എത്രവട്ടം പറഞ്ഞാലും ഗൌതം മേനോന് മതിയാവാത്ത കഥയാണ് 'യെന്നെ അറിന്താല്‍' എന്ന ചിത്രത്തിന്റെയും പ്രമേയം. "നല്ലവനും കെട്ടവനും തമ്മിലുള്ള അന്ത്യമില്ലാത്ത യുദ്ധവും ആ -യുദ്ധത്തില്‍ ആര് ജയിക്കുന്നുവെന്നതുമാണ് ഉലകത്തിന്റെ സമ്മറിയെന്നും''- ക്ളൈമാക്സില്‍ നായകന്റെ അന്തര്‍ഗതം. സത്യദേവ് ഐപിഎസ് (അജിത്) എന്ന പൊലീസ് ഉദ്യോഗസ്ഥനും 'ചുവന്നതാടി'ക്കാരും തമ്മിലുള്ള അവസാനിക്കാത്ത സമരം, ഹെമാനിക (തൃഷ കൃഷ്ണന്‍) എന്ന നര്ത്തകി യുമായി അയാളുടെ അനുരാഗം, ഹെമാനികയുടെ കൊലപാതകത്തിനു ശേഷം അവളുടെ മകള്‍ ഇഷയുമൊത്തുള്ള അയാളുടെ ജീവിതം, വീണ്ടും ഔദ്യോഗിക ജീവിതത്തിലേക്ക് അയാളെ തിരിച്ചെത്തിക്കുന്ന തേന്‍മൊഴി (അനുഷ്ക), വിക്ടര്‍ (അരുണ്‍വിജയ്) എന്ന പ്രതിനായകനുമായുള്ള അന്ത്യയുദ്ധം...ഇത്രയുമാണ് 'യെന്നെ അറിന്താല്‍' എന്ന സിനിമയുടെ ആകെത്തുക.
'കാക്ക കാക്ക', വേട്ടയാട് വിളയാട്' എന്നീ പൊലീസ് കഥകളുടെ സ്വാഭാവികമായ തുടര്‍ച്ചയും അന്ത്യവുമാണ് പൊലീസ് ട്രലജിയിലെ മൂന്നാംഭാഗമായ 'യെന്നെ അറിന്താല്‍'. എത് പ്രതിസന്ധിയിലും ഉലയാത്ത നായകന്,
നീണ്ട മുടിയും മരണം വരെ ഒടുങ്ങാത്ത ആത്മവിശ്വാസവും കൈമുതലായുള്ള പ്രതിനായകന് , നിലപാടുള്ളവളും ദാമ്പത്യജീവിതത്തിന്റെ കയ്പ്പറിഞ്ഞവളുമായ നായിക, മകനെ / മകളെ ഒരു പൂര്‍ണമുഷ്യായി വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്കുള്ള ഗുണപാഠങ്ങള്‍, തുടങ്ങി-
ഗൌതം സിനിമകളുടെ എല്ലാ സ്വഭാവവും കോര്‍ത്തിണക്കിയിരിക്കുന്നു ഈ മൂന്നാംഭാഗത്തില്‍. അസ്വാഭാവികമായ ആഖ്യാനം ആണ് 'യെന്നെ അറിന്താല്‍' എന്ന സിനിമയുടേത്. പ്രവചനീയമായ കഥയ്ക്ക് പ്രതീക്ഷ തെറ്റിക്കുന്ന ആഖ്യാനം കൂടിയില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന അത്യാഹിതത്തെ കുറിച്ച് സംവിധായകനുള്ള ബോധ്യമാണ് ഇതിനു കാരണം. സംഭവിക്കാന്‍ പോവുന്നതെല്ലാം ഒരൊറ്റ സ്വീക്വന്‍സില്‍ ആദ്യം തന്നെ അവതരിപ്പിച്ച ശേഷം പിന്നീട് വിശദാംശങ്ങളിലേക്ക് കടക്കുന്ന ശൈലി കൌതുകകരമാണ്. കൊടുംകുറ്റവാളിയെ പിടികൂടാന്‍ ഓട്ടോഡ്രൈവര്‍ വേഷത്തില്‍ കാത്തുനില്ക്കുന്ന സത്യദേവ് പൂര്‍ണഗര്‍ഭിണിയായ ഹെമാനികയെ ആശുപത്രിയില്‍ എത്തിക്കുന്നതും തുടര്‍ന്ന് ഇവര്‍ തമ്മില്‍ ആത്മബന്ധം ഉടലെടുക്കുന്നതും സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു. രക്തചൊരിച്ചിലുകള്‍ക്കിടയില്‍ ഇതള്‍വിടരുന്ന ഈ പ്രണയകഥയ്ക്ക് അസാധാരണമായ ഒരു വശ്യതയുണ്ട്. വേട്ടയാട് വിളയാടില്‍ രാഘവന്‍ ഐപിഎസും (കമല്‍ഹാസന്‍) ആരാധനയും (ജ്യോതിക) തമ്മിലുള്ള പ്രണയം തന്നെയല്ലേ ഇതെന്ന് ചോദിച്ചാല്‍, അതിന്റെ മറ്റൊരു വെര്‍ഷന്‍ ആണെന്നാവും സംവിധായകന്റെ ഉത്തരം.
ആകാശത്തോളം വലിപ്പമുള്ള വിക്ടര്‍ എന്ന പ്രതിനായകനെ അതുല്യമാക്കിയ അരുണ്‍വിജയിന്റെ പ്രകടത്തിന്റെ പേരിലാവും 'യെന്നെ അറിന്താല്‍' ഭാവിയില്‍ ഓര്‍മിക്കപ്പെടുക. നായകൻറെ ഒരോ അടവും മുന്‍കൂട്ടികാണുന്ന വിക്ടറും സത്യദേവും തമ്മിലുള്ള ആത്മബന്ധം ആകര്‍ഷണീയമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിക്ടറും സത്യദേവും തമ്മിലുള്ള അന്തരം ചെറുതാണ്. നന്മയോ തിന്‍മയോ ഏത് തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്രം വ്യക്തികള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. തെരഞ്ഞെടുത്ത നിലപാടിൽ ഉറച്ചു നില്കേണ്ടത് നിലനില്പ്പിന്റെ പ്രശ്നം ആണ് . ഇതിൽ കഥാപാത്രങ്ങളെ അശക്തരാക്കുന്നത് ബന്ധങ്ങളാണ്. ഈ രീതിയില്‍ ചിട്ടപ്പെടുത്തിയ കഥയ്ക്ക് അതുകൊണ്ടു തന്നെ ആഗോള മാനം അവകാശപ്പെടാം.. എന്നാല്‍ ഇനി ഒരിക്കല്‍കൂടി ഈ കഥ വിജയിക്കുമോയെന്ന സന്ദേഹം സംവിധായകന് ഉണ്ടാകും എന്ന് തന്നെയാണ് പ്രേക്ഷകന്റെ പ്രതീക്ഷയും..
No comments:
Post a Comment