ഹൈദര്‍ - കശ്മീരിന്റെ വെളുപ്പും

അങ്ങനെ വിശാല്‍ഭരദ്വാജിന്റെ പുതിയ ചിത്രമായ 'ഹൈദര്‍' കണ്ടു. വിദേശ-ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ ചിത്രത്തെ കുറിച്ചുള്ള ഗംഭീര വിലയിരുത്തലുകള്‍ വായിച്ചിരുന്നു. കശ്മീരിലെ പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ ഷേക്ക്സ്പിയറിന്റെ 'ഹാംലറ്റ് ' അവതരിപ്പിച്ചിരിക്കുന്നു എന്നാണ് പൊതുവിലയിരുത്തല്‍.
'കാശ്മീര്‍. കാശ്മീര്‍' എന്ന് പറയുമ്പോള്‍ ദാല്‍ തടാകവും ഷിക്കാരകളും മഞ്ഞുമൂടിയ മലനിരകളും പൂക്കളും സുന്ദരികളും സുന്ദരന്‍മാരുമായ മനുഷ്യരും ഒക്കെകൂടി ഒരവിയല്‍ പരുവമാണല്ലോ ഇന്ത്യന്‍ ചലചിത്രങ്ങള്‍ കാലാകാലമായി പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. നല്ലചൂടന്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ട തണുപ്പുള്ള സ്ഥലം കൂടിയാണ് കാശ്മീര്‍. അതുമല്ലെങ്കില്‍ ഭരണകൂട ഭാഷ്യങ്ങള്‍ക്ക് അടിത്തറയേകാന്‍ വേണ്ട എന്‍കൌണ്ടറുകളും മാസ് എക്സിക്യൂഷുകളും ചിത്രീകരിച്ച് കൈയ്യടി വാങ്ങാവുന്ന പാട്രിയോട്ടിക്ക് ചലചിത്രങ്ങളുടെ ലാബാകും 'ഭൂമിയിലെ ഈ സ്വര്‍ഗം'. എന്നാല്‍ ഹൈദര്‍ ഒരു ചാപിള്ളയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൂട്ടവഞ്ചനയുടെ (mass betrayal ) കഥ. വ്യക്തിപരമായ വഞ്ചന.. സാമൂഹ്യ വഞ്ചന... രാഷ്ട്രീയ വഞ്ചന.... അങ്ങനെ നീളുന്ന വഞ്ചനകളുടെ മഞ്ഞ് പുതച്ച വഴികള്‍.. ഹിമവെണ്‍മയില്‍ ചിതറി വീഴുന്ന ചോരയ്ക്ക് തീക്ഷ്ണത കൂടും. ചാവേറുകള്‍ ജനിക്കുന്ന സാമൂഹ്യ-സാംസ്കാരിക ഗര്‍ഭപാത്രങ്ങളെ തേടിയുള്ള അന്വേഷണം കൂടിയാകുന്നു ഹൈദര്‍.
രാവിലെ മസ്ജിദുകളുടെ ഉച്ചഭാഷിണികളില്‍ നിന്നും അറിയിപ്പ്. ഐ ഡി കാര്‍ഡുകളുമായി സൈനികർക്കു മുന്നില്‍ ഹാജരാവുക. മഞ്ഞ് പുകയുന്ന ഒരു സുപ്രഭാതത്തില്‍ ഹൈദറുടെ പിതാവ് ഡോ. ഹിലാല്‍ മീറും (നരേന്ദ്ര ജാ) ഐഡി കാര്‍ഡുമായി ഇറങ്ങുന്നു. അയാള്‍ ഒറ്റയ്ക്കല്ല. നീളൻ രോമക്കുപ്പായങ്ങളണിഞ്ഞ് വെടിയുണ്ടകള്‍ നേരിടാൻ പരിചകള്‍ പോലെ ഐഡി കാര്‍ഡുകള്‍ നീട്ടിപ്പിടിച്ച് 100 കണക്കിന് കാശ്മീരികളുമുണ്ട്. e റൈഫിളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും ഇടയിലൂടെ ആ പ്രയാണം കാണുമ്പോള്‍ തന്നെ തിരിച്ചറിയാം- ''ഇത് കൊള്ളേണ്ട ഇടങ്ങളില്‍ കൃത്യമായി കൊള്ളും''. സൈനികവാഹങ്ങള്‍ക്കുള്ളില്‍ മുഖം മറച്ചിരിക്കുന്ന പട്ടാളമേധാവി മുന്നിലെത്തുന്നവരെ അളന്നുമുറിച്ചുനോക്കും പിന്നെ തങ്ങളുടെ പട്ടികയില്‍ ഉള്ള ആളാണെങ്കില്‍ നീട്ടി ഒരു ഹോണടിക്കും. അയാളുടെ ജാതകം പിന്നെ അവര്‍ തിരുത്തിക്കുറിക്കും. അതാണ് നീതി . അതാണ് നിയമം..
ഹൈദറിന്റെ അമ്മയുടെ പേര് ഗസാല. തബു അവതരിപ്പിച്ച ഈ കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നെന്ന് പറയാം. ഗസാല കാശ്മീരാണ്. അല്ലെങ്കില്‍ കാശ്മീര്‍ ഗസാലയാണ്. ഭര്‍ത്താവിന്റെ തിരോധാനത്തിനു ശേഷം അയാളുടെ സഹോദരന്‍ ഖുറാമിന്റെ (കെ കെ മേനോൻ) ഭാര്യയാകേണ്ടി വരുന്ന ഗസാല. ഗസാലയും ഹൈദറും തമ്മിലുള്ള ബന്ധത്തിലുള്ള ഈഡിപ്പല്‍ എലമെന്റുകള്‍ സംവിധായകന്‍ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദറിനെ അവതരിപ്പിക്കുന്ന ഷാഹിദ് കപൂറും ഗസാലയെ അവതരിപ്പിച്ച തബുവും അവരുടെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചിരിക്കുന്ന രീതി തന്നെ സംവിധായകന്റെ കണക്കുക്കൂട്ടലുകളെ വഞ്ചിച്ചിരിക്കുന്നു.
ഹൈദറിന്റെ അമ്മയുടെ പേര് ഗസാല. തബു അവതരിപ്പിച്ച ഈ കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നെന്ന് പറയാം. ഗസാല കാശ്മീരാണ്. അല്ലെങ്കില്‍ കാശ്മീര്‍ ഗസാലയാണ്. ഭര്‍ത്താവിന്റെ തിരോധാനത്തിനു ശേഷം അയാളുടെ സഹോദരന്‍ ഖുറാമിന്റെ (കെ കെ മേനോൻ) ഭാര്യയാകേണ്ടി വരുന്ന ഗസാല. ഗസാലയും ഹൈദറും തമ്മിലുള്ള ബന്ധത്തിലുള്ള ഈഡിപ്പല്‍ എലമെന്റുകള്‍ സംവിധായകന്‍ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദറിനെ അവതരിപ്പിക്കുന്ന ഷാഹിദ് കപൂറും ഗസാലയെ അവതരിപ്പിച്ച തബുവും അവരുടെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചിരിക്കുന്ന രീതി തന്നെ സംവിധായകന്റെ കണക്കുക്കൂട്ടലുകളെ വഞ്ചിച്ചിരിക്കുന്നു.
അച്ഛനെ വധിച്ച് അമ്മയെ സ്വന്തമാക്കിയ അമ്മാവാടുള്ള ഹാംലറ്റിന്റെ പ്രതികാരമാണ് ഡോ. ഹിലാല്‍ മീര്‍, ഗസാല, ഖുറാം, ഹൈദര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ പശ്ചാത്താലം കാശ്മീരാണെന്നതാണ് പ്രശ്നം . അപ്പോള്‍ കഥ വ്യക്തിപരമായ പ്രതികാരത്തിനും അപ്പുറത്തേക്ക് സഞ്ചരിക്കും. ഒരോ കഥാപാത്രങ്ങള്‍ക്കും പകരം വെക്കാന്‍ ചരിത്രം നമ്മുക്ക് മുന്നില്‍ മറ്റൊരാളെ നിര്ത്തി തരും . 'പ്രതികാരത്തിലൂടെ പ്രതികാരം മാത്രമാണ് ജനിക്കുന്നതെന്ന്'- ഈ സിനിമയിൽ ആവര്‍ത്തിക്കപ്പെടുന്ന ഒരു സംഭാഷണമാണ്. ക്ളൈമാക്സിലെ ഉഗ്രസ്ഫോടത്തിന്റെ മാറ്റൊലി കാഴ്ച്ചക്കാരെ വിടാതെ പിന്തുടരുന്നതിനുള്ള കാരണവും ഇത് തന്നെ.
ദേശീയഗാനം കേട്ടാല്‍ അറ്റന്‍ഷന്‍ അടിക്കാത്തവരെ പാഠം
പഠിപ്പിക്കണമെന്ന രാജ്യബോധം ഉള്ളവര്‍ ഹൈദര്‍ കാണാതിരിക്കുന്നതാണ് നല്ലത്.. അല്ലെങ്കില്‍ അവജ്ഞയോടെ പുച്ഛിച്ച് തള്ളുക. രാജ്യമെന്ന ഉത്തരക്കടലാസിന്റെ മാർജിനുകളിൽ ഒതുങ്ങിയ അക്കങ്ങളെ ആ രീതിയില്‍ കണ്ടാല്‍ മതിയാകും. കൂട്ടിയും കിഴിച്ചും കൃത്യം ഉത്തരം കിട്ടുമ്പോള്‍ മാര്‍ജിനുകളിൽ തിക്കിതിരക്കുന്ന അക്കങ്ങളെ അവഗണിക്കുക. അതിര്‍ത്തിരേഖകള്‍ ഇടിച്ചുതകര്‍ത്ത് അക്കങ്ങള്‍ ഉത്തരക്കടലാസിലേക്ക് പടരുന്നത് വരെ നമ്മുക്ക് സമയമുണ്ട്.
No comments:
Post a Comment