Saturday, June 23, 2012


ചേച്ചിപൂച്ചകള്‍
ഞാനും ചേച്ചിയും ഒന്നിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഞാന്‍ പഠിച്ചിരുന്നത് കെവിആര്‍ ഹൈസ്കൂള്‍ ഷൊര്‍ണ്ണൂരിലും അവള്‍ പഠിച്ചിരുന്നത് സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിലുമായിരുന്നു. രണ്ടു സ്കൂളുകളോടും എനിക്കിഷ്ടമാണ്. വെള്ള ഷര്‍ട്ടും നീല പാന്റസുമണിഞ്ഞ് ഞാനും (ഏഴാം ക്ളാസിന് ശേഷം, അഞ്ചിലും ആറിലും ട്രൌസേഴ്സ്) ക്രീം ഷര്‍ട്ടും പച്ച പവാടയും അണിഞ്ഞ്, പച്ച റിബ്ബണ്‍ കൊണ്ട് മുടി പിന്നികെട്ടി അവളും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതിനിടയില്‍ ആരുമറിയാതെ ഞങ്ങള്‍ക്കിടയില്‍ ഒന്നും രണ്ടും മൂന്നും മഹായുദ്ധങ്ങള്‍ കഴിഞ്ഞിരിക്കും. എന്റെ കൈത്തണ്ടയില്‍ നിറയെ രക്തം പുരണ്ട ചന്ദ്രകലകള്‍ ഉദിച്ചിരിക്കും. പൂച്ച കൈപടം നിലത്തമര്‍ത്തുമ്പോള്‍ നീളുന്ന കൂര്‍ത്തനഖങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കുമുണ്ടായിരുന്നത്. എനിക്ക് അവളെ പേടിയായിരുന്നു. നാലു വയസ് മൂപ്പുണ്ടെങ്കിലും ചേച്ചി എന്ന് വിളിക്കാന്‍ എനിക്ക് മടിയായിരുന്നു. അത് ഇന്നും തുടരുന്നു. ഇടംകൈയ്യന്‍ സ്പിന്‍ബോളര്‍ ബിനോയിയോ സിക്സറടിച്ച്, മുന്നോട്ട് വീണ മുടി പിന്നിലേക്ക് മാടിയൊതുക്കുന്ന സഞ്ജയ്യോ അവളെ കല്യാണം കഴിക്കണമെന്ന് ഞാന്‍ ആശിച്ചു. എന്നാല്‍ കൂര്‍ത്തനഖങ്ങളെ പേടിച്ച് അവളോട് അത് പറഞ്ഞില്ല. 
മടക്കയാത്രകളില്‍ അവളുടെ കൂട്ടുകാരികളും ഉണ്ടാവും. ആസന്നമായ പരീക്ഷകളും പുതിയ ബോളിവുഡ് സിനിമകളും സഹപാഠികളെ കുറിച്ചുള്ള കുശുമ്പ് വര്‍ത്തമാനങ്ങളുടെയും ശബ്ദരേഖയായിരുന്നു ആ മടക്കയാത്രകള്‍. എന്ത് കേട്ടാലും അതെല്ലാം മുന്‍പേ അറിയാമെന്ന് ഭാവിക്കുന്ന സഹപാഠിയെ പറ്റിക്കാനായി 'ചിക്പഗ്' എന്ന ചോക്ളേറ്റ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും കഴിഞ്ഞ തവണ അച്ഛന്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ ഒരു പെട്ടി 'ചിക്പഗ്' കൊണ്ടുവന്നിരുന്നെന്ന് അവള്‍ തിരിച്ചടിച്ചതും പറഞ്ഞ് അവര്‍ പൊട്ടിചിരിച്ചപ്പോള്‍ ഞാനും അതില്‍ പങ്കാളിയായി. ഒരോ കണക്ക് പരീക്ഷയും കഴിഞ്ഞ് അവരുടെ പക്കല്‍ നിന്ന് മോറല്‍സയന്‍സ് ടെക്സ്റ്റും സ്നേഹസേനയും ലൈബ്രറി പുസ്തകങ്ങളും കിട്ടിയിരുന്നു. ഒരോ കണക്കുപരീക്ഷയിലും വഴികണക്ക് തെറ്റി വലഞ്ഞ് സെന്റ്തെരേസാസില്‍ എത്തുന്ന എന്റെ സങ്കടക്കടല്‍ ഏറ്റുവാങ്ങിയതും അവരാണ്.അവരില്‍ ചിലരെ ഫെയ്സ്ബുക്കില്‍ നിന്ന് ഞാന്‍ കണ്ടെടുത്തിരിക്കുന്നു. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി സുഖമായിരിക്കുന്നു.
ഒരുനാള്‍ സ്കൂളില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ 'ടര്‍ട്ടില്‍സ്' എന്നെഴുതിയ എന്റെ ബാഗിന്റെ പിന്നിലെ വള്ളി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയുടെ വശത്തെ കൊക്കില്‍ കുടുങ്ങിയതും, നിലതെറ്റി  റോഡിലേക്ക് വീണതും, ഒട്ടോ എന്നെ തട്ടിയിട്ടതും  ഓര്‍മ വരുന്നു. തല പൊട്ടിയ എന്നേയും കൊണ്ട് ആശുപത്രിയിലേക്ക് ഓട്ടോ കുതിക്കുമ്പോള്‍  അവളുടെ കണ്ണുകളില്‍ നീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. എനിക്ക് അതില്‍ ആഹ്ളാദം തോന്നി.
ആശുപത്രിയിലെ തണുത്ത ഇടനാഴിയില്‍ എന്റെ കൈത്തണ്ടയിലേക്ക് അമ്മ കരുതലോടെ വെച്ച നവജാതശിശുവിന്റെ നെറ്റിയില്‍ നിറയെ കുരുന്ന് രോമങ്ങളുണ്ടായിരുന്നു. തിരിതുണി പോലെ കുഴഞ്ഞ കൈത്തണ്ടയിലെ വിരലുകളിലെ കുഞ്ഞുനഖങ്ങള്‍  എന്നെ ആഹ്ളാദിപ്പിച്ചു. ഒരോ വര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. മനസിന്റെ അടിത്തട്ടിലുള്ള ഏതോ ചില ഓര്‍മകള്‍ കൂടി മാഞ്ഞു പോകുന്നതിന്റെ അവ്യക്തമായ ആശങ്കയാണത്. ചേച്ചിപൂച്ചകളെ കുറിച്ചുള്ള ഓര്‍മചിത്രങ്ങള്‍ക്കും ബാധകമാണ് ഈ പ്രകൃതിനിയമം.

1 comment:

Saranya said...

nice post !
Saranya
http://wittysoul.blogspot.com/
http://foodandtaste.blogspot.com/