
കണ്ടിരിക്കാന്‍ സുഖമുള്ള സിനിമയാണ് ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്ലേസ്'. ചെറുകഥയുടെ ഒതുക്കമുള്ള മൂലകഥ, നല്ല തിരക്കഥ, നിലവാരമുള്ള സംഗീതം, അഭിനേതാക്കളുടെ മോശമല്ലാത്ത പ്രകടനം...തുടങ്ങി വാണിജ്യസിനിമയ്ക്ക് അനിവാര്യമായ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കി കൊണ്ടാണ് ലാല്‍ജോസ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഒപ്പം ജോയ് ആലുക്കാസിന്റെയും മാക്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെയും പരസ്യങ്ങള്‍ സിനിമയ്ക്കുള്ളിലേക്ക് ഫലപ്രദമായി സംയോജിപ്പിച്ച് കുറച്ച് 'തുട്ട്' ലാഭിക്കുകയും ചെയ്തു.
ദുബായില്‍ ഓങ്കോളജിസ്റ്റായ ഡോ. അരുണിന്റെ (ഹഫദ്ഫാസില്‍) അച്ചടക്കമില്ലാത്ത സാമ്പത്തികജീവിതം അനിവാര്യമായും അയാളെ കൊണ്ടെത്തിച്ച സാമ്പത്തികപ്രതിസന്ധികളാണ് 'ഡയമണ്ട് നെക്ലേസ്'. 'പ്ളാസ്റ്റിക് മണി'യുടെ ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മതിമറക്കുന്ന അരുണിനെയും കൂട്ടരെയും നേരിട്ട് അവതരിപ്പിക്കുന്ന ഗാനത്തിലൂടെ സിനിമ തുടങ്ങിയത് നന്നായി. ക്രെഡിറ്റ് കാര്‍ഡുകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നത് പെട്ടെന്നായിരുന്നു. ബുര്‍ജ് ഖലീഫയിലെ ഫ്ളാറ്റില്‍ നിന്നും ലേബര്‍ക്യാമ്പിലേക്കുള്ള പതനം അയാള്‍ അര്‍ഹിച്ചതായിരുന്നു. ഹോസ്പിറ്റലിലെ നേഴ്സായ ലക്ഷ്മിയുമായി (ഗൌതമിനായര്‍) മാനസികമായും ശാരീരികമായും അയാള്‍ അടുത്തിരുന്നു. എന്നാല്‍ നാട്ടിലെത്തി അമ്മയുടെയും സാഹചര്യങ്ങളുടെയും നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ മറ്റൊരു വിവാഹം കഴിക്കുന്നു. മായയുമായി (സംവൃത) അയാള്‍ അടുക്കുന്നത് ഡോക്ടറും രോഗിയുമെന്ന നിലയിലാണെങ്കിലും ആ ബന്ധം മറ്റ് ചില തലങ്ങളിലേക്ക് അവരറിയാതെ വളരുന്നു. ബാങ്കുകള്‍ അരുണിന്റെ മേലുള്ള പിടി മുറുക്കുയാണ്. ഈ പ്രതിസന്ധിയിലാണ് 'ഡയമണ്ട് നെക്ലേസ്' ചിത്രത്തിലേക്ക് കടന്നുവരുന്നത്.
ബംഗാളി ഷോര്‍ട്ട്ഫിലിമാണ് ചിത്രത്തിന് പ്രചോദനം. 'സ്പാനിഷ് മസാല'യ്ക്ക് ശേഷം തകര്‍ന്നടിഞ്ഞ ലാല്‍ജോസിന്റെ മടങ്ങിവരവാണ് ഈ ചിത്രം. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയ്ക്ക് ഇന്റര്‍വെല്‍ വരെയെങ്കിലും ഒഴുക്കുണ്ട്. തിരക്കഥയിലെ 'ഫ്രെഷ്നസ്' എടുത്തു പറയേണ്ട ഘടകമാണ്. 'ന്യൂജനറേഷന്‍ സിനിമ' എടുക്കണമെന്ന് കരുതിക്കൂട്ടിയാണ് 'ഡയമണ്ട് നെക്ലേസ്' ഒരുക്കിയിരിക്കുന്നത്. ന്യായീകരിക്കാവുന്നതും അല്ലാത്തതുമായ ശാരീരിക വിട്ടുവീഴ്ച്ചകളും പുരുഷ വീക്ഷണത്തിന്റെ (മെയില്‍ ഗെയ്സ്) അതിപ്രസരമുള്ള സന്ദര്‍ഭങ്ങളും ഡയമണ്ട് നെക്ലേസിന്റെ മാറ്റുകുറയ്ക്കുന്നതും അതുകൊണ്ടാണ്. മായ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി വികസിപ്പിക്കാന്‍ തിരക്കഥാകൃത്തിനായിട്ടില്ല. അതോടൊപ്പം ലക്ഷ്മിയുടെ അമ്മയുടെ ഹോസ്പിറ്റല്‍ കെട്ടാനുള്ള നെട്ടോട്ടം അവിശ്വസനീയം. മനുഷ്യത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ ശ്രീനിവാസന്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്ന ചിലരുടെ മുന്‍ധാരണ ഊട്ടി ഉറപ്പിക്കുന്നു സിനിമയിലെ 'വേണുവേട്ടന്‍'. പൊങ്ങച്ചക്കാരികളായ കൊച്ചമ്മമാരും നാട്ടിന്‍പുറത്തെ നന്‍മയും ഒരിക്കല്‍ കൂടി അഭ്രപാളിയിലെത്തിക്കാന്‍ ലാല്‍ജോസ് മറന്നില്ല.
'മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി' ഹഫദ്ഫാസില്‍ ചില 'ജെസ്റ്റുകള്‍' കൊണ്ടാണ് ഡോ. അരുണിനെ ഹൃദ്യമാക്കിയത്. പുതിയ കാലഘട്ടത്തില്‍ ഭാവങ്ങള്‍ വാരിവിതറി നാട്ടുകാരെ വെറുപ്പിച്ചിട്ട്കാര്യമില്ലെന്ന ബോധോദയമാണ് ഹഫദിനെ മുന്നോട്ടുനയിക്കുന്നത്. ഗൌതമിയുടെ വലിയ കണ്ണുകളും അവര്‍ക്ക് നല്‍കിയിരിക്കുന്ന ശബ്ദവും മനോഹരമാണ്. കലാമണ്ഡലം രാജ്ശ്രീയായി അനുശ്രീയുടെ പ്രകടനം പുതുമുഖ നടിയെ സംബന്ധിച്ച് സ്വപ്നതുല്യമായ അരങ്ങേറ്റമാണ്. ഇടയ്ക്കിടക്ക് മാല പിടിച്ച് നേരേയിടുന്ന നവവധുവിന്റെ ചേഷ്ടയും സംഭാഷണങ്ങളും ഓര്‍മ്മയില്‍ നില്‍ക്കുന്നു. "ആരോ മാന്ത്രികവടിയാല്‍ സൃഷ്ടിച്ച മായാനഗരം''-എന്ന് അരുണ്‍ വിശേഷിപ്പിച്ച ദുബായുടെ സൌന്ദര്യം മുഴുവന്‍ സമീര്‍താഹിറിന്റെ ദൃശ്യങ്ങളിലുണ്ട്. അതത് കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സിനിമയെടുക്കാനുള്ള ലാല്‍ജോസിന്റെ വിജയമായേ ഡയമണ്ട് നെക്ലേസിനെ കണക്കാക്കേണ്ടതുള്ളു. പുതുതലമുറയുടെ തരംഗത്തിനൊത്ത് ലാല്‍ മാറിയോ എന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ച്ചയാണ്.
No comments:
Post a Comment