കോഫിബൈറ്റും കാരാമില്‍ക്കും കിറ്റ്‌കാറ്റും...
വായിലിട്ടാല്‍ അലിഞ്ഞില്ലാതാവുന്ന മിഠായികള്‍ മാത്രമേ ഉണ്ണിക്കുട്ടന്‍ അതുവരെ കഴിച്ചിരുന്നുള്ളു. കോഫിബൈറ്റും ട്രിഫാനിയും കാരാമില്‍ക്കും ഒക്കെ അക്കൂട്ടത്തില്‍പ്പെടുന്നു.ലാക്റ്റോകിങ്ങ് മാത്രമാണ് അവനൊട് അല്‍പ്പം കടുപ്പം കാട്ടിയിരുന്നത്. കുറെ നേരം വായിലിട്ട് തുഴഞ്ഞാലും ലാക്റ്റോ അലിയില്ല. മഞ റാപ്പറില്‍ 'ലാക്റ്റോകിങ്ങ്' എന്ന കറുത്ത ഇംഗ്ളീഷ്അക്ഷരങ്ങള്‍. അലിഞ്ഞില്ലെങ്കില്‍ പിന്നെ 'കടുംപിടും' എന്ന് കടിച്ചുപൊട്ടിക്കേണ്ടി വരും ലാക്റ്റോകിങ്ങിനെ. 'പൂമ്പാറ്റ'യുടെ പുറംചട്ടയിലും മറ്റും ലാക്റ്റോയുടെ വര്‍ണ്ണചിത്ര പരസ്യങ്ങള്‍ അവന്‍ കണ്ടിരുന്നു. മല പോലെ കിടക്കുന്ന ലാക്റ്റോകിങ്ങ് കൂമ്പാരം കണ്ട് അന്തംവിട്ട് കണ്ണുതള്ളുന്ന കൊച്ചുസിംഹമായിരുന്നു ആ പരസ്യങ്ങളിലെ നായകന്‍..
തന്റെ ബെര്‍ത് ഡേയ്ക്ക് മൂന്നാം ക്ളാസില്‍ വിതരണം ചെയ്യാന്‍ ലാക്റ്റോകിങ്ങ് തന്നെ വേണമെന്ന് അച്ഛനോടവൻ വാശി പിടിച്ചതും ഇതൊക്കെ കൊണ്ടാണ്. ചെളിയില്‍ ചവിട്ടിയ പോലെ ഒറ്റയടിക്ക് 'പ്ളീ' എന്നാകുന്ന മിഠായികളേക്കാള്‍ കടുപ്പക്കാരായ ലാക്റ്റോ തന്നെയാണ് തന്റെ ബെര്‍ത്ത്ഡേയേക്ക് കൊടുക്കേണ്ടത്. ടീച്ചര്‍മാര്‍ക്ക് കൊടുക്കാന്‍ 'കിസ്മീ' ബാര്‍ തന്നെ വാങ്ങണമെന്നും അവനു നിര്‍ബന്ധമുണ്ടായിരുന്നു. 'കിസ്മി എല്ലാച്ചി', 'കിസ്മി കോഫി' എന്നിങ്ങനെ രണ്ട് രുചികളില്‍ 'കിസ്മീ ബാര്‍' കുട്ടികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചുവപ്പും പച്ചയും
നീറങ്ങളിലുള്ള ഈ മിഠായികള്‍ക്ക് വിലയും കൂടുതലായിരുന്നു. ലാക്റ്റോയ്ക്കും കോഫിബൈറ്റിനും ഒക്കെ 50 പൈസയുള്ളപ്പോള്‍ കിസ്മീയ്ക്ക് രണ്ട് രൂപയാണ് വില. അതില്‍ തന്നെ കിസ്മീ എലാച്ചിയ്ക്ക് തനി ഏലക്കായുടെ മണവും രുചിയും.

അതാ.. അഫ്സ ചുറ്റുംപാടും നോക്കുന്നു. അവള്‍ പിന്നോട്ടു നോക്കിയപ്പോള്‍, ഉണ്ണിക്കുട്ടന്‍ നോട്ടുബുക്കിലേക്ക് കൂടുതല്‍ തല കുമ്പിട്ടിരുന്നു. പെന്‍സിലിന്റെ അറ്റത്തെ റബ്ബര്‍കട്ടയില്‍ കടിച്ച് ചിന്തയില്‍ മുഴുകുന്നതായി അഭിനയിച്ചു . അതാ.. ബാഗിന്റെ കൊച്ചറയില്‍ നിന്നും അവള്‍ ഒരു കൊച്ചു ചുവന്നപായ്ക്കറ്റ് എടുക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുകളിലെ ചുവന്നറേപ്പര്‍ ഊരിയെടുക്കുന്നു. അടിയില്‍ വെള്ളി നീറമുള്ള ഒരു പൊതി കൂടിയുണ്ട്. അഫ്സ ശ്രദ്ധാപൂര്‍വ്വം അത് ചീന്തിയെടുക്കുമ്പോള്‍, രജനി ചുവന്നറേപ്പര്‍ തിരിച്ചും മറിച്ചും നോക്കുന്നു. അതാ........നാല് ചോക്ളേറ്റ് ബാറുകള്‍...!.
അഫ്സ ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ നോട്ടുബുക്കില്‍ തല താഴ്ത്താനുള്ള സാവകാശം ഉണ്ണിക്കുട്ടനു കിട്ടിയില്ല. അവന്‍ എതിരെയുള്ള ചുവരിലോട്ട് നോക്കിയിരുന്നു. "ഒരു ബാര്‍ നിനക്ക്... ഒരെണ്ണം എനിക്ക് ....ബാക്കി ജാസിമ്മിനാ...... അവനാ പൊക്കത്തില്‍ നിന്നും എടുത്ത് തന്നതേ.. കൊടുത്തില്ലേല്‍ ഓന്‍ ഉമ്മച്ചിയോട് പറഞ്ഞുകൊടുക്കും''- അഫ്സയുടെ വിശദീകരണം രജനി തലയാട്ടി അംഗീകരിച്ചു. അഫ്സ ശ്രദ്ധാപൂര്‍വ്വം ഒരു കട്ട പൊട്ടിച്ച് രജനിക്ക് കൊടുത്തു. ഇരുവരും മിഠായി ചുണ്ടോടടുപ്പിച്ചപ്പോള്‍ ഉണ്ണിക്കുട്ടനു കൊതി സഹിക്കാനായില്ല... അവന്റെ വായില്‍ വെള്ളമൂറി. അവന്‍ ചാടിയെഴുന്നേറ്റ് ക്ളാസ് മുറിയ്ക്ക് പുറത്തിറങ്ങി.
'കിറ്റ്കേറ്റ്... കിറ്റ്കേറ്റ്'- മൂത്രമൊഴിക്കുന്നതിിടെ അവന്‍ മന്ത്രിച്ചു. വീട്ടിലെത്തി, അച്ഛനോട് ഈ പേര് തെറ്റാതെ പറയാന്‍ വേണ്ടി ഉണ്ണിക്കുട്ടന്റെ ഉള്ളം തുടിച്ചു. അപ്പോള്‍ പെട്ടെന്ന് എവിടെ നിന്നോ ഒരു മണിയടി ശബ്ദം പൊട്ടിവീണു. അവന്റെ ശ്രദ്ധപാളി. ട്രൌസറില്‍ മൂത്രം വീണു. അവന്‍ 'ഇച്ചിച്ചീ'- യെന്ന് പറഞ്ഞ് സങ്കടപ്പെട്ടു. അപ്പോള്‍ അടുത്ത പിരീഡായല്ലോയെന്നും നാലാമത്തെ വഴികണക്ക് ചെയ്തില്ലല്ലോയെന്നും റംല ടീച്ചര്‍ ഇപ്പോ വരുമല്ലോയെന്നും അവന്‍ ഓര്‍മ്മിച്ചു.
റംല ടീച്ചര്‍ ഹോംവര്‍ക്കായ വഴികണക്കുകള്‍ ഒരോന്നും ബോര്‍ഡില്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. ആദ്യത്തെ കണക്ക് പതിവുപോലെ രജനി ചെയ്തു. രണ്ടാമത്തെ കണക്ക് ചെയ്യാത്ത അശ്വിന്റെ കൈത്തലത്തില്‍ രണ്ട് തവണ ചൂരല്‍ വീണു. വിതുമ്പലോടെ അവന്‍ തന്റെ അടുത്ത് വന്നിരുന്നത് ഉണ്ണിക്കുട്ടന്‍ അറിഞ്ഞു. മൂന്നാമത്തെ കണക്ക് നിത്യ ചെയ്തു.നാലാമത്തെ കണക്ക് ചെയ്യാനായി 'ഉണ്ണിക്കുട്ടന്‍'- എന്ന് റംല ടീച്ചര്‍ വിളിച്ചു. ബോര്‍ഡില്‍ ചോക്കും കുത്തി നീന്നതല്ലാതെ, ഒരക്കം പോലും എഴുതാന്‍ ഉണ്ണിക്കുട്ടനു കഴിഞ്ഞില്ല....
ടീച്ചര്‍ പതിവ് രണ്ടിന് പകരം മൂന്ന് തല്ല് ഉണ്ണിക്കുട്ടനു കൊടുത്തു. ആദ്യത്തെ തല്ല് നന്നായി വേദിച്ചു. രണ്ടാമത്തെ തല്ലിന് മുമ്പ് കൈ പിന്നിലോട്ടു വലിച്ചതിനാണ് ഒരു തല്ല് എക്സ്ട്രാ കിട്ടിയത്. ബെഞ്ചില്‍ പോയി ഇരുന്നപ്പോള്‍, അവൻ കണ്ണീർ തുടച്ചില്ല.. മനസ്സ് അപ്പോഴും കിറ്റ്‌കാറ്റ് .....കിറ്റ്‌കാറ്റ്... എന്ന് മന്ത്രിച്ചു...
No comments:
Post a Comment