Wednesday, October 1, 2014



( ''THE LIVES OF OTHERS'' 

NOVEL BY NEEL MUKHERJIEE ) 

 ഒന്നാം അധ്യായം  (സ്വതന്ത്ര പരിഭാഷ)

ടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളുടെ ഒരു വിവരണം നല്‍കണം എനിക്ക്.... കെട്ടുകഥകളും നുണകളും പാതിവെന്ത സത്യങ്ങളും നിഴല്‍ വീഴ്ത്തിയ വ്യത്യസ്തമായ സ്വരങ്ങള്‍ കേള്‍ക്കുമ്പോള്‍, നിനക്ക്, നിനക്ക് മാത്രം ഈ വിവരണത്തിലേക്ക് മടങ്ങിവരാം. സത്യം അറിയാം. ഇതു മാത്രമേ എനിക്ക് നിനക്ക്  നല്‍കാനുള്ളു. പക്ഷേ, വായിച്ച് കഴിഞ്ഞ ശേഷം ഈ കത്തുകളെല്ലാം കത്തിച്ചുകളയാന്‍ മറക്കരുത്. ഈ കത്തുകളുടെയോ പത്രികകളുടെയോ ഒരുതുണ്ട് പോലും  നിന്നില്‍  നിന്നോ  നിന്റെ വീട്ടില്‍ നിന്നോ  കണ്ടെടുക്കാന്‍ ഇടയാക്കരുത്. ഞാനിങ്ങനെ പറയാനുള്ള കാരണം  നിനക്ക് പിന്നീട് മനസിലാകും...
1912 വരെ കല്‍ക്കത്ത ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥനമായിരുന്നുവെന്ന കാര്യം അറിയാമോ?. കൊതുകുകള്‍ നുരച്ചിരുന്ന ചതുപ്പില്‍ നിന്നും ചെളിയില്‍ നിന്നും അവര്‍ കെട്ടിപ്പൊക്കിയതാണ് ഈ  നഗരം.
ഇന്ന്, ഒരുവശത്ത് കൊട്ടാരസദൃശ്യമായ കെട്ടിടങ്ങളും കടകളും കല്‍മണ്ഡപങ്ങളും മറുവശത്ത് വിശാലമായ മൈതാനവും സ്ഥിതിചെയ്യുന്ന ചൌരംഗിയിലൂടെ നടക്കുമ്പോള്‍,  മയോ റോഡില്‍ മസ്തകമുയര്‍ത്തി നില്‍ക്കുന്ന സ്മാരകം കാണുമ്പോള്‍ ഇതെല്ലാം തന്നെ ഒരു ചെറിയ ചീന്ത്, വലിച്ചു നീട്ടിയുണ്ടാക്കിയതാണെന്ന് പറയാന്‍ പറ്റുമോ?... ബ്രിട്ടീഷുകാര്‍ വ്യാഴവട്ടം മുമ്പ്  രാജ്യം വിട്ടുപോയിരിക്കാം. പക്ഷേ, അവരുടെ 'കൈപ്പണികള്‍'  എന്നന്നേക്കും നിലനില്‍ക്കും.

ചൌരംഗിയിലൂടെ അലഞ്ഞുതിരിയാനുള്ള അവസരം ഒരിക്കലും നിനക്ക് കിട്ടിയിട്ടുണ്ടാവില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അല്‍പ്പം വിസ്തരിച്ച് അവയെല്ലാം ഞാന്‍ വര്‍ണ്ണിക്കാം. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ പ്രതാപമൊന്ന് മാത്രം അതിശയം കൊണ്ട് നിന്റെ വാ പൊളിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. തെരുവിലേക്കിറങ്ങി,  കല്‍ത്തൂണുകളുടെ നീണ്ട നിരയുണ്ട് ഈ ഹോട്ടലിനു. ചിലയിടത്ത് ഇടറോഡുകള്‍ ഈ തൂണുകളുടെ നിര മുറിച്ചുപോകുന്നു. ഒരുവശത്ത് കല്ലുകള്‍ പാകിയ ഈ വഴിത്താര ചൌരംഗി റോഡിലേക്കും ബെന്റിങ്ക് സ്ട്രീറ്റിലേക്കും നീളുന്നു.  മറുവശത്ത്- ആഭരണങ്ങളും ഫാന്‍സി സാധനങ്ങളും  മദ്യവും തുണികളും ആഡംബരവസ്തുക്കളും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളും വാച്ചുകളും ഷാളുകളും ചവിട്ടികളും പരവതാനികളും വിളക്കുകളും കൊത്തുപണികളുള്ള മരപ്പെട്ടികളും പുരാവസ്തുക്കളും പൈസ കൊണ്ട് എന്തൊക്കെ വാങ്ങാമോ അതൊക്കെയും  വില്‍ക്കുന്ന കടകള്‍ നിരന്നു നില്‍ക്കുന്നു. വില്‍പ്പന വസ്തുക്കളുടെ ഒരിക്കലുംമുറിയാത്ത ജലധാരായന്ത്രം പോലെ തോന്നും..

നിന്റെ  കണ്ണഞ്ചിപ്പിക്കാനും നിന്നെ  അന്ധയാക്കാനും പോന്നവ........... ഓള്‍ഡ് കോര്‍ട്ട് ഹൌസ് സ്ട്രീറ്റിന്റെ സാമാജ്യത്വ ഗരിമയില്‍ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടല്‍ കുടികൊള്ളുന്നു. ഞാന്‍ നേരത്തെ  പറഞ്ഞ തൂണുകളുടെ ആ നീണ്ട നിരയുടെ മുകളിലാണ് ഹോട്ടലിന്റെ ഒന്നാം നില. പുറത്തെ സാധാരണക്കാരുടെ കുത്തിയൊഴുക്കില്‍ നിന്നും  അന്തസുള്ള അതിഥികളെയും താമസക്കാരെയും കുറച്ചടി ഉയര്‍ത്തിനിരത്താൻ  ആണിതെന്നു തോന്നും.
 

ഗ്രേറ്റ് ഈസ്റ്റേണിലെ റൂമുകളുടെ അകം ഞാന്‍ കണ്ടിട്ടില്ല. ഭക്ഷണശാലയോ സല്‍ക്കാരമുറിയോ മദ്യശാലയോ കണ്ടിട്ടില്ല. ബ്രിട്ടീഷ് കിരീടമുദ്രയോടൊപ്പം "ചക്രവര്‍ത്തി തിരുമനസ്സിന്റെ  സേവനാർ ര്‍ഥമെന്ന''- അടയാളങ്ങള്‍ ഇപ്പോഴും ചുവരില്‍ അവശേഷിക്കുന്ന കടകള്‍ കണ്ടിട്ടില്ല. മുറുക്കിക്കെട്ടിയ അരപ്പട്ടയും ഞൊറികളുള്ള ഉയര്‍ന്ന തലപ്പാവുകളും പിച്ചളകുടുക്കുകളും കഞ്ഞിപ്പശ മുക്കിയ യൂണിഫോമുകളും ഇട്ട്, മുഴുവന്‍ രാജചിഹ്ങ്ങളോടെയും കാണാവുന്ന ഭൃത്യന്‍മാര്‍ കുമ്പിട്ട് കൊണ്ടുവരുന്ന ചായ ഞാനോ നീയോ  കുടിക്കാൻ ഇടയില്ല.പക്ഷേ, നന്നായി  വേഷമിട്ടാല്‍, യൂണിഫോമിട്ട കാവല്‍ക്കാര്‍ക്കോ ജീവക്കാര്‍ക്കോ പന്തികേട് തോന്നാതിരുന്നാല്‍ അവിടെ മൊത്തമൊന്ന് ചുറ്റിത്തിരിയാം. ചരല്‍വിരിച്ച മുറ്റവും നീല നീന്തൽക്കുളവും കല്ലും മാര്‍ബിളും ചില്ലും പൂന്തോട്ടവും വൃത്തിയായി പരിപാലിച്ച പുല്‍തകിടിയും പൂക്കളും കാണാം.
പക്ഷേ, എന്നെ ബാധിക്കുന്ന വിഷയം ഇതൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ ചെറിയ സൂചന പോലും നിനക്ക്  ഞാന്‍ തന്നല്ലോ. ഇനി,നിനക്ക്  സ്വന്തമായി ഇതിനെക്കാൾ  നന്നായി  ഊഹിക്കാവുന്നതേയുള്ളു. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ ചുവരുകള്‍ക്കപ്പുറത്തുള്ള ലോകം. അതിന്റെ പടിവാതില്‍ക്കല്‍ തുടങ്ങുന്ന ഒരു ലോകം.....

ഒരു കഷ്ണം ചാക്കോ  ടാര്‍പ്പായയോ പ്ലാസ്ടിക്കോ  തുണിയോ പുതച്ച് ഭ്രൂണങ്ങളെ പോലെ ചുരുണ്ടുകൂടി കിടക്കുന്ന മനുഷ്യരുടെ  ഒരു നിര നിനക്ക് അവിടെ കാണാം. ചെരുപ്പുകള്‍ തലയിണയാക്കി ശയിക്കുന്നവര്‍; അല്ലെങ്കില്‍ നേരം  വെളുത്ത് നോക്കുമ്പോൾ  അവ കാണില്ല. ചെരുപ്പില്ലാത്തവര്‍ കോണ്‍ക്രീറ്റിട്ട നടപ്പാതയില്‍ തല വെച്ച് കിടക്കുന്നു. തുളകള്‍ നിറഞ്ഞ മേല്‍വസ്ത്രം. മുഷിഞ്ഞ ലുങ്കികള്‍. കിടന്നുറങ്ങുമ്പോള്‍ ഇവയൂരി അവര്‍ മേലാസകലം പുതയ്ക്കും. ഉറക്കത്തിനിടയിൽ അവ സ്ഥാനം മാറും. തങ്ങളുടെ നാണം പുറംലോകത്തിനു  പ്രദര്‍ശിപ്പിച്ച് അവര്‍ കിടന്നുറങ്ങും. വരള്‍ച്ചയില്‍ വിണ്ടുകീറിയ ഭൂമി പോലെ അവരുടെ കാല്‍പാദങ്ങള്‍. പുലരികളിലെ അതിശീതത്തില്‍ നിന്നും 
 രക്ഷ  നല്കാൻ  അവര്‍ക്ക് ഒന്നുമില്ല. അങ്ങേയറ്റത്തെ ക്ഷീണവും കണ്‍തടങ്ങളിലെ കറുപ്പും മരിച്ചവരെ പോലെ കിടന്നുറങ്ങുമ്പോഴും അവരുടെ മുഖങ്ങളില്‍ ഉറഞ്ഞുകൂടിയിരിക്കുന്നു. പത്തടി വ്യത്യാസമേയുള്ളു അവരും അതിസമ്പന്നതയുടെ ഒരു ലോകവും തമ്മില്‍. എന്നിട്ടും ആ ദൂരം അവരെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നനക്കാന്‍ അകത്ത് ഒരുദിവസം ചെലവിടുന്ന വെള്ളമുണ്ടെങ്കില്‍ ഈ കിടക്കുന്നവരില്‍ ഒരോരുത്തര്ക്കും   ഒരുമാസം സുഭിക്ഷമായി ശുദ്ധജലം കുടിക്കാം. മൈലുകള്‍ക്കപ്പുറത്തുള്ള പൊതുപൈപ്പിലേക്ക് നടക്കുന്ന  വഴി, ദാഹത്താല്‍ പൊരിഞ്ഞ് ഇവര്‍ നിലം പൊത്തിയാല്‍, വഴിയേ പോകുന്ന നായ  പോലും മൂത്രമൊഴിച്ച് ഇവരുടെ നാക്ക് നനക്കാന്‍ മിനക്കെടില്ലെന്ന കാര്യം തീര്‍ച്ചയാണ്. 
റോഡരികില്‍  മൂത്രമൊഴിക്കും. ചെടിപ്പടര്‍പ്പിന്റെ മറവിലോ റെയില്‍വേട്രാക്കിലോ തൂറും. ഒരു മുറി 'ച്ഛാത്തുവോ' ഒരുനേരം  അന്നമോ കിട്ടിയാലായി. ന്യൂ  മാര്‍ക്കറ്റില്‍ പോയാല്‍, ഭാഗ്യമുണ്ടെങ്കില്‍- ആരെങ്കിലും തൊലിയോടു കൂടി വലിച്ചെറിഞ്ഞ പഴക്കഷ്ണമോ ഷിങ്കാരയുടെ അരികോ കിട്ടും. പണക്കാര്‍ വലിച്ചെറിഞ്ഞ അവശിഷ്ടട്ടത്തിനായി  പിച്ചക്കാരുമായി തല്ലുകൂടും. പൈപ്പ് പൊട്ടിത്തെറിക്കുന്ന കറുത്ത നിറത്തിലുള്ള വെള്ളത്തില്‍ കുളിക്കും. ഞാന്‍ നിനക്ക്  വായിച്ച് തന്ന ആ കവിതയിലെ വരികള്‍ ഓര്‍മിക്കുന്നുണ്ടോ...
"കവിതേ, ഞാന്‍ നിന്നോട്  വിട പറയുന്നു
ഈ ലോകം മുഴുവന്‍ പട്ടിണിയിൽ  പൊരിയുന്നു
ഇളംചെമ്പ്  നീറമാര്‍ന്ന ചന്ദ്രനെ  നോക്ക് -
ഒരു റൊട്ടിക്കഷ്ണം പോലെ തോന്നുന്നുവല്ലോ''




No comments: