Saturday, June 23, 2012

'നരക' പാര്‍ടി
അമല്‍നീരദ് ഈ കൊച്ചുകേരളത്തില്‍ ജനിക്കേണ്ട ആളായിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കേണ്ട കാലഘട്ടവും ഇതാകേണ്ടിയിരുന്നില്ലെന്ന് പുതിയ സിനിമ 'ബാച്ച്ലര്‍ പാര്‍ടി' വ്യക്തമാക്കുന്നു. ചിലിയിലോ മെക്സികോയിലോ ഹോങ്കോങ്ങിലോ ചൈനയിലോ കുറഞ്ഞപക്ഷം ഹോളിവുഡിലോ ജനിച്ചിരുന്നെങ്കില്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം 'ബാച്ച്ലര്‍ പാര്‍ടി' നേടിയേനെ. ചിത്രം കാണുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രേക്ഷകര്‍ വിളിക്കുന്ന തെറിവിളികള്‍ കൂട്ടികിഴിച്ചാലും അടുത്തകാലത്തിറങ്ങിയ കലാപസൃഷ്ടികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'ബാച്ച്ലര്‍ പാര്‍ടി' തന്നെ. 'ബിഗ്ബി', 'സാഗര്‍ ഏലിയാസ് ജാക്കി', 'അന്‍വര്‍' തുടങ്ങി മലയാളസിനിമാചരിത്രത്തില്‍ കള്‍ട്ട് ക്ളാസിക് പദവി നേടിയെടുത്ത ചിത്രങ്ങള്‍ക്ക് ശേഷമാണ് അമല്‍ ബാച്ചിലര്‍മാരുടെ പാര്‍ടിയുമായി എത്തിയത്. 'ലൈഫ് ഈസ്‌ എ ബോറിംഗ് ഹൈവേ, ജസ്റ്റ്‌ ഓഫ്‌ റോഡ്‌ ഇറ്റ്‌ ' എന്ന പരസ്യവാചകവുമായി ഇറങ്ങിയ സിനിമ കണ്ടിരിക്കേണ്ട സൌഭാഗ്യമുണ്ടായ പ്രേക്ഷകര്‍ ഹൈവേ പോയിട്ട് ഒരു വെട്ടുവഴിയിയെങ്കിലും മുന്നില്‍ കണ്ടിരുന്നെങ്കില്‍ ഇറങ്ങി ഓടിയേനെ. ഒരു പക്ഷേ 30 കൊല്ലങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലെ അമൂല്യ സൃഷ്ടികളില്‍ ഒന്നായി ബാച്ച്ലര്‍ പാര്‍ടി വിലയിരുത്തപ്പെട്ടേക്കാം.
'വാളെടുത്തവന്‍ വാളാല്‍' എന്ന ബൈബിള്‍ വാചകമാണ് ചിത്രത്തിന്റെ മൂലം. അധോലോകവുമായി പൊക്കിള്‍ കൊടി ബന്ധമുള്ള നായകന്‍മാര്‍, അരയിലും, ഷൂസിലും ബെല്‍റ്റിനടിയിലും തോക്കുകളും ഗ്രനേഡുകളും ഒളിപ്പിച്ച് നടക്കുന്ന സ്ഫോടകശേഷിയുള്ള നായകന്‍മാര്‍, 'വാലാട്ടി പക്ഷികളെ' പോലെ എല്ലാം കുലുക്കി നടക്കുന്ന ഐറ്റംഗേളുകള്‍, 'അണ്ടര്‍വേള്‍ഡിനെ അണ്ടര്‍വെയറിനടിയില്‍' കൊണ്ടുനടക്കുന്ന പ്രതിനായകന്‍മാര്‍, അമല്‍നീരദ് ചിത്രങ്ങളുടെ ട്രേഡ്മാര്‍ക്കായ സ്ലോമോഷനുകള്‍......എല്ലാം ഈ പാര്‍ടിയില്‍ മോരും മുതിരയും പോലെ ഒത്തുചേര്‍ന്നിരിക്കുന്നു. 'ദി എക്സൈല്‍' എന്ന ഹോങ്കോങ്ങ് ചിത്രത്തിന്റെ കോപ്പിക്യാറ്റാണ് അമലിന്റെ പാര്‍ടിയെന്ന് ചില ദോഷൈകദൃക്കുകള്‍ പ്രചരിപ്പിക്കുന്നത് ഞാന്‍ വിശ്വസിച്ചിട്ടില്ല. കലാഭവന്‍മണി (അയ്യപ്പന്‍), ഇന്ദ്രജിത്ത് (ഗീവര്‍ഗീസ്), ആസിഫലി (ടോണി), ഫക്കീര്‍ (വിനായകന്‍), റഹ്മാന്‍ (ബെന്നി) എന്നീ ക്വട്ടേഷന്‍ സംഘങ്ങള്‍ മാറി മാറി പിടിക്കുന്ന ക്വട്ടേഷനുകളും അതിനിടയിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്ളൈമാക്സില്‍ മൂന്നാംലോക മഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന വെടിവെപ്പില്‍ എല്ലാ നായകന്‍മാരും കൊല്ലപ്പെടുന്നു. നരകത്തിലെത്തുന്ന നായകന്‍മാരും വില്ലന്‍മാരും നേരത്തെ അവിടെ സീറ്റ് ബുക്ക് ചെയ്ത നടി പത്മപ്രിയയുമായി 'കപ്പാ കപ്പാ കപ്പപുഴുക്ക്...' എന്ന പാട്ടും പാടി നൃത്തമാടുന്നതോടെ ചിത്രം കലാശിക്കുന്നു. വെള്ളിത്തിരയ്ക്ക് തീപിടിക്കുന്നു. നാട്ടുകാര്‍ ഇറങ്ങിയോടുന്നു. കൊട്ടക മുഴുവന്‍ കത്തി നശിക്കുന്നു....!!!!!!
ടുജി സ്പെക്ട്രം അഴിമതിയില്‍ നിന്നുള്ള കോടികണക്കിന് രൂപയുമായി കേരളം വഴി കടന്നുപോയ ട്രക്കിലെ അതികായനായ സെക്യൂരിറ്റിഗാര്‍ഡായി പൃഥ്വിരാജുമുണ്ട് ബാച്ച്ലര്‍ പാര്‍ടിയില്‍. സ്വന്തം കൈയ്യില്‍ നിന്ന് കാശു മുടക്കിയാണ് അമല്‍ ബാച്ച്ലര്‍ പിടിച്ചിരിക്കുന്നത്. അന്‍വറിന് പണമിറക്കിയ സഖറിയാസ് ബ്രദേഴ്സ് പിന്നീട് പതം പറഞ്ഞ് കേരളം മുഴുവന്‍ നടന്നത് ഓര്‍മിച്ചായിരിക്കണം അമല്‍ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞത്. ചിത്രത്തിന് തിരക്കഥയെഴുതിയ ആര്‍ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ഒരു 100 നല്ല കഥ എഴുതിയാലേ ഈ 'തിരക്കഥാപാപം' അവരുടെ തലയില്‍ നിന്നും മാറുകയുള്ളു. രമ്യാനമ്പീശന്റെ ന്യൂജനറേഷന്‍ യാത്ര എങ്ങോട്ടാണെന്ന് ഞാന്‍ വിസ്മയിക്കുന്നു. വ്യത്യസ്ത സ്റ്റൈലിലുള്ള മധുപാന-ധൂമപാന രംഗങ്ങള്‍ ഒരുപിടിയുണ്ട് ചിത്രത്തില്‍. കത്രികയുമായി നോക്കിയിരിക്കുക മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്ത സേവനമെന്ന് വേദനയോടെ തിരിച്ചറിയുന്നു. രാഹുല്‍രാജ്- റഫീഖ് അഹമ്മദ് ടീമിന്റെ ഗാനങ്ങളാണ് ഏക ആശ്വാസം. വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തി.  തുടര്‍ന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് സുഹൃത്ത് അമല്‍നീരദിനെ ഇടനെഞ്ചോടു ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു.

No comments: