Tuesday, October 21, 2014



 കോഫിബൈറ്റും കാരാമില്‍ക്കും കിറ്റ്‌കാറ്റും...

വായിലിട്ടാല്‍ അലിഞ്ഞില്ലാതാവുന്ന മിഠായികള്‍ മാത്രമേ ഉണ്ണിക്കുട്ടന്‍ അതുവരെ കഴിച്ചിരുന്നുള്ളു. കോഫിബൈറ്റും ട്രിഫാനിയും കാരാമില്‍ക്കും ഒക്കെ അക്കൂട്ടത്തില്‍പ്പെടുന്നു.ലാക്റ്റോകിങ്ങ് മാത്രമാണ് അവനൊട് അല്‍പ്പം കടുപ്പം കാട്ടിയിരുന്നത്. കുറെ നേരം വായിലിട്ട് തുഴഞ്ഞാലും ലാക്റ്റോ  അലിയില്ല. മഞ റാപ്പറില്‍ 'ലാക്റ്റോകിങ്ങ്' എന്ന കറുത്ത ഇംഗ്ളീഷ്അക്ഷരങ്ങള്‍. അലിഞ്ഞില്ലെങ്കില്‍ പിന്നെ 'കടുംപിടും' എന്ന് കടിച്ചുപൊട്ടിക്കേണ്ടി വരും ലാക്റ്റോകിങ്ങിനെ. 'പൂമ്പാറ്റ'യുടെ പുറംചട്ടയിലും മറ്റും ലാക്റ്റോയുടെ വര്‍ണ്ണചിത്ര പരസ്യങ്ങള്‍ അവന്‍ കണ്ടിരുന്നു. മല പോലെ കിടക്കുന്ന ലാക്റ്റോകിങ്ങ് കൂമ്പാരം കണ്ട് അന്തംവിട്ട് കണ്ണുതള്ളുന്ന കൊച്ചുസിംഹമായിരുന്നു ആ പരസ്യങ്ങളിലെ നായകന്‍.. 

തന്റെ ബെര്‍ത് ഡേയ്ക്ക്  മൂന്നാം ക്ളാസില്‍ വിതരണം ചെയ്യാന്‍ ലാക്റ്റോകിങ്ങ് തന്നെ വേണമെന്ന് അച്ഛനോടവൻ വാശി പിടിച്ചതും ഇതൊക്കെ കൊണ്ടാണ്. ചെളിയില്‍ ചവിട്ടിയ പോലെ ഒറ്റയടിക്ക് 'പ്ളീ' എന്നാകുന്ന മിഠായികളേക്കാള്‍ കടുപ്പക്കാരായ ലാക്റ്റോ തന്നെയാണ് തന്റെ ബെര്‍ത്ത്ഡേയേക്ക് കൊടുക്കേണ്ടത്. ടീച്ചര്‍മാര്‍ക്ക് കൊടുക്കാന്‍ 'കിസ്മീ' ബാര്‍ തന്നെ വാങ്ങണമെന്നും അവനു നിര്‍ബന്ധമുണ്ടായിരുന്നു. 'കിസ്മി എല്ലാച്ചി', 'കിസ്മി കോഫി' എന്നിങ്ങനെ  രണ്ട് രുചികളില്‍ 'കിസ്മീ ബാര്‍' കുട്ടികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചുവപ്പും പച്ചയും 
നീറങ്ങളിലുള്ള ഈ മിഠായികള്‍ക്ക് വിലയും കൂടുതലായിരുന്നു. ലാക്റ്റോയ്ക്കും കോഫിബൈറ്റിനും ഒക്കെ 50 പൈസയുള്ളപ്പോള്‍ കിസ്മീയ്ക്ക് രണ്ട് രൂപയാണ് വില. അതില്‍ തന്നെ കിസ്മീ എലാച്ചിയ്ക്ക് തനി ഏലക്കായുടെ മണവും രുചിയും. 

തൊട്ടപ്പുറത്തെ ബെഞ്ചിലിരുന്ന് ക്ളാസിലെ ഒന്നാംറാങ്കുകാരി രജനി യു. പിയും രണ്ടാം റാങ്കുകാരി അഫ്സ മുഹമ്മദും തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഈ പറഞ്ഞ മിഠായികളെ കുറിച്ചല്ലെന്ന് അവനു  അറിയാമായിരുന്നു. ഇത് അഫ്സയുടെ വാപ്പ ഗള്‍ഫില്‍ നിന്നും  കൊണ്ടുവന്ന മിഠായിയാണ്. ഇന്റര്‍വെല്‍ സമയമായത് കൊണ്ട് ക്ളാസില്‍ ഉണ്ണിക്കുട്ടും അഫ്സയും രജനിയും  ഉള്‍പ്പടെ അഞ്ചോ ആറോ കുട്ടികള്‍ മാത്രമേയുള്ളു. അടുത്ത പിരീഡ് അരിത്തമറ്റിക്ക്സ് ആണ്. തലേന്ന് റംല ടീച്ചര്‍ ഹോംവര്‍ക്കായി തന്ന നാല് വഴികണക്കുകളില്‍ മൂന്നെണ്ണത്തിന്റെ ഉത്തരം മാത്രമേ ഉണ്ണിക്കുട്ടനു  പിടിക്കിട്ടിയിരുന്നുള്ളു. ഒരുപാട് വഴികളിലൂടെ കയറിയിറങ്ങിയിട്ടും നാലാമത്തെ കണക്ക് അയയുന്ന മട്ടില്ല.  റംല  ടീച്ചറുടെ എണ്ണയിട്ട് മിനുക്കിയ  ചൂരലും അതിന്റെ അറ്റത്തുള്ള റബ്ബര്‍ബാന്‍ഡിന്റെ കെട്ടും ഓര്‍ത്തപ്പോള്‍, അത് കൊണ്ടൊരെണ്ണം കിട്ടിയ പോലെ ഉണ്ണിക്കുട്ടന്‍ ഒന്നു ചൂളി. അതിനിടെയാണ്  രണ്ട് ബെഞ്ചപ്പുറത്ത് നിന്നും  അഫ്സ 'കിറ്റ്കേറ്റ് മിഠായി' എന്ന് രജിയോട് മന്ത്രിക്കുന്നത് കേട്ടത്. "വാപ്പ ഗള്‍ഫീന്ന് കൊണ്ടന്നതാ. ഉമ്മച്ചി കാണാതെ ഒരെണ്ണം ബാഗിലിട്ട് കൊണ്ടന്നതാ..''- എന്ന് പറഞ്ഞ് അഫ്സ ബേഗ് തുറക്കുന്ന നീമിഷത്തിലാണ് ഉണ്ണിക്കുട്ടന്‍ മുകളില്‍ പറഞ്ഞ അത്രയും കാര്യം ഓര്‍മ്മിച്ചത്. 

അതാ.. അഫ്സ ചുറ്റുംപാടും നോക്കുന്നു. അവള്‍ പിന്നോട്ടു നോക്കിയപ്പോള്‍, ഉണ്ണിക്കുട്ടന്‍  നോട്ടുബുക്കിലേക്ക് കൂടുതല്‍ തല കുമ്പിട്ടിരുന്നു. പെന്‍സിലിന്റെ അറ്റത്തെ റബ്ബര്‍കട്ടയില്‍ കടിച്ച് ചിന്തയില്‍ മുഴുകുന്നതായി അഭിനയിച്ചു . അതാ.. ബാഗിന്റെ കൊച്ചറയില്‍ നിന്നും അവള്‍ ഒരു കൊച്ചു ചുവന്നപായ്ക്കറ്റ് എടുക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുകളിലെ ചുവന്നറേപ്പര്‍ ഊരിയെടുക്കുന്നു. അടിയില്‍ വെള്ളി നീറമുള്ള ഒരു പൊതി കൂടിയുണ്ട്. അഫ്സ ശ്രദ്ധാപൂര്‍വ്വം അത് ചീന്തിയെടുക്കുമ്പോള്‍, രജനി ചുവന്നറേപ്പര്‍ തിരിച്ചും മറിച്ചും നോക്കുന്നു. അതാ........നാല്  ചോക്ളേറ്റ് ബാറുകള്‍...!. 

അഫ്സ ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ നോട്ടുബുക്കില്‍ തല താഴ്ത്താനുള്ള സാവകാശം ഉണ്ണിക്കുട്ടനു കിട്ടിയില്ല. അവന്‍ എതിരെയുള്ള ചുവരിലോട്ട് നോക്കിയിരുന്നു. "ഒരു ബാര്‍ നിനക്ക്... ഒരെണ്ണം എനിക്ക് ....ബാക്കി ജാസിമ്മിനാ...... അവനാ പൊക്കത്തില്‍ നിന്നും എടുത്ത് തന്നതേ.. കൊടുത്തില്ലേല്‍ ഓന്‍ ഉമ്മച്ചിയോട് പറഞ്ഞുകൊടുക്കും''- അഫ്സയുടെ വിശദീകരണം രജനി  തലയാട്ടി അംഗീകരിച്ചു. അഫ്സ ശ്രദ്ധാപൂര്‍വ്വം ഒരു കട്ട പൊട്ടിച്ച് രജനിക്ക്  കൊടുത്തു. ഇരുവരും മിഠായി ചുണ്ടോടടുപ്പിച്ചപ്പോള്‍ ഉണ്ണിക്കുട്ടനു കൊതി സഹിക്കാനായില്ല... അവന്റെ വായില്‍ വെള്ളമൂറി. അവന്‍ ചാടിയെഴുന്നേറ്റ് ക്ളാസ് മുറിയ്ക്ക് പുറത്തിറങ്ങി. 

'കിറ്റ്കേറ്റ്... കിറ്റ്കേറ്റ്'- മൂത്രമൊഴിക്കുന്നതിിടെ അവന്‍ മന്ത്രിച്ചു. വീട്ടിലെത്തി, അച്ഛനോട്  ഈ പേര് തെറ്റാതെ പറയാന്‍ വേണ്ടി ഉണ്ണിക്കുട്ടന്റെ ഉള്ളം തുടിച്ചു. അപ്പോള്‍ പെട്ടെന്ന് എവിടെ നിന്നോ  ഒരു മണിയടി ശബ്ദം പൊട്ടിവീണു. അവന്റെ ശ്രദ്ധപാളി. ട്രൌസറില്‍ മൂത്രം വീണു. അവന്‍ 'ഇച്ചിച്ചീ'- യെന്ന് പറഞ്ഞ് സങ്കടപ്പെട്ടു. അപ്പോള്‍ അടുത്ത പിരീഡായല്ലോയെന്നും നാലാമത്തെ വഴികണക്ക് ചെയ്തില്ലല്ലോയെന്നും റംല ടീച്ചര്‍ ഇപ്പോ വരുമല്ലോയെന്നും അവന്‍ ഓര്‍മ്മിച്ചു. 

റംല ടീച്ചര്‍ ഹോംവര്‍ക്കായ വഴികണക്കുകള്‍ ഒരോന്നും ബോര്‍ഡില്‍ കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. ആദ്യത്തെ കണക്ക് പതിവുപോലെ രജനി ചെയ്തു. രണ്ടാമത്തെ കണക്ക് ചെയ്യാത്ത അശ്വിന്റെ കൈത്തലത്തില്‍ രണ്ട് തവണ ചൂരല്‍ വീണു. വിതുമ്പലോടെ അവന്‍ തന്റെ അടുത്ത് വന്നിരുന്നത് ഉണ്ണിക്കുട്ടന്‍ അറിഞ്ഞു. മൂന്നാമത്തെ കണക്ക് നിത്യ ചെയ്തു.നാലാമത്തെ കണക്ക് ചെയ്യാനായി 'ഉണ്ണിക്കുട്ടന്‍'- എന്ന് റംല  ടീച്ചര്‍ വിളിച്ചു. ബോര്‍ഡില്‍ ചോക്കും കുത്തി നീന്നതല്ലാതെ, ഒരക്കം പോലും എഴുതാന്‍ ഉണ്ണിക്കുട്ടനു  കഴിഞ്ഞില്ല.... 
ടീച്ചര്‍ പതിവ് രണ്ടിന് പകരം മൂന്ന് തല്ല് ഉണ്ണിക്കുട്ടനു  കൊടുത്തു. ആദ്യത്തെ തല്ല് നന്നായി  വേദിച്ചു. രണ്ടാമത്തെ തല്ലിന് മുമ്പ് കൈ പിന്നിലോട്ടു വലിച്ചതിനാണ്  ഒരു തല്ല് എക്സ്ട്രാ കിട്ടിയത്. ബെഞ്ചില്‍ പോയി ഇരുന്നപ്പോള്‍, അവൻ കണ്ണീർ തുടച്ചില്ല.. മനസ്സ് അപ്പോഴും കിറ്റ്‌കാറ്റ്‌ .....കിറ്റ്‌കാറ്റ്‌... എന്ന് മന്ത്രിച്ചു...

Wednesday, October 15, 2014

ഹൈദര്‍ - കശ്മീരിന്റെ വെളുപ്പും


അങ്ങനെ വിശാല്‍ഭരദ്വാജിന്റെ പുതിയ ചിത്രമായ 'ഹൈദര്‍' കണ്ടു. വിദേശ-ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ ചിത്രത്തെ  കുറിച്ചുള്ള ഗംഭീര വിലയിരുത്തലുകള്‍ വായിച്ചിരുന്നു. കശ്മീരിലെ പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ ഷേക്ക്സ്പിയറിന്റെ 'ഹാംലറ്റ് ' അവതരിപ്പിച്ചിരിക്കുന്നു എന്നാണ് പൊതുവിലയിരുത്തല്‍.
'കാശ്മീര്‍. കാശ്മീര്‍'  എന്ന് പറയുമ്പോള്‍ ദാല്‍ തടാകവും ഷിക്കാരകളും മഞ്ഞുമൂടിയ മലനിരകളും പൂക്കളും സുന്ദരികളും സുന്ദരന്‍മാരുമായ മനുഷ്യരും  ഒക്കെകൂടി ഒരവിയല്‍ പരുവമാണല്ലോ ഇന്ത്യന്‍ ചലചിത്രങ്ങള്‍ കാലാകാലമായി പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. നല്ലചൂടന്‍ ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ട തണുപ്പുള്ള സ്ഥലം കൂടിയാണ് കാശ്മീര്‍. അതുമല്ലെങ്കില്‍ ഭരണകൂട ഭാഷ്യങ്ങള്‍ക്ക് അടിത്തറയേകാന്‍ വേണ്ട എന്‍കൌണ്ടറുകളും  മാസ് എക്സിക്യൂഷുകളും ചിത്രീകരിച്ച് കൈയ്യടി വാങ്ങാവുന്ന പാട്രിയോട്ടിക്ക് ചലചിത്രങ്ങളുടെ ലാബാകും 'ഭൂമിയിലെ ഈ സ്വര്‍ഗം'. എന്നാല്‍ ഹൈദര്‍ ഒരു ചാപിള്ളയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൂട്ടവഞ്ചനയുടെ (mass betrayal ) കഥ. വ്യക്തിപരമായ വഞ്ചന.. സാമൂഹ്യ വഞ്ചന... രാഷ്ട്രീയ വഞ്ചന.... അങ്ങനെ നീളുന്ന വഞ്ചനകളുടെ മഞ്ഞ് പുതച്ച വഴികള്‍.. ഹിമവെണ്‍മയില്‍ ചിതറി വീഴുന്ന ചോരയ്ക്ക് തീക്ഷ്ണത കൂടും. ചാവേറുകള്‍ ജനിക്കുന്ന സാമൂഹ്യ-സാംസ്കാരിക ഗര്‍ഭപാത്രങ്ങളെ തേടിയുള്ള അന്വേഷണം കൂടിയാകുന്നു ഹൈദര്‍.  
 
രാവിലെ മസ്ജിദുകളുടെ ഉച്ചഭാഷിണികളില്‍ നിന്നും അറിയിപ്പ്. ഐ ഡി കാര്‍ഡുകളുമായി സൈനികർക്കു  മുന്നില്‍ ഹാജരാവുക. മഞ്ഞ് പുകയുന്ന ഒരു സുപ്രഭാതത്തില്‍ ഹൈദറുടെ പിതാവ് ഡോ. ഹിലാല്‍ മീറും (നരേന്ദ്ര ജാ)  ഐഡി കാര്‍ഡുമായി ഇറങ്ങുന്നു. അയാള്‍ ഒറ്റയ്ക്കല്ല. നീളൻ രോമക്കുപ്പായങ്ങളണിഞ്ഞ് വെടിയുണ്ടകള്‍ നേരിടാൻ  പരിചകള്‍ പോലെ ഐഡി കാര്‍ഡുകള്‍ നീട്ടിപ്പിടിച്ച് 100 കണക്കിന് കാശ്മീരികളുമുണ്ട്. e റൈഫിളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും ഇടയിലൂടെ ആ പ്രയാണം കാണുമ്പോള്‍ തന്നെ തിരിച്ചറിയാം- ''ഇത് കൊള്ളേണ്ട ഇടങ്ങളില്‍ കൃത്യമായി കൊള്ളും''. സൈനികവാഹങ്ങള്‍ക്കുള്ളില്‍ മുഖം മറച്ചിരിക്കുന്ന പട്ടാളമേധാവി മുന്നിലെത്തുന്നവരെ അളന്നുമുറിച്ചുനോക്കും പിന്നെ തങ്ങളുടെ പട്ടികയില്‍ ഉള്ള ആളാണെങ്കില്‍  നീട്ടി  ഒരു ഹോണടിക്കും. അയാളുടെ ജാതകം പിന്നെ അവര്‍ തിരുത്തിക്കുറിക്കും. അതാണ് നീതി . അതാണ് നിയമം..
ഹൈദറിന്റെ അമ്മയുടെ പേര് ഗസാല. തബു അവതരിപ്പിച്ച ഈ കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ  തന്നെ മികച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നെന്ന് പറയാം. ഗസാല കാശ്മീരാണ്. അല്ലെങ്കില്‍ കാശ്മീര്‍ ഗസാലയാണ്. ഭര്‍ത്താവിന്റെ തിരോധാനത്തിനു  ശേഷം അയാളുടെ സഹോദരന്‍ ഖുറാമിന്റെ (കെ കെ മേനോൻ) ഭാര്യയാകേണ്ടി വരുന്ന ഗസാല. ഗസാലയും ഹൈദറും  തമ്മിലുള്ള ബന്ധത്തിലുള്ള ഈഡിപ്പല്‍ എലമെന്റുകള്‍ സംവിധായകന്‍ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദറിനെ  അവതരിപ്പിക്കുന്ന ഷാഹിദ് കപൂറും ഗസാലയെ അവതരിപ്പിച്ച തബുവും അവരുടെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചിരിക്കുന്ന രീതി തന്നെ സംവിധായകന്റെ കണക്കുക്കൂട്ടലുകളെ വഞ്ചിച്ചിരിക്കുന്നു.
 
അച്ഛനെ വധിച്ച് അമ്മയെ സ്വന്തമാക്കിയ അമ്മാവാടുള്ള ഹാംലറ്റിന്റെ പ്രതികാരമാണ് ഡോ. ഹിലാല്‍ മീര്‍, ഗസാല, ഖുറാം, ഹൈദര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ പശ്ചാത്താലം കാശ്മീരാണെന്നതാണ് പ്രശ്നം . അപ്പോള്‍ കഥ വ്യക്തിപരമായ പ്രതികാരത്തിനും  അപ്പുറത്തേക്ക് സഞ്ചരിക്കും. ഒരോ കഥാപാത്രങ്ങള്‍ക്കും പകരം വെക്കാന്‍ ചരിത്രം നമ്മുക്ക്  മുന്നില്‍ മറ്റൊരാളെ നിര്ത്തി തരും . 'പ്രതികാരത്തിലൂടെ പ്രതികാരം മാത്രമാണ് ജനിക്കുന്നതെന്ന്'- ഈ സിനിമയിൽ  ആവര്‍ത്തിക്കപ്പെടുന്ന ഒരു സംഭാഷണമാണ്. ക്ളൈമാക്സിലെ ഉഗ്രസ്ഫോടത്തിന്റെ മാറ്റൊലി കാഴ്ച്ചക്കാരെ വിടാതെ പിന്തുടരുന്നതിനുള്ള  കാരണവും ഇത് തന്നെ.
 
ദേശീയഗാനം കേട്ടാല്‍ അറ്റന്‍ഷന്‍ അടിക്കാത്തവരെ പാഠം
പഠിപ്പിക്കണമെന്ന രാജ്യബോധം ഉള്ളവര്‍ ഹൈദര്‍ കാണാതിരിക്കുന്നതാണ് നല്ലത്.. അല്ലെങ്കില്‍ അവജ്ഞയോടെ പുച്ഛിച്ച് തള്ളുക. രാജ്യമെന്ന ഉത്തരക്കടലാസിന്റെ മാർജിനുകളിൽ  ഒതുങ്ങിയ അക്കങ്ങളെ ആ രീതിയില്‍ കണ്ടാല്‍ മതിയാകും. കൂട്ടിയും കിഴിച്ചും കൃത്യം ഉത്തരം കിട്ടുമ്പോള്‍ മാര്‍ജിനുകളിൽ  തിക്കിതിരക്കുന്ന അക്കങ്ങളെ അവഗണിക്കുക. അതിര്‍ത്തിരേഖകള്‍ ഇടിച്ചുതകര്‍ത്ത് അക്കങ്ങള്‍ ഉത്തരക്കടലാസിലേക്ക് പടരുന്നത് വരെ നമ്മുക്ക് സമയമുണ്ട്.

Wednesday, October 1, 2014



( ''THE LIVES OF OTHERS'' 

NOVEL BY NEEL MUKHERJIEE ) 

 ഒന്നാം അധ്യായം  (സ്വതന്ത്ര പരിഭാഷ)

ടന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളുടെ ഒരു വിവരണം നല്‍കണം എനിക്ക്.... കെട്ടുകഥകളും നുണകളും പാതിവെന്ത സത്യങ്ങളും നിഴല്‍ വീഴ്ത്തിയ വ്യത്യസ്തമായ സ്വരങ്ങള്‍ കേള്‍ക്കുമ്പോള്‍, നിനക്ക്, നിനക്ക് മാത്രം ഈ വിവരണത്തിലേക്ക് മടങ്ങിവരാം. സത്യം അറിയാം. ഇതു മാത്രമേ എനിക്ക് നിനക്ക്  നല്‍കാനുള്ളു. പക്ഷേ, വായിച്ച് കഴിഞ്ഞ ശേഷം ഈ കത്തുകളെല്ലാം കത്തിച്ചുകളയാന്‍ മറക്കരുത്. ഈ കത്തുകളുടെയോ പത്രികകളുടെയോ ഒരുതുണ്ട് പോലും  നിന്നില്‍  നിന്നോ  നിന്റെ വീട്ടില്‍ നിന്നോ  കണ്ടെടുക്കാന്‍ ഇടയാക്കരുത്. ഞാനിങ്ങനെ പറയാനുള്ള കാരണം  നിനക്ക് പിന്നീട് മനസിലാകും...
1912 വരെ കല്‍ക്കത്ത ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥനമായിരുന്നുവെന്ന കാര്യം അറിയാമോ?. കൊതുകുകള്‍ നുരച്ചിരുന്ന ചതുപ്പില്‍ നിന്നും ചെളിയില്‍ നിന്നും അവര്‍ കെട്ടിപ്പൊക്കിയതാണ് ഈ  നഗരം.
ഇന്ന്, ഒരുവശത്ത് കൊട്ടാരസദൃശ്യമായ കെട്ടിടങ്ങളും കടകളും കല്‍മണ്ഡപങ്ങളും മറുവശത്ത് വിശാലമായ മൈതാനവും സ്ഥിതിചെയ്യുന്ന ചൌരംഗിയിലൂടെ നടക്കുമ്പോള്‍,  മയോ റോഡില്‍ മസ്തകമുയര്‍ത്തി നില്‍ക്കുന്ന സ്മാരകം കാണുമ്പോള്‍ ഇതെല്ലാം തന്നെ ഒരു ചെറിയ ചീന്ത്, വലിച്ചു നീട്ടിയുണ്ടാക്കിയതാണെന്ന് പറയാന്‍ പറ്റുമോ?... ബ്രിട്ടീഷുകാര്‍ വ്യാഴവട്ടം മുമ്പ്  രാജ്യം വിട്ടുപോയിരിക്കാം. പക്ഷേ, അവരുടെ 'കൈപ്പണികള്‍'  എന്നന്നേക്കും നിലനില്‍ക്കും.

ചൌരംഗിയിലൂടെ അലഞ്ഞുതിരിയാനുള്ള അവസരം ഒരിക്കലും നിനക്ക് കിട്ടിയിട്ടുണ്ടാവില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അല്‍പ്പം വിസ്തരിച്ച് അവയെല്ലാം ഞാന്‍ വര്‍ണ്ണിക്കാം. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ പ്രതാപമൊന്ന് മാത്രം അതിശയം കൊണ്ട് നിന്റെ വാ പൊളിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. തെരുവിലേക്കിറങ്ങി,  കല്‍ത്തൂണുകളുടെ നീണ്ട നിരയുണ്ട് ഈ ഹോട്ടലിനു. ചിലയിടത്ത് ഇടറോഡുകള്‍ ഈ തൂണുകളുടെ നിര മുറിച്ചുപോകുന്നു. ഒരുവശത്ത് കല്ലുകള്‍ പാകിയ ഈ വഴിത്താര ചൌരംഗി റോഡിലേക്കും ബെന്റിങ്ക് സ്ട്രീറ്റിലേക്കും നീളുന്നു.  മറുവശത്ത്- ആഭരണങ്ങളും ഫാന്‍സി സാധനങ്ങളും  മദ്യവും തുണികളും ആഡംബരവസ്തുക്കളും ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളും വാച്ചുകളും ഷാളുകളും ചവിട്ടികളും പരവതാനികളും വിളക്കുകളും കൊത്തുപണികളുള്ള മരപ്പെട്ടികളും പുരാവസ്തുക്കളും പൈസ കൊണ്ട് എന്തൊക്കെ വാങ്ങാമോ അതൊക്കെയും  വില്‍ക്കുന്ന കടകള്‍ നിരന്നു നില്‍ക്കുന്നു. വില്‍പ്പന വസ്തുക്കളുടെ ഒരിക്കലുംമുറിയാത്ത ജലധാരായന്ത്രം പോലെ തോന്നും..

നിന്റെ  കണ്ണഞ്ചിപ്പിക്കാനും നിന്നെ  അന്ധയാക്കാനും പോന്നവ........... ഓള്‍ഡ് കോര്‍ട്ട് ഹൌസ് സ്ട്രീറ്റിന്റെ സാമാജ്യത്വ ഗരിമയില്‍ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടല്‍ കുടികൊള്ളുന്നു. ഞാന്‍ നേരത്തെ  പറഞ്ഞ തൂണുകളുടെ ആ നീണ്ട നിരയുടെ മുകളിലാണ് ഹോട്ടലിന്റെ ഒന്നാം നില. പുറത്തെ സാധാരണക്കാരുടെ കുത്തിയൊഴുക്കില്‍ നിന്നും  അന്തസുള്ള അതിഥികളെയും താമസക്കാരെയും കുറച്ചടി ഉയര്‍ത്തിനിരത്താൻ  ആണിതെന്നു തോന്നും.
 

ഗ്രേറ്റ് ഈസ്റ്റേണിലെ റൂമുകളുടെ അകം ഞാന്‍ കണ്ടിട്ടില്ല. ഭക്ഷണശാലയോ സല്‍ക്കാരമുറിയോ മദ്യശാലയോ കണ്ടിട്ടില്ല. ബ്രിട്ടീഷ് കിരീടമുദ്രയോടൊപ്പം "ചക്രവര്‍ത്തി തിരുമനസ്സിന്റെ  സേവനാർ ര്‍ഥമെന്ന''- അടയാളങ്ങള്‍ ഇപ്പോഴും ചുവരില്‍ അവശേഷിക്കുന്ന കടകള്‍ കണ്ടിട്ടില്ല. മുറുക്കിക്കെട്ടിയ അരപ്പട്ടയും ഞൊറികളുള്ള ഉയര്‍ന്ന തലപ്പാവുകളും പിച്ചളകുടുക്കുകളും കഞ്ഞിപ്പശ മുക്കിയ യൂണിഫോമുകളും ഇട്ട്, മുഴുവന്‍ രാജചിഹ്ങ്ങളോടെയും കാണാവുന്ന ഭൃത്യന്‍മാര്‍ കുമ്പിട്ട് കൊണ്ടുവരുന്ന ചായ ഞാനോ നീയോ  കുടിക്കാൻ ഇടയില്ല.പക്ഷേ, നന്നായി  വേഷമിട്ടാല്‍, യൂണിഫോമിട്ട കാവല്‍ക്കാര്‍ക്കോ ജീവക്കാര്‍ക്കോ പന്തികേട് തോന്നാതിരുന്നാല്‍ അവിടെ മൊത്തമൊന്ന് ചുറ്റിത്തിരിയാം. ചരല്‍വിരിച്ച മുറ്റവും നീല നീന്തൽക്കുളവും കല്ലും മാര്‍ബിളും ചില്ലും പൂന്തോട്ടവും വൃത്തിയായി പരിപാലിച്ച പുല്‍തകിടിയും പൂക്കളും കാണാം.
പക്ഷേ, എന്നെ ബാധിക്കുന്ന വിഷയം ഇതൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ ചെറിയ സൂചന പോലും നിനക്ക്  ഞാന്‍ തന്നല്ലോ. ഇനി,നിനക്ക്  സ്വന്തമായി ഇതിനെക്കാൾ  നന്നായി  ഊഹിക്കാവുന്നതേയുള്ളു. ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിന്റെ ചുവരുകള്‍ക്കപ്പുറത്തുള്ള ലോകം. അതിന്റെ പടിവാതില്‍ക്കല്‍ തുടങ്ങുന്ന ഒരു ലോകം.....

ഒരു കഷ്ണം ചാക്കോ  ടാര്‍പ്പായയോ പ്ലാസ്ടിക്കോ  തുണിയോ പുതച്ച് ഭ്രൂണങ്ങളെ പോലെ ചുരുണ്ടുകൂടി കിടക്കുന്ന മനുഷ്യരുടെ  ഒരു നിര നിനക്ക് അവിടെ കാണാം. ചെരുപ്പുകള്‍ തലയിണയാക്കി ശയിക്കുന്നവര്‍; അല്ലെങ്കില്‍ നേരം  വെളുത്ത് നോക്കുമ്പോൾ  അവ കാണില്ല. ചെരുപ്പില്ലാത്തവര്‍ കോണ്‍ക്രീറ്റിട്ട നടപ്പാതയില്‍ തല വെച്ച് കിടക്കുന്നു. തുളകള്‍ നിറഞ്ഞ മേല്‍വസ്ത്രം. മുഷിഞ്ഞ ലുങ്കികള്‍. കിടന്നുറങ്ങുമ്പോള്‍ ഇവയൂരി അവര്‍ മേലാസകലം പുതയ്ക്കും. ഉറക്കത്തിനിടയിൽ അവ സ്ഥാനം മാറും. തങ്ങളുടെ നാണം പുറംലോകത്തിനു  പ്രദര്‍ശിപ്പിച്ച് അവര്‍ കിടന്നുറങ്ങും. വരള്‍ച്ചയില്‍ വിണ്ടുകീറിയ ഭൂമി പോലെ അവരുടെ കാല്‍പാദങ്ങള്‍. പുലരികളിലെ അതിശീതത്തില്‍ നിന്നും 
 രക്ഷ  നല്കാൻ  അവര്‍ക്ക് ഒന്നുമില്ല. അങ്ങേയറ്റത്തെ ക്ഷീണവും കണ്‍തടങ്ങളിലെ കറുപ്പും മരിച്ചവരെ പോലെ കിടന്നുറങ്ങുമ്പോഴും അവരുടെ മുഖങ്ങളില്‍ ഉറഞ്ഞുകൂടിയിരിക്കുന്നു. പത്തടി വ്യത്യാസമേയുള്ളു അവരും അതിസമ്പന്നതയുടെ ഒരു ലോകവും തമ്മില്‍. എന്നിട്ടും ആ ദൂരം അവരെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നനക്കാന്‍ അകത്ത് ഒരുദിവസം ചെലവിടുന്ന വെള്ളമുണ്ടെങ്കില്‍ ഈ കിടക്കുന്നവരില്‍ ഒരോരുത്തര്ക്കും   ഒരുമാസം സുഭിക്ഷമായി ശുദ്ധജലം കുടിക്കാം. മൈലുകള്‍ക്കപ്പുറത്തുള്ള പൊതുപൈപ്പിലേക്ക് നടക്കുന്ന  വഴി, ദാഹത്താല്‍ പൊരിഞ്ഞ് ഇവര്‍ നിലം പൊത്തിയാല്‍, വഴിയേ പോകുന്ന നായ  പോലും മൂത്രമൊഴിച്ച് ഇവരുടെ നാക്ക് നനക്കാന്‍ മിനക്കെടില്ലെന്ന കാര്യം തീര്‍ച്ചയാണ്. 
റോഡരികില്‍  മൂത്രമൊഴിക്കും. ചെടിപ്പടര്‍പ്പിന്റെ മറവിലോ റെയില്‍വേട്രാക്കിലോ തൂറും. ഒരു മുറി 'ച്ഛാത്തുവോ' ഒരുനേരം  അന്നമോ കിട്ടിയാലായി. ന്യൂ  മാര്‍ക്കറ്റില്‍ പോയാല്‍, ഭാഗ്യമുണ്ടെങ്കില്‍- ആരെങ്കിലും തൊലിയോടു കൂടി വലിച്ചെറിഞ്ഞ പഴക്കഷ്ണമോ ഷിങ്കാരയുടെ അരികോ കിട്ടും. പണക്കാര്‍ വലിച്ചെറിഞ്ഞ അവശിഷ്ടട്ടത്തിനായി  പിച്ചക്കാരുമായി തല്ലുകൂടും. പൈപ്പ് പൊട്ടിത്തെറിക്കുന്ന കറുത്ത നിറത്തിലുള്ള വെള്ളത്തില്‍ കുളിക്കും. ഞാന്‍ നിനക്ക്  വായിച്ച് തന്ന ആ കവിതയിലെ വരികള്‍ ഓര്‍മിക്കുന്നുണ്ടോ...
"കവിതേ, ഞാന്‍ നിന്നോട്  വിട പറയുന്നു
ഈ ലോകം മുഴുവന്‍ പട്ടിണിയിൽ  പൊരിയുന്നു
ഇളംചെമ്പ്  നീറമാര്‍ന്ന ചന്ദ്രനെ  നോക്ക് -
ഒരു റൊട്ടിക്കഷ്ണം പോലെ തോന്നുന്നുവല്ലോ''




Wednesday, September 25, 2013




സര്‍ഫിങ്ങ്
''നിലവില്‍ എത്ര നോവലുകള്‍ എഴുതുന്നുണ്ട്...?''- ഇയര്‍ ബഡ്സ് വലത്തേചെവിയുടെ ആഴങ്ങളിലേക്ക് പാതാളക്കരണ്ടി പോലെ നിക്ഷേപിച്ച് എസ്. പി പുരുഷോത്തമന്‍ ചോദിച്ചു.

"രണ്ടെണ്ണം. മാതൃരാജ്യം ആഴ്ച്ചപ്പതിപ്പില്‍ 'മരണത്തിന്റെ നിറം പച്ച', സമകാലീന കേരളം വാരികയില്‍ 'ജാംബവാന്റെ കാലത്ത്''- എഴുത്തുകാരന്‍ പരിക്ഷീണനായി മൊഴി കൊടുത്തു. അയാളുടെ കണ്ണുകള്‍ മേശപ്പുറത്ത് കിടന്ന വെള്ളകടലാസുകളിലേക്ക് നീണ്ടു. മുഖഭാവം കൂടുതല്‍ ദീനമായി.

"എത്ര കഥാസമാഹാരങ്ങള്‍ പുറത്തിറക്കി?''- ചെവിയിലെ ഖനനം ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നതിനിടയില്‍ല്‍ എസ്. പി വീണ്ടും ചൂണ്ടലെറിഞ്ഞു.

"16''- ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം എഴുത്തുകാരന്‍ മൊഴിഞ്ഞു. "ദൈവമേ...!!''- കറുപ്പ്  നിറത്തില്‍ മുങ്ങിയ ബഡ്സിന്റെ അറ്റത്തേക്ക് നോക്കി പുരുഷോത്തമന്‍ നെടുവീര്‍പ്പിട്ടു. "കഴിഞ്ഞ മാസം മാത്രം നിങ്ങളുടെ ഇന്റര്‍നെറ്റ്‌ സര്‍ഫിങ്ങിന്റെ ചരിത്രമാണിത്''- മേശപ്പുറത്ത് കിടന്ന കടലാസ്കെട്ടിലേക്ക് അലക്ഷ്യമായി വിരല്‍ ചൂണ്ടി എസ്.പി പരിചയപ്പെടുത്തി. എഴുത്തുകാരന്‍ വരണ്ട ചേതനയെ ഒരുമാത്ര നനയ്ക്കാന്‍  ഉമിനീര് ഇറക്കി.

"82 പോണ്‍ സൈറ്റുകളില്‍ നിങ്ങള്‍ പറ്റുപടിക്കാരനാണ്. 38 എണ്ണത്തില്‍ ഗസ്റ്റ്. കൃത്യമായ മേല്‍വിലാസമില്ലാത്ത കൊറെ സൈറ്റുകള്‍ വേറെ. യ്യൂടൂബിലെ ചൂടന്‍ രംഗങ്ങള്‍ വേറെ...''- മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്നും ഒരു കവിള്‍ വെള്ളം വായിലേക്ക് പകര്‍ന്ന് എസ്.പി തുടര്‍ന്നു- "സൈബര്‍ സെല്ലിന്റെ കണക്കുകളാണ്. ജസ്റ്റ്  വേരിഫിക്കേഷന്‍ വേണ്ടി എന്റെ മുന്നില്‍ വന്നു. നിങ്ങളുടെ പേര് .......................... എന്റെ മസിലുടക്കി. ഞാന്‍ ഈ പൊസ്തകങ്ങളൊന്നും വായിക്കുന്ന ടൈപ്പല്ല. പക്ഷേ കൊറേ നല്ല എഴുത്തുകാര്‍ എന്റെ പരിചയക്കാരാണ്''.
ചെവിഖനനത്തി താല്‍ക്കാലിക വിരാമം. എസ്.പി മേശവലിപ്പ് തുറന്ന് ഒരു തീപ്പെട്ടികോലെടുത്ത് ചുണ്ടിന്റെ അറ്റത്ത് കത്തിക്കാത്ത സിഗരറ്റ് പോലെ വെച്ച് തുടര്‍ന്നു- "സത്യത്തില്‍...നിങ്ങള്‍ക്ക് വേറൊരു പണിയുമില്ലേ...?''. ഭൂകമ്പത്തില്‍ ഇടിഞ്ഞുതകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എത്തിാക്കുന്ന പുല്‍ക്കൊടി പോലെ എഴുത്തുകാരന്‍ തലഉയര്‍ത്തി.
"ഐ മീന്‍..കഞ്ഞി കുടിക്കാന്‍...?''- എസ്.പി ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുന്ന ഹര്‍ഷത്തോടെ ചോദ്യം ബൂട്ട്സിട്ട് ഞെരിച്ചമര്‍ത്തി. നിഷേധാര്‍ഥത്തില്‍ എഴുത്തുകാരന്‍ തല വിറപ്പിച്ചു. "അപ്പോള്‍ എഴുത്തിന്റെ അസംസ്കൃത വസ്തു- വാക്ക് ശരിയല്ലേ?- തപ്പിയാണ് സ്വപ്നാടകന്‍ പോലെ നിങ്ങള്‍ ഈ മാതിരി സൈറ്റുകളില്‍ മുങ്ങിനടന്നത് അല്ലേ...?''-എസ്.പി തീപ്പെട്ടികൊള്ളി കത്തിച്ച് (ഹോ... അത് ഒരു സിഗരറ്റായി മാറി) അന്വേഷിച്ചു. എഴുത്തുകാരന്‍ നെറ്റിയില്‍ കൈചേര്‍ത്തു. ചെറിയൊരു പനിക്കോളുണ്ടെന്ന് മനസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയില്‍, നാലും കല്‍പ്പിച്ച് പുരുഷോത്തമന്റെ ചുണ്ടിലെ കല്‍ത്തുമ്പ് നോക്കി- "യെസ്'' എന്ന് ഉരുവിട്ടു.

ഇടവേള


പിന്നീട് സംഭവിച്ചതൊക്കെ 15 മിിറ്റ് കഴിഞ്ഞാണ് എഴുത്തുകാര് പ്രകാശിതമായത്.

(15 മിനിറ്റുകള്‍ക്ക് മുമ്പ് -യെസ്' എന്ന് മൊഴിഞ്ഞതും, "................ മോനെ, നീയാര് ഷേക്ക്സ്പിയറോ...?. അവന്റെ ഒരു മറുഭാഷ. അവന്റെ ....... സാഹിത്യം'' എന്ന ആക്രോശം ജനിച്ചു  32 വര്‍ഷങ്ങള്‍ താണ്ടിയതിന്റെ ആയാസത്തോടെ അയാള്‍ ഓര്‍ത്തെടുത്തു. ഈ സീന്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നത്ി മുമ്പ് അയാള്‍ കസേര ഉള്‍പ്പടെ വലത്തേക്ക് വീണിരുന്നു)

"പോട്ടെ...ചിലപ്പോള്‍ എനിക്ക്  പെട്ടെന്ന് ടെമ്പര്‍ കയറും. പിന്നെ രാജി (എന്റെ ഭാര്യ) പിടിച്ചാല്‍ പോലും നിക്കത്തില്ലേ...''- എഴുത്തുകാരന്റെ ഇടംചുമലില്‍ തട്ടി എസ്. പി പുരുഷോത്തമന്‍ കളി പറഞ്ഞു.

പൊലീസ് സ്റ്റേഷില്‍ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോള്‍ എഴുത്തുകാരന്‍ വിയര്‍ത്ത് പിണ്ടിയായിരുന്നു. ബസ്സ്റ്റാന്‍ഡിടുത്തെ സൈഡ്റോഡില്‍ നിന്ന് പോക്കറ്റില്‍ കരുതിയ ഒടിഞ്ഞുമടങ്ങിയ സിഗരറ്റ് ചുണ്ടിലേക്കെടുത്ത് കത്തിക്കുമ്പോള്‍ അയാള്‍ ഭീതിയോടെ ഇടംവലം നോക്കി.


( സന്ദര്‍ഭം അയാര്‍ഥം . കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരുമായി ബന്ധം)


Monday, October 15, 2012

'മുറിഞ്ഞു പോയ ജപമാല'
'മുറിഞ്ഞു പോയ ജപമാല'-ഈ വാക്കുകള്‍ എത്ര ഉദാത്തമാണ്. അടുത്തകാലത്ത് വായിച്ച വരികള്‍ക്കിടയില്‍ നിന്നും ഈ വാക്കുകള്‍ മാത്രം എന്തോ എന്റെ മനസില്‍ ഉടക്കി നില്‍ക്കുന്നു.
എന്തിലോ, ഏതിലോ തട്ടിയുടക്കി പൊട്ടിപോയൊരു പാവം ജപമാല. സാറാജോസഫിന്റെ 'ഒതപ്പ്' എന്ന നോവലിലെ നായിക മര്‍ഗലീത്തയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്കെവിടെ....?.'ആലാഹയുടെ പെണ്‍മക്കള്‍', 'മാറ്റാത്തി' എന്നീ നോവലുകളുടെ ചക്രം പൂര്‍ത്തിയായത് 'ഒതപ്പി'ലാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ എന്റെ വായനയില്‍ ആ ചക്രം ഇനിയും പൂര്‍ത്തിയായിട്ടില്ല. 'ഊരുകാവലി'ലും, 'ആതി'യിലും അത് വികസിക്കുന്നു. ഒട്ടും സങ്കീര്‍ണ്ണമല്ലത്. ഭൂമിയിലെ എല്ലാ ഗര്‍ഭപാത്രങ്ങളുടെയും മിടിപ്പ് അതിലറിയാം. ആഴങ്ങളില്‍ നിന്നും ഒരുറവ പൊട്ടുന്നത് പോലെ സ്വഭാവികവും നൈസര്‍ഗികവുമായ ഒരു പ്രതിഭാസം. പ്രകൃതിയും പ്രേമവും മനുഷ്യസ്നേഹവും രാഷ്ട്രീയവും ലിംഗനീതിയും സ്വയം മുദ്ര പതിപ്പിച്ച, ചവിട്ടിക്കുഴച്ച മണ്ണ്. അതില്‍ എന്തും മുളപൊട്ടും. ഭിന്നസ്വരങ്ങള്‍ കൂടികുഴഞ്ഞ്, അതിസാന്ദ്രമായൊരു മറുഭാഷ ഈ കൃതികളില്‍ ഉരുവപ്പെടുന്നു....മര്‍ഗലീത്തയും ഫാ. റോയ് ഫ്രാന്‍സീസ് കരീക്കനും യോഹന്നാന്‍ കശീശയും അഗസ്റ്റിനും കണ്ടെത്തുന്ന ലോകങ്ങള്‍ എത്ര അന്തരപ്പെട്ടിരിക്കുന്നു...അനുരാഗം ആനന്ദമാണെന്നും ആനന്ദമാര്‍ഗം ദൈവത്തിന്റെ വഴിയാണെന്നും തിരിച്ചറിയുന്നു. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒന്നിനും  ആ ഭൂമികയില്‍ ഇടമില്ല. ഗര്‍ഭജലത്താലെന്ന പോലെ സര്‍വ്വവും ജ്ഞാനസ്നാനപ്പെടുന്ന സ്നേഹത്തിന്റെ പറുദീസയാണിത്. അരുവികള്‍ സ്നേഹയാനം തുടരുമ്പോള്‍, വിത്തുകള്‍ പലതും മൂളക്കത്തോടെ പൊട്ടി വിടരുമ്പോള്‍, കിളികള്‍ സങ്കീര്‍ത്തനം പൊഴിക്കുമ്പോള്‍ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും പൂര്‍ണ വിരാമം കുറിക്കപ്പെടുന്നു. മണ്ണില്‍ ചാലിച്ച് പൂര്‍ണത കൈവന്ന വിശുദ്ധി എത്ര ഉദാത്തമാണ്....

Saturday, June 23, 2012


ചേച്ചിപൂച്ചകള്‍
ഞാനും ചേച്ചിയും ഒന്നിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഞാന്‍ പഠിച്ചിരുന്നത് കെവിആര്‍ ഹൈസ്കൂള്‍ ഷൊര്‍ണ്ണൂരിലും അവള്‍ പഠിച്ചിരുന്നത് സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളിലുമായിരുന്നു. രണ്ടു സ്കൂളുകളോടും എനിക്കിഷ്ടമാണ്. വെള്ള ഷര്‍ട്ടും നീല പാന്റസുമണിഞ്ഞ് ഞാനും (ഏഴാം ക്ളാസിന് ശേഷം, അഞ്ചിലും ആറിലും ട്രൌസേഴ്സ്) ക്രീം ഷര്‍ട്ടും പച്ച പവാടയും അണിഞ്ഞ്, പച്ച റിബ്ബണ്‍ കൊണ്ട് മുടി പിന്നികെട്ടി അവളും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതിനിടയില്‍ ആരുമറിയാതെ ഞങ്ങള്‍ക്കിടയില്‍ ഒന്നും രണ്ടും മൂന്നും മഹായുദ്ധങ്ങള്‍ കഴിഞ്ഞിരിക്കും. എന്റെ കൈത്തണ്ടയില്‍ നിറയെ രക്തം പുരണ്ട ചന്ദ്രകലകള്‍ ഉദിച്ചിരിക്കും. പൂച്ച കൈപടം നിലത്തമര്‍ത്തുമ്പോള്‍ നീളുന്ന കൂര്‍ത്തനഖങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കുമുണ്ടായിരുന്നത്. എനിക്ക് അവളെ പേടിയായിരുന്നു. നാലു വയസ് മൂപ്പുണ്ടെങ്കിലും ചേച്ചി എന്ന് വിളിക്കാന്‍ എനിക്ക് മടിയായിരുന്നു. അത് ഇന്നും തുടരുന്നു. ഇടംകൈയ്യന്‍ സ്പിന്‍ബോളര്‍ ബിനോയിയോ സിക്സറടിച്ച്, മുന്നോട്ട് വീണ മുടി പിന്നിലേക്ക് മാടിയൊതുക്കുന്ന സഞ്ജയ്യോ അവളെ കല്യാണം കഴിക്കണമെന്ന് ഞാന്‍ ആശിച്ചു. എന്നാല്‍ കൂര്‍ത്തനഖങ്ങളെ പേടിച്ച് അവളോട് അത് പറഞ്ഞില്ല. 
മടക്കയാത്രകളില്‍ അവളുടെ കൂട്ടുകാരികളും ഉണ്ടാവും. ആസന്നമായ പരീക്ഷകളും പുതിയ ബോളിവുഡ് സിനിമകളും സഹപാഠികളെ കുറിച്ചുള്ള കുശുമ്പ് വര്‍ത്തമാനങ്ങളുടെയും ശബ്ദരേഖയായിരുന്നു ആ മടക്കയാത്രകള്‍. എന്ത് കേട്ടാലും അതെല്ലാം മുന്‍പേ അറിയാമെന്ന് ഭാവിക്കുന്ന സഹപാഠിയെ പറ്റിക്കാനായി 'ചിക്പഗ്' എന്ന ചോക്ളേറ്റ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും കഴിഞ്ഞ തവണ അച്ഛന്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ ഒരു പെട്ടി 'ചിക്പഗ്' കൊണ്ടുവന്നിരുന്നെന്ന് അവള്‍ തിരിച്ചടിച്ചതും പറഞ്ഞ് അവര്‍ പൊട്ടിചിരിച്ചപ്പോള്‍ ഞാനും അതില്‍ പങ്കാളിയായി. ഒരോ കണക്ക് പരീക്ഷയും കഴിഞ്ഞ് അവരുടെ പക്കല്‍ നിന്ന് മോറല്‍സയന്‍സ് ടെക്സ്റ്റും സ്നേഹസേനയും ലൈബ്രറി പുസ്തകങ്ങളും കിട്ടിയിരുന്നു. ഒരോ കണക്കുപരീക്ഷയിലും വഴികണക്ക് തെറ്റി വലഞ്ഞ് സെന്റ്തെരേസാസില്‍ എത്തുന്ന എന്റെ സങ്കടക്കടല്‍ ഏറ്റുവാങ്ങിയതും അവരാണ്.അവരില്‍ ചിലരെ ഫെയ്സ്ബുക്കില്‍ നിന്ന് ഞാന്‍ കണ്ടെടുത്തിരിക്കുന്നു. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി സുഖമായിരിക്കുന്നു.
ഒരുനാള്‍ സ്കൂളില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ 'ടര്‍ട്ടില്‍സ്' എന്നെഴുതിയ എന്റെ ബാഗിന്റെ പിന്നിലെ വള്ളി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയുടെ വശത്തെ കൊക്കില്‍ കുടുങ്ങിയതും, നിലതെറ്റി  റോഡിലേക്ക് വീണതും, ഒട്ടോ എന്നെ തട്ടിയിട്ടതും  ഓര്‍മ വരുന്നു. തല പൊട്ടിയ എന്നേയും കൊണ്ട് ആശുപത്രിയിലേക്ക് ഓട്ടോ കുതിക്കുമ്പോള്‍  അവളുടെ കണ്ണുകളില്‍ നീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. എനിക്ക് അതില്‍ ആഹ്ളാദം തോന്നി.
ആശുപത്രിയിലെ തണുത്ത ഇടനാഴിയില്‍ എന്റെ കൈത്തണ്ടയിലേക്ക് അമ്മ കരുതലോടെ വെച്ച നവജാതശിശുവിന്റെ നെറ്റിയില്‍ നിറയെ കുരുന്ന് രോമങ്ങളുണ്ടായിരുന്നു. തിരിതുണി പോലെ കുഴഞ്ഞ കൈത്തണ്ടയിലെ വിരലുകളിലെ കുഞ്ഞുനഖങ്ങള്‍  എന്നെ ആഹ്ളാദിപ്പിച്ചു. ഒരോ വര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. മനസിന്റെ അടിത്തട്ടിലുള്ള ഏതോ ചില ഓര്‍മകള്‍ കൂടി മാഞ്ഞു പോകുന്നതിന്റെ അവ്യക്തമായ ആശങ്കയാണത്. ചേച്ചിപൂച്ചകളെ കുറിച്ചുള്ള ഓര്‍മചിത്രങ്ങള്‍ക്കും ബാധകമാണ് ഈ പ്രകൃതിനിയമം.
'നരക' പാര്‍ടി
അമല്‍നീരദ് ഈ കൊച്ചുകേരളത്തില്‍ ജനിക്കേണ്ട ആളായിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കേണ്ട കാലഘട്ടവും ഇതാകേണ്ടിയിരുന്നില്ലെന്ന് പുതിയ സിനിമ 'ബാച്ച്ലര്‍ പാര്‍ടി' വ്യക്തമാക്കുന്നു. ചിലിയിലോ മെക്സികോയിലോ ഹോങ്കോങ്ങിലോ ചൈനയിലോ കുറഞ്ഞപക്ഷം ഹോളിവുഡിലോ ജനിച്ചിരുന്നെങ്കില്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം 'ബാച്ച്ലര്‍ പാര്‍ടി' നേടിയേനെ. ചിത്രം കാണുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രേക്ഷകര്‍ വിളിക്കുന്ന തെറിവിളികള്‍ കൂട്ടികിഴിച്ചാലും അടുത്തകാലത്തിറങ്ങിയ കലാപസൃഷ്ടികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'ബാച്ച്ലര്‍ പാര്‍ടി' തന്നെ. 'ബിഗ്ബി', 'സാഗര്‍ ഏലിയാസ് ജാക്കി', 'അന്‍വര്‍' തുടങ്ങി മലയാളസിനിമാചരിത്രത്തില്‍ കള്‍ട്ട് ക്ളാസിക് പദവി നേടിയെടുത്ത ചിത്രങ്ങള്‍ക്ക് ശേഷമാണ് അമല്‍ ബാച്ചിലര്‍മാരുടെ പാര്‍ടിയുമായി എത്തിയത്. 'ലൈഫ് ഈസ്‌ എ ബോറിംഗ് ഹൈവേ, ജസ്റ്റ്‌ ഓഫ്‌ റോഡ്‌ ഇറ്റ്‌ ' എന്ന പരസ്യവാചകവുമായി ഇറങ്ങിയ സിനിമ കണ്ടിരിക്കേണ്ട സൌഭാഗ്യമുണ്ടായ പ്രേക്ഷകര്‍ ഹൈവേ പോയിട്ട് ഒരു വെട്ടുവഴിയിയെങ്കിലും മുന്നില്‍ കണ്ടിരുന്നെങ്കില്‍ ഇറങ്ങി ഓടിയേനെ. ഒരു പക്ഷേ 30 കൊല്ലങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലെ അമൂല്യ സൃഷ്ടികളില്‍ ഒന്നായി ബാച്ച്ലര്‍ പാര്‍ടി വിലയിരുത്തപ്പെട്ടേക്കാം.
'വാളെടുത്തവന്‍ വാളാല്‍' എന്ന ബൈബിള്‍ വാചകമാണ് ചിത്രത്തിന്റെ മൂലം. അധോലോകവുമായി പൊക്കിള്‍ കൊടി ബന്ധമുള്ള നായകന്‍മാര്‍, അരയിലും, ഷൂസിലും ബെല്‍റ്റിനടിയിലും തോക്കുകളും ഗ്രനേഡുകളും ഒളിപ്പിച്ച് നടക്കുന്ന സ്ഫോടകശേഷിയുള്ള നായകന്‍മാര്‍, 'വാലാട്ടി പക്ഷികളെ' പോലെ എല്ലാം കുലുക്കി നടക്കുന്ന ഐറ്റംഗേളുകള്‍, 'അണ്ടര്‍വേള്‍ഡിനെ അണ്ടര്‍വെയറിനടിയില്‍' കൊണ്ടുനടക്കുന്ന പ്രതിനായകന്‍മാര്‍, അമല്‍നീരദ് ചിത്രങ്ങളുടെ ട്രേഡ്മാര്‍ക്കായ സ്ലോമോഷനുകള്‍......എല്ലാം ഈ പാര്‍ടിയില്‍ മോരും മുതിരയും പോലെ ഒത്തുചേര്‍ന്നിരിക്കുന്നു. 'ദി എക്സൈല്‍' എന്ന ഹോങ്കോങ്ങ് ചിത്രത്തിന്റെ കോപ്പിക്യാറ്റാണ് അമലിന്റെ പാര്‍ടിയെന്ന് ചില ദോഷൈകദൃക്കുകള്‍ പ്രചരിപ്പിക്കുന്നത് ഞാന്‍ വിശ്വസിച്ചിട്ടില്ല. കലാഭവന്‍മണി (അയ്യപ്പന്‍), ഇന്ദ്രജിത്ത് (ഗീവര്‍ഗീസ്), ആസിഫലി (ടോണി), ഫക്കീര്‍ (വിനായകന്‍), റഹ്മാന്‍ (ബെന്നി) എന്നീ ക്വട്ടേഷന്‍ സംഘങ്ങള്‍ മാറി മാറി പിടിക്കുന്ന ക്വട്ടേഷനുകളും അതിനിടയിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്ളൈമാക്സില്‍ മൂന്നാംലോക മഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന വെടിവെപ്പില്‍ എല്ലാ നായകന്‍മാരും കൊല്ലപ്പെടുന്നു. നരകത്തിലെത്തുന്ന നായകന്‍മാരും വില്ലന്‍മാരും നേരത്തെ അവിടെ സീറ്റ് ബുക്ക് ചെയ്ത നടി പത്മപ്രിയയുമായി 'കപ്പാ കപ്പാ കപ്പപുഴുക്ക്...' എന്ന പാട്ടും പാടി നൃത്തമാടുന്നതോടെ ചിത്രം കലാശിക്കുന്നു. വെള്ളിത്തിരയ്ക്ക് തീപിടിക്കുന്നു. നാട്ടുകാര്‍ ഇറങ്ങിയോടുന്നു. കൊട്ടക മുഴുവന്‍ കത്തി നശിക്കുന്നു....!!!!!!
ടുജി സ്പെക്ട്രം അഴിമതിയില്‍ നിന്നുള്ള കോടികണക്കിന് രൂപയുമായി കേരളം വഴി കടന്നുപോയ ട്രക്കിലെ അതികായനായ സെക്യൂരിറ്റിഗാര്‍ഡായി പൃഥ്വിരാജുമുണ്ട് ബാച്ച്ലര്‍ പാര്‍ടിയില്‍. സ്വന്തം കൈയ്യില്‍ നിന്ന് കാശു മുടക്കിയാണ് അമല്‍ ബാച്ച്ലര്‍ പിടിച്ചിരിക്കുന്നത്. അന്‍വറിന് പണമിറക്കിയ സഖറിയാസ് ബ്രദേഴ്സ് പിന്നീട് പതം പറഞ്ഞ് കേരളം മുഴുവന്‍ നടന്നത് ഓര്‍മിച്ചായിരിക്കണം അമല്‍ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞത്. ചിത്രത്തിന് തിരക്കഥയെഴുതിയ ആര്‍ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ഒരു 100 നല്ല കഥ എഴുതിയാലേ ഈ 'തിരക്കഥാപാപം' അവരുടെ തലയില്‍ നിന്നും മാറുകയുള്ളു. രമ്യാനമ്പീശന്റെ ന്യൂജനറേഷന്‍ യാത്ര എങ്ങോട്ടാണെന്ന് ഞാന്‍ വിസ്മയിക്കുന്നു. വ്യത്യസ്ത സ്റ്റൈലിലുള്ള മധുപാന-ധൂമപാന രംഗങ്ങള്‍ ഒരുപിടിയുണ്ട് ചിത്രത്തില്‍. കത്രികയുമായി നോക്കിയിരിക്കുക മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്ത സേവനമെന്ന് വേദനയോടെ തിരിച്ചറിയുന്നു. രാഹുല്‍രാജ്- റഫീഖ് അഹമ്മദ് ടീമിന്റെ ഗാനങ്ങളാണ് ഏക ആശ്വാസം. വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തി.  തുടര്‍ന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് സുഹൃത്ത് അമല്‍നീരദിനെ ഇടനെഞ്ചോടു ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു.