലളിതം. എന്നാല്‍ അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍.
'അരികെ' ഒരു ത്രികോണ പ്രണയകഥയാണ്. ലിംഗ്വിറ്റിക്സ് ഗവേഷകനായ ശന്തനു(ദിലീപ്), അയാളുടെ പൂര്‍വ്വവിദ്യാര്‍ഥിനി  കല്‍പ്പന (സംവൃത), അവളുടെ അത്മാര്‍ഥ സുഹൃത്ത് അനുരാധ (മംമ്ത) എന്നിവരാണ് ത്രികോണത്തെ പൂരിപ്പിക്കുന്നത്.
കല്‍പ്പനയുടെയും ശന്തനുവിന്റെയും പ്രണയത്തിന് ഇടനിലക്കാരി അനുരാധയാണ്.കൌമാരത്തിലെ ഒരു മോശം അനുഭവം അനുരാധയെ പ്രണയ വിരോധിയാക്കുന്നു. 'ലോകത്തെ അവസാനത്തെ കാമുകനും കാമുകിയുമെന്ന്' ശന്തനുവിനെയും കല്‍പ്പനയെയും വിശേഷിപ്പിക്കുന്ന അനു ഇവരുടെ പ്രണയം വിജയിപ്പിക്കാന്‍ വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയാറാണ്. പ്രണയസാഫല്യത്തിന് വേണ്ടി ഓടിനടക്കുന്ന ശന്തനുവിന് കല്‍പ്പനയുടെ ആത്മാര്‍ഥതയില്‍ സംശയം തോന്നുമ്പോള്‍ 'ഉറപ്പിനായി' അയാള്‍ ആശ്രയിക്കുന്നത് അനുരാധയെയാണ്. കല്‍പ്പനയുടെയും ശന്തനുവിന്റെയും സമാഗമങ്ങളിലും സംഭാഷണങ്ങളിലും അനുവും പങ്കാളിയാണ്. എങ്കിലും, കല്‍പ്പനയെ പൂര്‍ണ്ണമായും മനസിലാക്കുന്നതില്‍ അനുരാധയും ശന്തനുവും പൂര്‍ണ്ണമായും പരാജയപ്പെട്ടു.  തൊട്ടടുത്ത് നിന്നപ്പോഴും ശന്തനുവിനും അനുരാധയ്ക്കും പരസ്പരം തോന്നിയ പ്രണയം കൈമാറുന്നതില്‍ അവര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. 
സുനില്‍ ഗംഗോപദ്ധ്യായയുടെ കഥയ്ക്ക് ശ്യാമപ്രസാദ് തന്നെയാണ് തിരക്കഥ ഒരുക്കിയത്. ടെന്നസി വില്യംസിന്റെ ഗ്ളാസ്ഹൌസ് നാടകത്തിന്റെ ചലചിത്രഭാഷ്യമായ 'അകലെ'യുമായി താരതമ്യം ചെയ്യുമ്പോള്‍ 'അരികെ' എത്രയോ പിന്നിലാണ്. സിനിമ ഡീറ്റെയിലിങ്ങിന്റെ കലയായതിനാല്‍ തിരക്കഥയിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ശ്യാമപ്രസാദിന് അറിയാതെ അല്ല. പക്ഷേ 'അരികെ'യുടെ തിരക്കഥയില്‍ നിരവധി പോരായ്മകളുണ്ട്. ബംഗാള്‍ സിനിമയുടെ സുവര്‍ണ്ണകാല പാരമ്പര്യത്തിന്റെ ഊര്‍ജവും ആര്‍ജവവും ഉള്‍കൊണ്ടാണ് ശ്യാമപ്രസാദ് മുന്നോട്ടുനീങ്ങുന്നത്. അതിന്റെ പുതുമ 'അരികെ'യ്ക്കുണ്ട്. കഥാപാത്രങ്ങളെ ഉള്‍കൊള്ളുന്നതില്‍ മംമ്തയും സംവൃതയും വിജയിച്ചു. എല്ലാ സീനുകളിലും ഉണ്ടെന്ന് പറയാവുന്ന റോളാണ് മംമ്തയ്ക്ക്. സിനിമയെ താങ്ങി നിര്‍ത്തുന്ന പ്രകടനമാണ് അവരുടേത്. സംവൃതയുടെ അമ്മായിയായി എത്തിയ ഗായിക ചിത്രാഅയ്യരുടെ മികച്ചപ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. പതിഞ്ഞ താളത്തില്‍ പോകുന്ന സിനിമയ്ക്ക് ചിത്ര നല്‍കുന്ന ചടുലത ആസ്വാദ്യമാണ്. ഇന്നസെന്റ്, ഊര്‍മ്മിള ഉണ്ണി, വിനീത്, മാടമ്പ് കുഞ്ഞുകുട്ടന്‍ തുടങ്ങി മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും നന്നായി. അഴഗപ്പന്റെ ദൃശ്യങ്ങളും ഔസേപ്പച്ചന്റെ ഈണവും പതിവുപോലെ സിനിമയ്ക്ക് മാറ്റ് കൂട്ടി. ശ്യാമപ്രസാദിന്റെ മികച്ച ചിത്രമെന്ന് വിലയിരുത്താന്‍ കഴിയില്ലെങ്കിലും എന്തോ ചില കാരണങ്ങളാല്‍ ഇഷ്ടം തോന്നുന്ന ഒരു സിനിമയാണിത്. 'അകലങ്ങളിലേക്ക് വേര്‍പിരിഞ്ഞു പോകുന്നവരുടെ അനുഭൂതിയാണ് 'അകലെ'. എന്നാല്‍ തൊട്ടടുത്ത് ഇരിക്കുമ്പോഴും  തിരിച്ചറിയാതെ പോകുന്നവരുടെ കഥയാണ് 'അരികെ' എന്ന സംവിധായകന്റെ വാക്കുകള്‍ 50 ശതമാനമെങ്കിലും ശരിയായത് കൊണ്ടായിരിക്കാം അതെന്ന് തോന്നുന്നു.

No comments: