Wednesday, June 8, 2016
Tuesday, May 17, 2016
ഡിസ്ഗ്രൈസ്
ജെ എം കൂറ്റ്സെ
എത്ര ദിവസം താങ്ങാനാണ് ആലോചിക്കുന്നത് ?
ഒരാഴ്ച, തൽക്കാലത്തേക്ക് ഒരാഴ്ച, അത്രയും ദിവസം എന്നെ സഹിക്കാൻ പറ്റുമോ?
നിങ്ങൾക്ക് ഇഷ്ടമുള്ളത് വരെ ഇവിടെ തങ്ങാം. പക്ഷെ, ബോറടിക്കുമോ എന്ന് പേടിയുണ്ട്.
ഒരിക്കലുമില്ല
ഒരാഴ്ചക്ക് ശേഷം എന്താ പരിപാടി ?
എനിക്കറിയില്ല, ഒരുപക്ഷെ ഒരു ദീർഘ യാത്ര.
എന്തായാലും, നിങ്ങൾ ഇവിടെയുള്ളത് സന്തോഷം
എനിക്കും ഇഷ്ടമാണ്, പക്ഷെ നീയുമായുള്ള സൌഹൃദം കാത്തുസൂക്ഷിക്കണം. കുറേക്കാലം ഒരുമിച്ച് കഴിയുന്നവർ ഒരിക്കലും നല്ല സുഹൃത്തുക്കൾ ആകില്ല
വെറും സന്ദർശനം അല്ലിത്. ഒരു അഭയം തേടലാണെന്ന് എനിക്ക് തോന്നുന്നു. ഉപാധികളില്ലാത്ത അഭയം തേടൽ...അങ്ങനെ കരുതട്ടെ ??
അഭയാർഥികളുടെ ഇടത്താവളത്തെക്കാൾ എത്രയോ മെച്ചമാണ് ഇവിടെ...ഇതെല്ലാം ഞാൻ ചോദിച്ചുവാങ്ങിയതാണ്. അവർ എനിക്ക് മുന്നിൽ ഒരു ഡീൽ വെച്ചിരുന്നു. അതിനെക്കാൾ മെച്ചം ഇതാണെന്ന് എനിക്ക് തോന്നി..
എന്തായിരുന്നു ആ ഡീൽ ?
നല്ലനടപ്പ്. കൌൺസിലിങ്ങ് എന്ന് ഓമനപ്പേര്.
എന്തായിരുന്നു അവർ പറഞ്ഞത് ?
ആരോപണ-പ്രത്യാരോപണങ്ങൾ, സ്വയം വിമർശനം , പൊതുമാപ്പ്...അതെല്ലാം അംഗീകരിക്കാൻ പറ്റാത്ത വിധം പഴഞ്ചനായി പോയി ഞാൻ. അതിനെക്കാൾ ഭേദം, ഒരു ചുവരിനോട് വെറുതെ ചേർത്തുനിർത്തി എന്നെ വെടിവെച്ചു കൊല്ലാമായിരുന്നു. പൌരോഹിത്യത്തിന്റെ കാലമാണിത്. സ്വകാര്യജീവിതം പൊതുമദ്ധ്യത്തിൽ വിചാരണ ചെയ്യപ്പെടുന്നു. അവർക്ക് വേണ്ടത് ഒരു കാഴ്ചവസ്തു. പശ്ചാത്തപിച്ച്, നെഞ്ചത്തടിച്ച് കരയാൻ പറ്റിയ ഒരു കാഴ്ച വസ്തു.
( സത്യത്തിൽ,അവർ ആശിച്ചത് എന്നെ ഷണ്ഡൻ ആക്കുകയാണ്, എന്നുകൂടി അവളോട് പറയണം എന്നുണ്ടായിരുന്നു. പക്ഷെ, ഒരു മകളോട് എങ്ങനെയാണ് അത് പറയുക ?. മറ്റൊരാൾ പറയുന്നതുപോലെ , സ്വന്തം വാക്കുകൾക്ക് ചെവിയോർക്കുമ്പോൾ, ഇത് വരെ അനുഭവിച്ച നിന്ദയെല്ലാം അതിഭാവുകത്വമായി മാറുകയാണോ എന്നയാൾ സംശയിച്ചു)
അപ്പോൾ, നിങ്ങൾ ഇപ്പോഴും നിന്ന ഇടത്ത് തന്നെ നിൽക്കുകയാണോ? അൽപ്പമൊരു വിട്ടുവീഴ്ച കാണിച്ചാൽ എന്താണ് പ്രശ്നം ?. പിടിവാശി കാണിക്കുന്നത് ഹീറോയിസം അല്ല കേട്ടോ ?
ഞാൻ പരാതിപ്പെടുന്നില്ലല്ലോ?. മോശമെന്ന് മറ്റുള്ളവർ വിധിയെഴുതിയ ഒരു കുറ്റത്തിന് മാപ്പിരക്കുന്നതും, അവരുടെ അനുകമ്പ പ്രതീക്ഷിക്കുന്നതും വെറുതെയാണ്. ഒരു പ്രായം കഴിഞ്ഞാൽ, ഒരാൾ ഒന്നിനും കൊള്ളാത്തവനാകും. അനിവാര്യമായ വിധി അംഗീകരിച്ച്,
ശിഷ്ട ജീവിതം നയിക്കുകയാണ് നല്ലത്.
നേരത്തെ കിടന്നെങ്കിലും, അർദ്ധരാത്രി നായ്ക്കളുടെ പരിഭ്രമിപ്പിക്കുന്ന കുരകൾ അയാളെ ഉണർത്തി. ഒരു നായ യാന്ത്രികമായി തുടങ്ങിയ കുര, മറ്റുള്ളവർ തോൽക്കാൻ മനസില്ലാതെ ഏറ്റുപിടിച്ചു.
നിങ്ങൾ ഒരു കല്യാണം കൂടി കഴിക്കുന്നോ ?
എന്റെ തലമുറയിൽ പെട്ട ആൾക്കാർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലത്.
അപൂർണകാമനകൾ, ചെറുപ്പത്തിലും വാർധക്യത്തിലും മ്ലേച്ചമാണ്.
ഞാൻ കണ്ടുമുട്ടിയ ഓരോ പെണ്ണും ജീവിതത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ എന്നെ കൂടുതൽ മെച്ചപ്പെട്ട ഒരു പുരുഷനാക്കിയതും അവരാണ്.
നിങ്ങളുമായി ഇടപഴകിയ സ്ത്രീകൾക്കും അങ്ങനെതന്നെ തോന്നിയിട്ടുണ്ടാവുമോ?
ഒന്ന് തറപ്പിച്ചുനോക്കിയപ്പോൾ, പൊട്ടിച്ചിരിച്ച് - 'വെറുതെ തമാശ പറഞ്ഞതാണെന്ന് ' അവൾ കൊഞ്ചി.
ശരി, എനിക്ക് തോന്നും വരെ ഇവിടെ തന്നെ നിൽക്കാം. പക്ഷെ, കൂടുതൽ മിടുക്കൻ ആകണമെന്ന് എന്നോട് ആരും പറയരുത്. നന്നാവാൻ ഞാൻ മാനസികമായി തയ്യാറായിട്ടില്ല. എനിക്ക് എന്നും ഞാനായി തന്നെ ജീവിക്കണം.
അപ്പോൾ, നിങ്ങൾ ഒരിക്കലും നന്നാകാൻ ഉദ്ദേശിച്ചിട്ടില്ലാല്ലേ ? - അമ്മയുടെ സ്വരത്തിൽ അവൾ അയാളെ കളിയാക്കി. പക്ഷേ, മകളുടെ നർമ്മം കൂടുതൽ മൂർച്ചയുള്ളതാണ്. അഴകും നർമ്മവും ഉള്ള സ്ത്രീകളോടാണ് അയാൾ എന്നും ആകർഷിക്കപ്പെട്ടിട്ടുള്ളത്. ആത്മാർഥമായി പരിശ്രമിച്ചിട്ടും മെലാനിയിൽ നർമ്മത്തിന്റെ തരിമ്പുപോലും കണ്ടെത്താൻ അയാൾക്ക് സാധിച്ചിരുന്നില്ല. വീണ്ടും ആസക്തിയുടെ ചെറുതിര അയാളുടെ ശരീരത്തിലൂടെ കടന്നു പോയി. മകളിൽ നിന്നും അത് മറച്ചുവെക്കാൻ അയാൾ പാടുപെട്ടു. ലൂസി തന്നെ സാകൂതം നിരീക്ഷിക്കുന്നതറിഞ്ഞ് അയാൾ വെളിയിലേക്കിറങ്ങി. നായക്കുട്ടികൾ അയാളെ കണ്ടതും ഉന്മെഷവാന്മാരായി. കൂട്ടിനുള്ളിൽ, മുന്നോട്ടും പിന്നോട്ടും തിരിഞ്ഞുകളിച്ച് അവറ്റ മുരണ്ടു. പക്ഷെ, ബുൾഡോഗ് തള്ള, കൂട്ടിനുള്ളിൽ നിശ്ചലം കിടന്നു. അയാൾ കൂട് തുറന്നപ്പോൾ, അവൾ തലപൊക്കി ഒന്നുനോക്കി, അയഞ്ഞ മുലകളുമായി
വീണ്ടും ചാഞ്ഞുകിടന്നു. അയാൾ കൂടിനുള്ളിൽ കയറി, അവളുടെ അരികിൽ മുട്ടുകുത്തിയിരുന്നു, രോമച്ചെവികളിൽ ഉഴിഞ്ഞുകൊണ്ട് മന്ത്രിച്ചു - ''നമ്മൾ ഉപേക്ഷിക്കപ്പെട്ടവരല്ലേ ......?''
Subscribe to:
Posts (Atom)