Monday, June 18, 2012

നിറയുന്ന മധുചഷകങ്ങള്‍....

മദ്യപാനികളെ ക്ളാസ്-1, 2,3 എന്നിങ്ങനെ തരംതിരിക്കുകയാണ് രഞ്ജിതിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റ്'. അഞ്ച് ലോക ഭാഷകള്‍ സംസാരിക്കുകയും ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയും ലോകക്ളാസിക്കുകള്‍ എല്ലാം മനഃപാഠമാക്കുകയും ചെയ്ത രഘുനന്ദനന് കുടി ഒരലങ്കാരമാണ്. കുടിയന്റെ ആര്‍ഭാടങ്ങളും ആലഭാരങ്ങളും അയാള്‍ക്ക് ഇണങ്ങും. കവിയായ സമീറിന്റെ മദ്യപാനം സര്‍ഗാത്മകതയുടെ ഉണര്‍വിന് വേണ്ടിയാണ്. സ്വയം എരിഞ്ഞടങ്ങി കവിതയുടെ പൂക്കള്‍ വിടര്‍ത്തുന്നവന്റെ മദ്യപാനവും സിനിമയില്‍ പലയിടത്തും ന്യായീകരിക്കപ്പെടുന്നുണ്ട്. പ്ളംബര്‍ മണിയന്‍ ജീവിതത്തിലെ പുറമ്പോക്കുകാരനാണ്. ബീവറേജസ് ക്യൂവില്‍ മഴയും വെയിലും കൊണ്ട് കുത്തിനിന്ന് കുപ്പികള്‍ വാങ്ങുകയും ടോയിലറ്റിലെ വെള്ളം മിക്സ് ചെയ്ത് അടിക്കുകയും ഭാര്യയെയും മക്കളെയും കണക്കിന് പൂശുകയും ചെയ്യുന്ന മണിയന്റെ മദ്യപാനം ആഗോളപ്രശ്നമാണ്.
ബുദ്ധിജീവിയായ രഘുനന്ദനന് 25 കൊല്ലത്തെ മദ്യപാനം ഒറ്റ ഗാനരംഗം കൊണ്ട് തുടച്ചെറിയാന്‍ കഴിഞ്ഞപ്പോള്‍ പ്ളംബര്‍ മണിയന് റീഹാബിലേഷന്‍ സെന്ററില്‍ അഭയം തേടേണ്ടി വരുന്നു. മദ്യപാനത്തിന് എതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ഗ്ളോറിഫൈഡ് മധുപാന രംഗങ്ങളാണ് ഹൈലൈറ്റ്. 'വീഞ്ഞ് കുപ്പിയിലാക്കിയ കവിതയാണെന്നും' മറ്റുമുള്ള ബുദ്ധിജീവി വചനങ്ങള്‍ മേമ്പോടിയാവും. ലോകോത്തര മദ്യങ്ങളുടെ ബോട്ടിലുകളെല്ലാം ഷോകേസില്‍ നിരത്തി വെച്ച്, ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി, മഞ്ഞ ടൈപ്പ്റൈറ്ററിന് മുന്നിലിരുന്ന്, തന്റെ മരണത്തോടെ മാത്രം പൂര്‍ത്തിയാവുന്ന 'സ്പിരിറ്റ്' എന്ന നോവല്‍ ടൈപ്പ് ചെയ്യുകയാണ് രഘുനന്ദന്‍. ഒ വി വിജയനും മാര്‍കേസും ബോബ് മാര്‍ളിയും ആരാധനാപാത്രങ്ങള്‍. ഈഗോയുടെ മൂര്‍ത്തിയാണ് അദ്ദേഹം. രാവിലെ കട്ടന്‍ചായ ഒഴിച്ച് രണ്ടെണ്ണം പിടിച്ചില്ലെങ്കില്‍ കൈ വിറയ്ക്കുന്ന ക്രോണിക് മദ്യപാനി. ചാനലില്‍ സെലിബ്രിറ്റി ചാറ്റ്ഷോ അവതരിപ്പിച്ച് പ്രേക്ഷകരെ ആനന്ദതുന്ദിലാരാക്കുന്നതിലും രഘുനന്ദന്‍ മുന്നിലാണ്. 'കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നും മറ്റുള്ളവരുടെ പുറത്ത് കയറി നിരങ്ങരുതെന്നു'മാണ് രഞ്ജിത്തിന് പറയാനുള്ളത്. 'ദിവസം രണ്ടെണ്ണം നീറ്റായി അടിച്ച് വീട്ടില്‍ പോകുന്നത് ആരോഗ്യത്തിനും ബുദ്ധിയ്ക്കും സര്‍ഗാത്മകതയ്ക്കും അത്യുത്തമമാണെന്ന്' വ്യംഗ്യം.
നായകന്‍മാര്‍ മറ്റുള്ളവരെ നന്നാക്കുന്ന പരിപാടി 'പ്രാഞ്ചിയേട്ടന്‍' മുതലാണ് രഞ്ജിത്ത് തുടങ്ങിയത്. പ്രാഞ്ചിയിലെ ബിജുമേനോന്‍ അവതരിപ്പിച്ച മയക്കുമരുന്ന് അഡിക്റ്റിന് പകരം നന്ദുവാണ് ലോക്കല്‍ കുടിയന്‍ പ്ളംബര്‍ മണിയനാവുന്നത്. മണിയന്റെ കണ്ണുകള്‍ രഘുനന്ദനന്‍ തുറപ്പിക്കുന്നതോടെ ചിത്രത്തിന് തിരശീല വീഴുന്നു.
മോഹന്‍ലാലാണ് സ്പിരിറ്റില്‍ സ്പിരിറ്റ് നിറയ്ക്കുന്നത്. തനിക്ക് എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന കഥാപാത്രത്തിനെ മള്‍ട്ടി ഡൈമന്‍ഷണല്‍ ആക്കിയത് ലാലിന്റെ മിടുക്കാണ്. കൈയും മനസും വിറയ്ക്കുന്ന അസല്‍ മദ്യപാനിയായി ലാല്‍ എല്ലാ ഫ്രെയിമിലും നിറഞ്ഞു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നന്ദുവിന്റേതാണ്. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി മുഴുവന്‍ നന്ദുവിന്റെ ചുമലിലാണ്. 90 ശതമാനം സീനുകളും ഇന്‍ഡോര്‍ ആയതിനാല്‍ മടുപ്പിക്കാത്തതിന്റെ ക്രെഡിറ്റില്‍ പാരി ക്യാമറാമാന്‍ വേണുവിന്. റഫീക്ക് അഹമ്മദിന്റെ വരികളും ഷഹബാസിന്റെ സംഗീതവും ഹൃദ്യം. തിരക്കഥയുടെ കാര്യത്തില്‍ രഞ്ജിത്ത് പിന്നിലേക്ക് പോയിരിക്കുന്നു. മധുവും ശങ്കര്‍രാമകൃഷ്ണനും ലെനയും കനിഹയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. നാലുകാലില്‍ ഇഴയുന്ന ഒരു സമൂഹത്തിന് ലഹരിയില്‍ മുങ്ങിയ പാരിതോഷികമാണ് സ്പിരിറ്റ്.

No comments: