Monday, January 30, 2012

'മഴവില്ലിന് ചുവട്ടിലെ നിധി'
 "ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് പോലെ ഞാനും ആ മേത്ത ചെക്കനുമായി ഒരു പ്രശ്നവുമില്ല കേട്ടോ...ഞങ്ങള്‍ ഇന്നലെയും കണ്ടിരുന്നു. ഒരുപാട് തമാശകളും മറ്റും പറഞ്ഞിരുന്നു''- കാറോടിക്കുന്നതിനടയില്‍ പ്രിയപ്പെട്ട സത്യന്‍ മാഷ് പറയുന്നു. കേട്ടുകൊണ്ടിരിക്കുന്നത് എംടി. ഇന്‍ഡസ്ട്രിയില്‍ നസീര്‍-സത്യന്‍ ചേരിതിരിവുണ്ടെന്ന ചില ഉപഗ്രഹങ്ങളുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും പ്രചരണത്തെ കുറിച്ചാണ് സത്യന്‍ മാഷ് എംടിയോട് സൂചിപ്പിക്കുന്നത്. എംടി വാസുദേവന്‍ നായരുടെ ചലചിത്രസ്മരണകള്‍ കോര്‍ത്തിണക്കിയ 'ചിത്രത്തെരുവുകള്‍' എന്ന പുസ്തകം ഇത്തരം സ്മൃതികളുടെ ദീപ്തസമാഹാരമാണ്. സത്യന്‍, നസീര്‍, പി ഭാസ്കരന്‍, അടൂര്‍ ഭാസി, ശോഭനാപരമേശ്വരന്‍ നായര്‍, മോനിഷ, ബാലന്‍ കെ നായര്‍, ശങ്കരാടി...സിനിമയുടെ നിഴലും നിലാവും അക്ഷരങ്ങളിലേക്ക് പകര്‍ന്ന് എംടി ഇവരെ കുറിച്ചുള്ള മോഹിപ്പിക്കുന്ന ഓര്‍മ്മകള്‍ നമ്മളുമായി പങ്കിടുകയാണ്. എംടിയുടെ ഭാഷയില്‍ 'മഴവില്ലിന് ചുവട്ടിലെ നിധി' എടുക്കാന്‍ സഞ്ചരിച്ചവരാണ് ഇവരെല്ലാം. ചിലരെല്ലാം ചിലതെല്ലാം എത്തിപിടിച്ചപ്പോള്‍ ചിലര്‍ കാലിടറി വീണു.
ഭാസ്കരന്‍മാഷെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന 'കരിയാതെരിയുന്ന ചില കനലുകള്‍' നോക്കൂ. കാല്‍പ്പനികതയുടെ വസന്തമഴ പൊഴിക്കുന്ന കാവ്യകല്‍പ്പനകളുമായി മലയാളികളുടെ മനസില്‍ ഇടം പിടിച്ച മാസ്റ്റര്‍ക്ക് അവസാനനാളുകളില്‍ വിധി നല്‍കിയത് സ്മൃതി നാശമെന്ന ദുരന്തമായിരുന്നു. തിരുവനന്തപുരത്ത് 'ചലചിത്രയുടെ' പരിപാടിയ്ക്ക് പങ്കെടുക്കാന്‍ എത്തിയതാണ് എംടി. ലാറ്റക്സിന്റെ ഗസ്റ്റ്ഹൌസിലായിരുന്നു താമസം. മുറിയിലേക്ക് നീങ്ങുമ്പോള്‍ ഭാസ്ക്കരന്‍ മാസ്റ്റര്‍ മുന്നിലെത്തി. "വാസു.. എത്ര നാളായി കണ്ടിട്ട്...?'' എന്ന മുഖവുരയോടെ ഇരുവരും ഒരുപാട് സംസാരിച്ചു. "എന്താണിപ്പോള്‍ ചെയ്യുന്നത്...?'', "കൂട്ടുകാര്‍ക്കൊക്കെ സുഖമല്ലേ...?''മാസ്റ്റര്‍ ക്ഷേമാന്വേഷണങ്ങളുടെ കെട്ടഴിച്ചപ്പോള്‍ എംടിയുടെ മനസില്‍ സന്തോഷമായിരുന്നു. മാസ്റ്റര്‍ക്ക് ഓര്‍മ്മകുറവുണ്ടെന്ന് ചിലര്‍ പറഞ്ഞറിഞ്ഞിരുന്നു. എന്നാല്‍ തന്നെ തിരിച്ചറിഞ്ഞല്ലോ...എന്ന ആശ്വാസം. ഇരുവരും പിരിഞ്ഞു. വൈകിട്ട് വാതിലില്‍ മുട്ട് കേട്ട് തുറന്നപ്പോള്‍ മുന്നില്‍ ചിരിക്കുന്ന മുഖവുമായി വീണ്ടും ഭാസ്ക്കരന്‍ മാഷ്. "ഞാനിവിടെ മ്യൂസിയം മൈതാനത്ത് വൈകിട്ട് നടക്കാനിറങ്ങും. അപ്പോള്‍ ആരോ പറഞ്ഞു- വാസു എത്തിയിട്ടുണ്ടെന്ന്. അപ്പോള്‍ കണ്ടിട്ട് പോകാം എന്ന് കരുതി''-മാസ്റ്റര്‍ പറഞ്ഞു. രാവിലത്തെ കൂടികാഴ്ച്ചയും ക്ഷേമാന്വേഷണങ്ങളും ഏതോ കടല്‍ത്തിര അദ്ദേഹത്തിന്റെ മനസില്‍ നിന്നും മായ്ച്ച് കളഞ്ഞെന്ന് എംടി വേദനയോടെ തിരിച്ചറിഞ്ഞ മുഹൂര്‍ത്തം വായനക്കാരും ആ ദുഖഃത്തില്‍ പങ്ക് ചേരുന്നു.
അകാലത്തില്‍ അടര്‍ന്ന് വീണ താരം-മോനിഷയുടെ ചേതനയറ്റ മുഖത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍- "ഇപ്പോള്‍ അടഞ്ഞിരിക്കുന്ന ആ വലിയ കണ്ണുകള്‍ തുറക്കുമെന്നും എന്നെ നോക്കി മന്ദഹാസം പൊഴിക്കുമെന്നും തോന്നിപോയി''എന്നാണ് എംടി കുറിച്ചിടുന്നത്. കോഴിക്കോട് കലാസമിതിയുടെ വാര്‍ഷികത്തിന് പങ്കെടുക്കാന്‍ എംടിയുടെ പ്രത്യേക ക്ഷണപ്രകാരം സത്യന്‍ മാഷെത്തി. സത്യന്റെ അവസാനനാളുകള്‍. "അളകാപുരിയില്‍ അദ്ദേഹത്തിനായി കോട്ടേജ് പറഞ്ഞു വെച്ചിരുന്നു. വൈകിട്ട് മുറിയില്‍ ചെന്നപ്പോള്‍ ലുങ്കിയും ബനിയനും ധരിച്ച് വാതില്‍ തുറക്കാന്‍ വന്നു. വാതിലില്‍ മുട്ടിയപ്പോള്‍- ആരാണെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ കാഴ്ച്ച ശക്തി വല്ലാതെ കുറഞ്ഞിട്ടുണ്ടെന്ന് തോന്നി. ഞാന്‍ മുന്നില്‍ കയറി നിന്നപ്പോഴാണ് തിരിച്ചറിഞ്ഞത്''-നായകന്റെ അനിവാര്യമായ പതനം ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം കോറിയിടുന്നു.
'ഓപ്പോള്‍' എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ഭരത് അവാര്‍ഡ് നേടിയ ബാലന്‍ കെ നായരെ അനുമോദിക്കാന്‍ കോഴിക്കോട് ചേര്‍ന്ന യോഗം. മാനാഞ്ചിറ കടന്ന് ജനക്കൂട്ടം പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനാവാതെ എംടി മടങ്ങി. പിന്നീട് അതേ നഗരത്തില്‍ ബാലന്‍ കെ നായരുടെ വാര്‍ധക്യ കാലത്ത് ചേര്‍ന്ന സ്വീകരണയോഗത്തില്‍ ആളെ കൂട്ടാന്‍ സംഘാടകര്‍ പാടുപെടുന്നത് കണ്ട് എഴുത്തുകാരന്‍ ചോദിക്കുന്നു-'എത്ര ക്രൂരമായിട്ടാണ് ജനങ്ങള്‍ ഒരാളെ മറക്കുന്നത്...?'. അടൂര്‍ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് മദോന്‍മത്തനായി ശബരി മല ഇറക്കം, കടവ്, നിര്‍മ്മാല്യം തുടങ്ങിയ സിനിമകളുടെ സംഭവബഹുലമായ ചിത്രീകരണ വഴികള്‍, കോടാമ്പക്കത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍.... ഓര്‍മ്മകളുടെ കാര്‍ണിവെല്ലാണ് ചിത്രത്തെരുവില്‍ നടക്കുന്നത്...

Thursday, January 26, 2012

സോളമന്റെ തേനീച്ചകള്‍.......
"പോസ്റ്റ്മോര്‍ട്ടം ഒരാനാവശ്യ കാര്യമായിട്ടാണ് പരേതന്റെ ബന്ധുക്കളും സുഹൃത്തുക്കളും സ്വന്തക്കാരും  ഇപ്പോഴും കണക്കാക്കുന്നത്. ഒരു മുറിയില്‍ പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി ചില ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം അടച്ച് പൂട്ടിയിരിക്കുന്നത് എന്തിനാണെന്ന് മിക്കവരുടെയും സംശയം. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിച്ചവരാണെങ്കില്‍ പോലും 'എന്റെ കുട്ടിയുടെ ശരീരം കീറിമുറിക്കാതെ കൈയ്യില്‍ കിട്ടിയാല്‍ മതിയായിരുന്നു' എന്ന് വിലപിക്കുന്നവരാണ് രക്ഷിതാക്കളില്‍ അധികവും. രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും സഹായത്തോടെ ഇതിന് വേണ്ടി പരിശ്രമിക്കുന്നവരാണ് മിക്കവരും. എത്രയും പെട്ടെന്ന് തെളിവുകള്‍ നിരത്തണമെന്ന് മാത്രം ആവശ്യപ്പെടുന്ന പൊലീസുകാരും സര്‍ജന്‍മാരെ നിരന്തരം സമ്മര്‍ദ്ധത്തിലാഴ്ത്താറുണ്ട്. അജ്ഞത കൊണ്ടോ അറിവില്ലായ്മ കൊണ്ടോ സത്യത്തിന്റെ വാതിലുകളാണ് എന്നന്നേക്കുമായി കൊട്ടിയടക്കുന്നത് ഇവരൊന്നും തിരിച്ചറിയുന്നില്ല..
'' (ഡോ. ഷേര്‍ളി വാസു, പൊലീസ് സര്‍ജന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ്)
എറണാകുളം ലോകോളേജില്‍ നടന്ന ഫൊറന്‍സിക് സയന്‍സ് ശില്‍പ്പശാലയിലാണ് ഡോക്ടര്‍ ഷേര്‍ളി വാസു സര്‍ജന്‍മാരുടെ ധര്‍മ്മസങ്കടത്തെ കുറിച്ച് തുറന്നടിച്ചത്. പോസ്റ്റ്മോര്‍ട്ടം എല്ലാ അര്‍ത്ഥത്തിലും ദൈവികമാണ്. നാസ്തികനായ ഒരാള്‍ 'ദൈവികം' എന്ന പദം ഉപയോഗിക്കുന്നത് 'ദി മോസ്റ്റ് ഡിവൈന്‍' എന്ന അര്‍ത്ഥത്തിലാണ്. സൂക്ഷ്മമമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു കുറ്റകൃത്യത്തെ ഒരു കലാരൂപം തന്നെയായി ചിലര്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കലയും പൂര്‍ണ്ണമല്ല. 'പെര്‍ഫക്ഷനിസ്റ്റ്'ആകണമെന്ന് മികച്ച കലാകാരന്‍മാരെ പോലെ തന്നെ നല്ല കുറ്റവാളിയും ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പിന്തുടരപ്പെടാനും ശിക്ഷിക്കപ്പെടാനുമായി 'ദൈവത്തിന്റെ ഒരടയാളം' അയാളും അവശേഷിപ്പിക്കുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ കാര്യത്തില്‍ അത് മിക്കവാറും ഇരയുടെ ശരീരത്തിലോ, ശരീരം കിടന്ന പരിസരത്തിലോ ആവാം. കുറ്റവാളിയുടെ ശരീരം തന്നെ മിക്കപ്പോഴും അയാളെ ഒറ്റികൊടുക്കും. മുടി നാരിഴയോ, രക്തതുള്ളിയോ, പല്ലടയാളമോ,മറ്റ് സ്രവങ്ങളോ...അടയാളമായി അവശേഷിക്കുന്നു.ദൈവത്തിന്റെ ഈ അടയാളങ്ങള്‍ക്കായി ഇരയുടെ ശരീരഭൂപടം ഇഞ്ചിഞ്ചായി അരിച്ചുപെറുക്കുന്ന പര്യവേക്ഷകരായി പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സര്‍ജന്‍മാര്‍ അവതരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഇവര്‍ സോളമന്റെ തേനീച്ചകളാണ്*.
ഷേര്‍ളി വാസു തന്നെ നടത്തിയ ഒരു പോസ്റ്റ്മോര്‍ട്ടം വീഡിയോസെമിനാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ആ പ്രദര്‍ശനം കാണികളില്‍ മിക്കവരെയും അമ്പരപ്പിച്ചു കളഞ്ഞു. അഴുകി ജീര്‍ണ്ണിച്ച്, ദിവസങ്ങള്‍ പഴക്കമുള്ള ഒരു മൃതശരീരമാണ് അവര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. നഗ്നമായ, കറുത്തിരുണ്ട മൃതശരീരം അവര്‍ കഴുകി വൃത്തിയാക്കി. ശരീരത്തില്‍ കണ്ട ഒരോ പാടുകളും മറുകുകളും നോട്ട്സ് തയാറാക്കുന്നവര്‍ക്കായി വിളിച്ചു പറഞ്ഞു. പിന്നീട് സ്കാല്‍പല്‍ കൊണ്ട് താടിയുടെ അടി വശം തൊട്ട് അബ്ഡോമന്‍ വരെ നീണ്ട വര വരച്ചു. ഷര്‍ട്ട് ഊരിയെടുക്കുന്നത് പോലെ മാറിലെ മാംസാവരണം ഊരിയെടുത്തു. ആന്തരികാവയവങ്ങള്‍ ഒരോന്നായി പുറത്തെടുത്തു. തൂക്കിനോക്കി. പ്രത്യേക പരിശോധനയ്ക്ക് വേണ്ടവ മാറ്റിവെച്ചു. തലയോട് തുറന്ന് മസ്തിഷ്കം പരിശോധിച്ചു. 'മസ്തിഷ്കത്തില്‍ എന്തോ ആഘാതമേറ്റിട്ടുണ്ടെന്നോ' മറ്റോ നോട്ട്സ് എടുക്കുന്ന ആളോട് സൂചിപ്പിച്ചു. പിന്നീട് കണ്ട കാഴ്ച എന്നെ അടിമുടി ഉലച്ചുകളഞ്ഞു. അയാളുടെ ആമാശയത്തില്‍ നിന്നുമെടുത്ത വസ്തു അവര്‍ പരിശോധിക്കുകയാണ്. ദഹിച്ചതും ദഹിക്കാത്തതുമായ വസ്തുക്കള്‍ വേര്‍തിരിക്കുന്ന പ്രക്രിയ. അരിപ്പ പോലെയുള്ള പാത്രത്തിലിട്ടാണ് ഈ പ്രക്രിയ നടത്തുന്നത്. അല്‍പ്പ നേരം കഴിഞ്ഞ് തുന്നികെട്ടി 'കൈയ്യില്‍ കിട്ടിയതിനേക്കാള്‍ കുട്ടപ്പനായി' പരേതനെ അവര്‍ മാറ്റിയെടുത്തു. ചുണ്ടുകള്‍ പ്രത്യേക രീതിയില്‍ പിളര്‍ന്ന്, വിരൂപമായി കണ്ട മുഖം ബന്ധുക്കളെ  ഭയപ്പെടുത്താതിരിക്കാന്‍, ചുണ്ടുകള്‍ കൂട്ടിത്തുന്നി, മുഖത്തിന് സ്വാഭാവിക രൂപം നല്‍കി. ആ വീഡിയോ മിക്കവര്‍ക്കും കണ്ടിരിക്കാനുള്ള ത്രാണിയുണ്ടായില്ല. പെണ്‍കുട്ടികള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. പുരുഷന്‍മാരില്‍ ചിലര്‍ മറ്റിടങ്ങളിലേക്ക് ദൃഷ്ടിയയച്ച് ശമനം കണ്ടെത്തി.
സൌമ്യയുടെ കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടം വഴി ലഭിച്ചത് നിര്‍ണ്ണായകമായ തെളിവുകളാണ്. സൌമ്യയുടെ കേസില്‍ മാത്രമല്ല, അജ്ഞാതസ്ഥലികളില്‍ ക്രൂരമായ ബലാല്‍ത്സംഗങ്ങള്‍ക്ക് ഇരകളായി ജീവന്‍ പറിഞ്ഞുപോയ പെണ്‍കുട്ടികളുടെ ആത്മാവിന് (?) മോക്ഷം കിട്ടുന്ന രീതിയില്‍, ആ 'മൃഗഷ്യരെ' നിയമത്തിന് മുന്നിലെത്തിക്കുന്നതിന് പോസ്റ്റ്മോര്‍ട്ടവും ഒട്ടോപ്സിയും വഹിച്ച പങ്ക ് നിര്‍ണ്ണായകമാണ്. പുതുതലമുറയിലുള്ള ഡോക്ടര്‍മാരില്‍ പലര്‍ക്കും പോസ്റ്റ്മോര്‍ട്ടത്തില്‍ താല്‍പ്പര്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്. പോസ്റ്റ്മോര്‍ട്ടം സഹായികളെ കൊണ്ട് നടത്തുന്നവരും ശരീരം ഒന്ന് 'കീറി-തയ്ച്ച്' വെക്കുന്നവരും ഇവിടെ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സൌമ്യയുടെ കേസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത് താനാണെന്ന വാദഗതിയുമായി രംഗത്തെത്തിയ മഹാനുഭാവനായ ഭിഷഗ്വരന്റെ സേവനവും ഓര്‍മ്മിക്കുന്നു. (പോസ്റ്റ്മോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോഗ്രാഫുകള്‍, പരിചയസമ്പന്നയായ ഡോ. ഷേര്‍ളിവാസു ജൂനിയര്‍ ഡോക്ടറുടെ സഹായിയായി പോസ്റ്റ്മോര്‍ട്ടം ടേബിളിനരികില്‍ നില്‍ക്കുമോ...? എന്ന കോടതി യുക്തി, ഇവയാണ് അന്ന് സത്യത്തെ രക്ഷിച്ചത്)
സത്യത്തിന് വേണ്ടിയുള്ള ഈ മഹാപ്രയാണത്തിനിടയ്ക്കാണ് അതിനെ പരാമവധി തടയണമെന്ന ലക്ഷ്യവുമായി ചിലര്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും പോസ്റ്റ്മോര്‍ട്ടത്തിന് രണ്ട് മണിക്കൂര്‍ സമയം അനുവദിക്കുമ്പോള്‍ നമ്മുടെ കേരളത്തില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. പലയിടത്തും മൃതദേഹത്തിന് ചുറ്റും കൂടി നില്‍ക്കുന്ന മാന്യമഹാജനങ്ങളും നാടന്‍ ഡിറ്റക്ടീവുകളും പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് തന്നെ സ്വന്തം നിഗമനങ്ങളില്‍ എത്തിയിരിക്കും. ഈ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ജന്റെ നിഗമനങ്ങളെങ്കില്‍ ആക്ഷന്‍ കൌണ്‍സില്‍ എത്രയും പെട്ടെന്ന് ഒരു കുരിശുണ്ടാക്കി എത്തും- 'കുറ്റവാളികളെ രക്ഷിക്കാന്‍ കൂട്ടു നിന്ന ഡോ......... അറസ്റ്റ് ചെയ്യുക' എന്ന മുദ്രാവാക്യം അകമ്പടി സേവിക്കും. മരണത്തിന് ശേഷവും ഒരാളുടെ ശരീരത്തിന് അര്‍ത്ഥമുണ്ടാകുന്നത് അത് പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ എത്തുമ്പോഴാണ്. ജനി-മൃതികളുടെ സമസ്യകള്‍ ഇവിടെ പൂരിപ്പിക്കപ്പെടുന്നു. പൊരുളുകള്‍ പുനഃജനിക്കുന്നു....


* 'സോളമന്റെ തേനീച്ചകള്‍' മനോഹരമായ ഒരുപമയാണ്. ഒരു കുറ്റകൃത്യം മറ്റ് തെളിവുകള്‍ ഒന്നുമില്ലാതെ ക്ളോസ് ചെയ്യാനുറപ്പിക്കുന്ന വേളയില്‍, ഉന്നതമായ ഏതോ നീതിപീഠത്തില്‍ നിന്ന് സത്യത്തിന്റെ തേനീച്ചകള്‍ കുറ്റാന്വേഷകനെയൊ ഭൂമിയിലെ നീതിപീഠങ്ങളെയൊ തേടി പറന്നിറങ്ങി വരുന്നതിനെയാണ് 'സോളമന്റെ തേനീച്ചകള്‍' എന്ന മനോഹരമായ ഉപമ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Tuesday, January 24, 2012

പത്മരാജന്‍.....

പത്മരാജന്‍, താമരയുടെ രാജാവോ...? അങ്ങനെ ഒരു പേരോ..? (ലോല മിസ്ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കുട്ടി)
"അല്ല, ഇനി വരുമെന്ന് പറഞ്ഞിട്ട് വരാതിരിക്കുമോ...?''-കറുത്ത ടെലിഫോണില്‍ ക്ളാരയോട് ജയകൃഷ്ണന്‍ ചോദിക്കുന്നു. അത്രമേല്‍ കാതരമായ ചോദ്യമാണിത്. ആ സംഭാഷണത്തിന് ശേഷം റിസീവര്‍ വെച്ച ജയകൃഷ്ണന്‍ രണ്ടാമതും അതെടുത്ത് ചെവിയോട് ചേര്‍ക്കുന്നുണ്ട്. ആ പെണ്‍ശബ്ദം ഒന്നുകൂടി കേള്‍ക്കുമോ എന്ന ഒരാന്തലാണ് അയാളെ കൊണ്ട് അത് ചെയ്യിക്കുന്നത്.അത് ചെയ്യിച്ചത് പത്മരാജനാണ്.
'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍' എന്ന സിനിമയില്‍ വീട്ടുമുറ്റത്തേക്ക് സുഹൃത്തിന്റെ ബൈക്കില്‍ വരുന്ന പോള്‍ പൈലോക്കാരന്റെ (തിലകന്‍) വരവ് തിരക്കഥയിലെഴുതിയ ശേഷം പത്മരാജന്‍ ഇത്ര കൂടി എഴുതുന്നു-'അയാള്‍ ഒരു തൊപ്പി കഷണ്ടി മറക്കാനെന്ന പോലെ (?) വെച്ചിട്ടുണ്ട്'. കഥയുടെ അവസാനം പൈലോക്കാരനാല്‍ ചീത്തയാക്കപ്പെട്ട സോഫിയയെ ഏറ്റെടുക്കാന്‍ വന്ന സോളമന്‍ (മോഹന്‍ലാല്‍) അയാളെ അടിച്ചിടുമ്പോള്‍ ഇങ്ങനെ കൂടി കുറിക്കുന്നു. 'അയാളുടെ ചലനങ്ങളില്‍ ഒരു തവളയുടെ മന്ദത'.
ജോഷി സംവിധാനം ചെയ്ത് പത്മരാജന്‍ തിരക്കഥയെഴുതിയ 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്' എന്ന സിനിമയിലെ ഒരു രംഗം നോക്കൂ. റൊസാരിയോ കുടുബത്തെ കൊലപ്പെടുത്തിയെന്ന് എല്ലാവരും വിശ്വസിക്കുന്ന ക്രിസ്റ്റി (സുരേഷ്ഗോപി) യുടെ നാര്‍ക്കോഅനാലിസിസ് ടേപ്പ് കേള്‍ക്കുന്ന കുറ്റാന്വേഷകന്‍ ഹരിശങ്കര്‍ (മമ്മൂട്ടി). അയാളുടെ വിരല്‍തുമ്പില്‍ എരിയുന്ന സിഗരറ്റ്. മുന്നിലെ റെക്കോര്‍ഡറിലെ സൂചി മുന്നോട്ടും പിന്നോട്ടും ആടിയുലയുന്നു. ഒരു കുറ്റാന്വേഷകന്റെ മനസ് ശരി തെറ്റുകളിലേക്ക് സൂചി പോലെ ആടിയുലയുന്ന ദൃശ്യം.
'കൂടെവിടെ' സിനിമയില്‍ പോള്‍പുത്തൂരാനെ (റഹ്മാന്‍) ജീപ്പിടിച്ച് കൊന്നശേഷം ഹൌസ് അറസ്റ്റിലായ ക്യാപ്റ്റന്‍ തോമസിനെ (മമ്മൂട്ടി) കാണാനെത്തിയ ആലിസ് (സുഹാസിനി) താന്‍ ഊട്ടി വിടുകയാണെന്ന് തോമസിനോട് സൂചിപ്പിക്കുന്നു. ആ വാക്കുകള്‍ കേട്ട് ഒന്നും മിണ്ടാതെ നടന്നകലുന്ന തോമസ്. 'മൌനം ഘനീഭവിച്ച് നില്‍ക്കുന്ന തൂണുകളുള്ള ഇടനാഴിയിലൂടെ തോമസ് നടന്നകന്നു' എന്ന് പത്മരാജന്‍ കുറിച്ചിട്ടിരിക്കുന്നു. ആ ദൃശ്യം കണ്ടവര്‍ക്ക് പേന കൊണ്ടെഴുതിയതിനെ ഏത് രീതിയില്‍ ഫിലിമിലാക്കണമെന്ന് ധാരണയുള്ള ഒരു സംവിധായകനെ കാണാം.
ഐ വി ശശി സംവിധാനം ചെയ്ത 'കാണാമറയത്ത്' സിനിമയില്‍
തന്റെ ഇരട്ടി പ്രായമുള്ള റോയിച്ചനോട് (മമ്മൂട്ടി) ഷേര്‍ളിയ്ക്ക് (ശോഭന) തോന്നുന്ന അഭിനിവേശത്തിന് പിന്നില്‍ അയാള്‍ സിഗരറ്റ് കത്തിക്കാന്‍ ഉപയോഗിക്കുമ്പോള്‍ ജ്വാലയോടൊപ്പം  സംഗീതം കൂടി പൊഴിക്കുന്ന ലൈറ്ററിനും സ്ഥാനമുണ്ടല്ലോ...?
'മൂന്നാംപക്കം' നോക്കൂ. കടലില്‍ പോയ കൊച്ചുമകന്‍ ഭാസിയെ കുറിച്ച് കാര്‍ന്നോര്‍ കാണുന്ന പേക്കിനാവുകള്‍. കടപ്പുറത്ത് വളഞ്ഞ് പുളഞ്ഞ് നില്‍ക്കുന്ന തെങ്ങ്, മണല്‍പരപ്പ്, ചിത്രപണികളുള്ള വാതിലില്‍ വന്നിടിക്കുന്ന കൈത്തലങ്ങള്‍, കടലിനടയിലൂടെ നീന്തുന്ന ഭാസിയുടെ അവ്യക്തരൂപം, ഓടി തിരിഞ്ഞ് മണലിലൂടെ നടക്കുന്ന കാര്‍ണവര്‍ക്ക് മുന്നില്‍ കഴുത്ത് വരെ മണലിനാല്‍ മൂടപ്പെട്ട് കിടക്കുന്ന ഭാസി....ദൃശ്യബിംബങ്ങള്‍ കോര്‍ത്തിണക്കി മൃതിയുടെ സാഗരം തീര്‍ക്കുന്ന ഒരു തിരക്കഥാകൃത്ത് നമ്മുക്കുണ്ടായിരുന്നു.
പത്മരാജന്റെ ഏറ്റവും കരുത്തുറ്റ തിരക്കഥയാണ് 'കരിയിലക്കാറ്റ് പോലെ'. ആത്മകഥാസ്പര്‍ശമുള്ള ഹരികൃഷ്ണന്‍ (മമ്മൂട്ടി) എന്ന സാഹിത്യകാരനെ ചുറ്റിപറ്റിയുള്ള പത്മരാജന്റെ പ്രമേയത്തിന് മരണത്തിന്റെ ജ്വലനദീപ്തി. ഹരികൃഷ്ണന്റെ പൂര്‍ത്തിയാവാത്ത നോവല്‍ വായിച്ച് കുറ്റാന്വേഷക
ന്‍ അച്യുതന്‍കുട്ടി (മോഹന്‍ലാല്‍) പറയുന്നു- "എനിക്കിപ്പോ ഒരു സംശയം. നോവലില്‍ അങ്ങേര്‍ പറഞ്ഞത് പോലെ ഈ കേസും ആ ഒരു വൈറ്റല്‍ ക്ളൂവില്ലാതെ ക്ളോസ് ചെയ്യേണ്ടി വരുമോ...?''എന്ന്.
മലയാളത്തിലെ ഏറ്റവും പിരിമുറുക്കമുള്ള ചില രംഗങ്ങളും സംഭാഷണങ്ങളും ഈ ചിത്രത്തിലാണുള്ളത്. സാഹിത്യഅക്കാദമി ഹാളില്‍ വേദിയിലിരിക്കുന്ന ഹരികൃഷ്ണന്‍ ആദ്യം ശില്‍പ്പയെ (കാര്‍ത്തിക) കാണുമ്പോള്‍ പുഞ്ചിരിക്കുന്നു. പിന്നീട് മറവില്‍ നിന്ന അമ്മയെ (ശ്രീപ്രിയ) കാണുമ്പോള്‍ ഞെട്ടിതരിച്ച്  സിഗരറ്റ് കൊളുത്താന്‍ ശ്രമിക്കുന്നതും, ഹറിബറിയില്‍ സിഗരറ്റ് കൈയ്യില്‍ നിന്ന് തെറിക്കുന്നതും, വിയര്‍ത്ത് കുളിച്ച് വല്ലാത്തൊരു അവസ്ഥയില്‍ അയാള്‍ പാടുപെടുന്നതും എനിക്ക് പ്രിയപ്പെട്ട രംഗമാണ്. "മറ്റാരെയും കിട്ടാതെ ഡെസ്പറേറ്റായ ലോറി ഡ്രൈവര്‍മാര്‍ക്ക് നീയാലും മുഷിയില്ല. ഇറങ്ങി റോഡില്‍ ചെന്ന് നില്‍ക്ക്''-സുന്ദരിയല്ലാത്ത ശില്‍പ്പയുടെ അമ്മയോട്  മെയില്‍ ഷോവനിസ്റ്റായ ഹരികൃഷ്ണന്റെ ആക്രോശം. ശില്‍പ്പയെ മകളായി തിരിച്ചറിഞ്ഞ ഹരികൃഷ്ണന്റെ ആനന്ദം (ഫിലിം റോളുകള്‍ കൊണ്ട് ശില്‍പ്പയെ ഹരികൃഷ്ണന്‍ മൂടുമ്പോള്‍ ജോണ്‍സണ്‍ പകര്‍ന്ന പശ്ചാത്തല സംഗീതം).
സീസണില്‍ ഫാബിയനെ കൊന്നശേഷം വാനോടിച്ച് ജയിലിലേക്ക് മടങ്ങുന്ന ജീവന്റെ (മോഹന്‍ലാല്‍) ആത്മഭാഷണം എത്ര മനോഹരം- "വീണ്ടും എനിക്ക് തെരുവ് വിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു. ഇത്തവണ എത്ര കാലത്തേക്കെന്ന് അറിയില്ല. ഭാഗ്യത്തിന് ഇത്തവണ എന്റെ പേരില്‍ സാഹചര്യ തെളിവുകള്‍ ഒന്നുമില്ല. പകരം എന്റെ ഷര്‍ട്ടില്‍, ശരീരത്തില്‍ എല്ലാം തെളിവുകളാണ്''. 

അപ്പോള്‍ കള്ളന്‍ പവിത്രനെ മറക്കാമോ...? പാത്രകച്ചവടക്കാരന്റെ ഗോഡൌണിലെ പാത്രകാട്ടില്‍ നിന്ന് തടഞ്ഞ വിഗ്രഹവുമായി ഓടുന്ന പവിത്രന്‍ ഗദ്ഗദത്തോടെ പറയുന്നു- "കള്ളനാണെങ്കിലും നിഷ്ഠയുള്ളവനായിരുന്നു...''. തിങ്കളാഴ്ച നല്ല ദിവസത്തില്‍ അമ്മയുടെ മരണശേഷം വീട് വില്‍ക്കാനുള്ള തീരുമാനം ഉപേക്ഷിച്ച മകന്‍ പറയുന്നു- "അങ്ങനെ പോയാലെങ്ങനെയാ...അമ്മ പറയാറുള്ളത് പോലെ പഴയ വീടാ...ആളും അനക്കവും ഇല്ലാതെ ചിതല്‍ പിടിച്ച്വീഴും. മച്ചിലെ കാര്‍ണവന്‍മാര്‍ ക്ഷമിക്കില്ല. നമ്മുടെ കുട്ടികള്‍ ഇവിടെ വളര്‍ന്നോട്ടെ...ഈ കാറ്റ് കൊണ്ട്.. ഇവിടുത്തെ വെളിച്ചമേറ്റ്...അത് കൊണ്ടവര്‍ക്ക് ഒരു കൊറവും വരില്ല...നല്ലതേ വരൂ..''.തന്നെ തിരിച്ചറിയാത്ത ഭാര്യയെ പിന്നിലുപേക്ഷിച്ച് അപാരതയിലേക്കെന്ന പോലെ കാറില്‍ പോകുന്ന ഇന്നലെയിലെ നരേന്ദ്രനെയും ഓര്‍ക്കുന്നു.  സിനിമ വിശദീകരണത്തിന്റെ കലയാണെങ്കില്‍ പത്മരാജന്റെ തിരക്കഥകള്‍  നല്ല സിനിമയ്ക്കുള്ള എല്ലാം ഒത്തിണങ്ങിയ ബ്ളൂചാര്‍ട്ടുകളായിരുന്നു.

ഇത്രയും മാത്രം.....
അഴീക്കോട് മാഷ് ക്ഷീണിതനായിരുന്നു. വേദിയിലേക്ക് നടന്നുകയറാനും കസേരയില്‍ ഇരിക്കാനും കൂടുതല്‍ സമയമെടുത്തു. വിയര്‍ത്ത് കുളിച്ച് ട്യൂബ്ലൈറ്റിന്റെ പാല്‍നിലാവില്‍ സദസിനെ നോക്കി അല്‍പ്പനേരമിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടകരില്‍ ചിലര്‍ വേദിയിലെത്തി കസേരയോട് ചേര്‍ന്ന് നിന്ന് എന്തെല്ലാമോ പറയുന്നു. ചിലരൊക്കെ പരിചയം പുതുക്കാന്‍ അടുത്തെത്തി. അദ്ദേഹം എല്ലാവരെയും തിരിച്ചറിഞ്ഞോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ സംശയലേശമില്ലാതെ എല്ലാവര്‍ക്കും പുഞ്ചിരി വാരിവിതറാന്‍ മടിച്ചില്ല. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാളവാരാചരണം ഉദ്ഘാടനം ചെയ്യാന്‍ നവംബറില്‍ ഏറ്റിരുന്നെങ്കിലും രോഗപീഡകള്‍ യാത്ര അനുവദിച്ചില്ല. എറണാകുളത്തപ്പന്‍ മൈതാനത്ത് അദ്ദേഹം എത്തുമോയെന്ന കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നു. പക്ഷേ പറഞ്ഞതിലും പതിനഞ്ച് മിനിറ്റോളം വൈകി പരിചിതമായ കാര്‍ ഒഴുകിയെത്തി. വെള്ളയില്‍ പൊതിഞ്ഞ ശുഷ്കരൂപം വേദിയിലേക്ക് നടന്നടുത്ത്. എല്ലാ സൂര്യനും ചുറ്റുമുണ്ടാകാറുള്ള ഉപഗ്രഹവലയം അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. 
"വായനയുടെയും ചിന്തയുടെയും ലോകത്ത് നാം വലിയ അസ്തമനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്'' സുകുമാറിന്റെ പ്രഭാഷണം ആരംഭിച്ചു. പതിഞ്ഞ ജ്വാലയായി കൊളുത്തപ്പെട്ട് അത് ആളികയറുമെന്ന് എല്ലാവരെയും പോലെ പ്രതീക്ഷിച്ചു. വിവാദങ്ങള്‍ കുറിക്കാന്‍ നോട്ട്പാഡില്‍ പേനത്തുമ്പൊട്ടിച്ച് ഇരുന്നു. ഒരോ വാക്കിന് ശേഷവും സ്വഭാവികമായ വിറയല്‍. ആ വിറയല്‍ അടുത്ത വാക്കിലേക്കുള്ള വിജാഗിരിയാകും. വാക്കുകളുടെ വാതിലുകളെല്ലാം കൂടി ചേരുന്ന വലിയ വാതില്‍ ആണ് മാഷിന്റെ പ്രഭാഷണമെന്ന് തോന്നാറുണ്ട്. ഒന്ന്-ഒന്നര മണിക്കൂര്‍ ചേതന പിടിച്ചിരുത്താനുള്ള അദ്ദേഹത്തിന്റെ പാടവം അതുല്യമായിരുന്നു. അതാ...വാചകങ്ങള്‍ പലതും പകുതിയില്‍ കാലിടറി വീഴുന്നു. ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെ ചുമകള്‍ ആ ചുമലുകളെ വിറപ്പിക്കുന്നു. ഒന്നു രണ്ടു വട്ടം വെള്ളം കുടിച്ച് ആത്മതാളം കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്. വിയര്‍ത്ത് കുളിച്ച് സദസിലേക്ക് നോക്കി അദ്ദേഹം നിന്നു. "ഇപ്പോഴത്തെ കുട്ടികള്‍ക്ക് വായന കുറവാണ്. 25 വയസില്‍ ഞാനൊക്കെ എന്തൊക്കെ പുസ്തകങ്ങളാണ് വായിച്ചിരുന്നതെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഭയം തോന്നുന്നു''-ചുമകള്‍ വീണ്ടും അദ്ദേഹത്തെ പൊതിഞ്ഞു. 
വിജയന്‍മാഷുടെ പ്രഭാഷണം നേരിട്ട് കേള്‍ക്കാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം പറഞ്ഞതും എഴുതിയതും വായിച്ചിരുന്നു. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ കവിതാസമാഹാരത്തിന് അദ്ദേഹം എഴുതിയ അവതാരികവചനം പോല്‍-"രാത്രികളില്‍ നിന്ന് പകലുകളിലേക്കിട്ട പാലങ്ങള്‍ പോലെ, വാറ്റിയെടുത്ത മദ്യം പോലെയാണ് വൈലോപ്പിള്ളിയുടെ ഭാഷ''. ഹാ...!  കൊതിച്ചു പോയിട്ടുണ്ട്. വാറ്റിയെടുത്ത മദ്യം പോലെ ഒരു ഭാഷ...വിജയന്‍ മാഷ് മരിച്ചപ്പോള്‍ ആരോടും പറയാതെ ലോകമലേശ്വരത്തേക്ക് വണ്ടി കയറാന്‍ എന്നെ പ്രേരിപ്പിച്ചതും ആ വാക്കുകളാണ്. പക്ഷേ അഴീക്കോട് മാഷിന്റെ പ്രഭാഷണങ്ങള്‍ ഞാന്‍ പല വട്ടം കേട്ടിരുന്നു. ഏതൊരു പ്രഭാഷണവും കേള്‍ക്കാന്‍ ഇരിക്കുന്നത് പോലെ മനസിനെ വിദൂരസ്ഥലികള്‍ ഇഷ്ടം പോലെ മേയാന്‍ കടിഞ്ഞാണഴിച്ച് വിട്ട്, അങ്ങനെ കേട്ടിരിക്കുമ്പോള്‍... പക്ഷേ ഈ മനുഷ്യന്റെ വിറയ്ക്കുന്ന വാക്കുകള്‍ ഏതോ  ബിന്ദുവില്‍ ആ കടിഞ്ഞാണ്‍ തട്ടിയെടുക്കുകയും തുടര്‍ന്ന് മണിക്കൂറിലേറെ നേരത്തെ സൂചിപ്പിച്ച വാക്കില്‍ നിന്ന് വാക്കിലേക്കുള്ള വിജാഗിരി ഉറപ്പിക്കുന്ന നൈസര്‍ഗിക ക്രിയയിലേക്ക് ചേതസ്സിനെ ആവാഹിച്ചെടുക്കുകയും ചെയ്യും. 
വീണ്ടും ചുമകള്‍..."ഡോക്ടര്‍മാര്‍ എന്നോട് അധികം സംസാരിക്കാന്‍ പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇത്രയും ദൂരം വന്ന സ്ഥിതിയ്ക്ക് ഇത്രയെങ്കിലും പറയണമല്ലോ...''-അഴീക്കോട് മാഷ് പ്രഭാഷണം നിര്‍ത്തി. കൈയ്യടികള്‍. 
ജോലി ചെയ്യുന്ന പത്രത്തിന്റെ ഓണാഘോഷ പരിപാടിയ്ക്ക് മാഷെത്തിയപ്പോള്‍ എല്ലാവരുടെയും ഒപ്പമിരുന്നു ഉണ്ടു. രണ്ട് ഗ്ളാസ് പായസം കുടിച്ചു. സന്തുഷ്ടനായി പറഞ്ഞു-"ഡോക്ടര്‍മാര്‍ മധുരം തൊടാന്‍ പാടില്ലെന്ന് കര്‍ശനമായി വിലക്കി. പക്ഷേ ഒന്നോ രണ്ടോ ഗ്ളാസ് ഒക്കെ കുടിക്കുന്നതില്‍ കുഴപ്പമില്ല അല്ലേ...?''. മഹാബലിയെ കുറിച്ച് ധാരാളം സംസാരിച്ച ശേഷം "ഈ ഓണവെയിലില്‍ മഹാനായ ബലിയെയും കാത്തിരുന്ന നിങ്ങള്‍ അല്‍പ്പബലിയായ എന്നെ കാണാനും വാക്കുകള്‍ക്ക് കാതോര്‍ക്കാനും തയാറായല്ലോ...സന്തോഷം...'' അദ്ദേഹം അന്ന് അവസാനിപ്പിച്ചത് ഇങ്ങനെയാണ്. മാഷ് കാറില്‍ കയറി പോയി. മൈക്ക് വെച്ച ചാനലുകാരോട് ഒന്നും പറഞ്ഞില്ല... ഖണ്ഡനവും മണ്ഡനവും ദേഷ്യമാണെങ്കിലും ഈ മനുഷ്യനെ ഇഷ്ടമായിരുന്നു. കാണുന്നതും കേള്‍ക്കുന്നതും ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിനായി...

Thursday, January 12, 2012


വെള്ളപൂച്ചയും ലൈന്‍വീടുകളും.....
പണ്ട് നാം സ്നേഹിച്ചവരകന്നോ, മൃതിപ്പെട്ടോ-
വന്‍ പകയോടെ ചേരി മാറിയോ പൊയ്പോകുന്നു. 
(വൈലോപ്പിള്ളി) 


"നിങ്ങള്‍ മാറി നിന്നേ മോഹനന്‍ ചേട്ടാ...ഇന്ന് ഞാന്‍ ഈ നായിന്റെ  മോനെ കൊല്ലും''. ജഡം പോലെ നില്‍ക്കുന്ന ഗംഗാധരന്‍ ചേട്ടന്റെ നേരെ കുതിക്കാനൊരുങ്ങുകയാണ് അമ്മുവിന്റെ അച്ഛന്‍. സത്യത്തില്‍ എനിക്ക് ഒന്നും മനസിലായില്ല. ലൈന്‍ വീടുകളുടെ ഉമ്മറത്ത് ധാരാളം പേര്‍ കൂടി നില്‍പ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ആശങ്കയുണ്ട്. ഗംഗാധരന്‍ ചേട്ടന്റെ ഭാര്യയും അമ്മുവിന്റെ അമ്മയും കരയുന്നുണ്ട്. അമ്മുവിന്റെ അച്ഛനെ ഒരുവിധം സമാധാനിപ്പിച്ച് തിണ്ണയില്‍ കൊണ്ടു പോയി ഇരുത്തി. ആശ്വാസവചനങ്ങള്‍ എന്തൊക്കെയൊ കാതില്‍ പറഞ്ഞാണ് അയാളെ ഒതുക്കിയത്. ആരോ കൊണ്ടുവന്ന ഒരു മൊന്ത വെള്ളം വായിലേക്ക് പകര്‍ന്ന് അയാള്‍ തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിപ്പായി. ഒരു കൈലി മാത്രമുടുത്ത ഗംഗാധരന്‍ ചേട്ടന്‍ തറഞ്ഞു പോയ മട്ടില്‍ അവിടെ തന്നെ നില്‍പ്പാണ്. എല്ലാവരും വെറുതെ നില്‍ക്കുകയാണെങ്കിലും അദൃശ്യമായ ഏതോ  മുറിവ് അവരുടെ ഉള്ളിലെല്ലാം തുറന്നിരിക്കുന്നുണ്ടെന്നും മുറികണ്ണിലൂടെ ചോര ഒഴുകുന്നുണ്ടെന്നും തോന്നി. എന്റെ കണ്ണുകള്‍ അമ്മുവിനെ തെരഞ്ഞു. തിണ്ണയുടെ ഏറ്റവും അറ്റത്ത് ഒരു പെറ്റികോട്ടിട്ട് കൌതുകം നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി നില്‍പ്പുണ്ടവള്‍. താന്‍ മൂലമാണ് ഈ പുകിലത്രയും ഉണ്ടാവുന്നതെന്ന് തോന്നിപ്പിക്കുന്ന ഒന്നും അവളുടെ നോട്ടത്തിലോ ഭാവത്തിലോ ഇല്ല. 
'മൊട്ടച്ചി' എന്ന് ഉറക്കെവിളിച്ച് അവളെ ദേഷ്യം പിടിപ്പിക്കുന്നത് ഞങ്ങളുടെ പ്രധാന വിനോദമായിരുന്നു. പത്ത്-പന്ത്രണ്ട് വയസ് കാണും അവള്‍ക്ക്. കാതില്‍ രണ്ട് സ്വര്‍ണ്ണ മൊട്ടുകള്‍. കാണാന്‍ അത്ര ചേലൊന്നുമില്ല. ഗംഗാധരന്‍ ചേട്ടന്‍ കയറി വാതിലടച്ചു. പിന്നെയും കുറെ നേരം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി പോവുകയും ഇരുട്ട് വീണപ്പോള്‍ ഒരു മിനി ലോറി മുറ്റത്ത് വന്ന് നില്‍ക്കുകയും ചെയ്തു. അവര്‍ വീട് മാറാനുള്ള നീക്കം തുടങ്ങി. തല്‍ക്കാലം ഓമന ചേച്ചിയുടെ വീട്ടിലേക്കും അത് കഴിഞ്ഞ് പുതിയ വീട് തപ്പി കണ്ടു പിടിച്ച് അങ്ങോട്ടും നീങ്ങാനാണ് പദ്ധതി. ഒന്നു രണ്ട് മണിക്കൂര്‍ കൊണ്ട് സാധനങ്ങളെല്ലാം പെറുക്കികെട്ടി ഗംഗാധരന്‍, ഭാര്യ ഓമന, മകന്‍ ഏഴാം ക്ളാസുകാരന്‍ ചന്തു എന്നിവര്‍ കൂടുമാറി. ലൈന്‍ വീടുകളില്‍ ഇത്തരം കൂടുമാറലുകള്‍ സ്വാഭാവികമാണ്. വാടകചീട്ടിന്റെ കാലം കഴിയുമ്പോള്‍ തനിക്ക് പിടിച്ച ആളല്ലെങ്കില്‍ ഹാജിയാര്‍ വീട് കാലിയാക്കാന്‍ പറയും. ശമ്പളത്തിനൊപ്പിച്ച് ഒരു ഇടം കണ്ടെത്തിയാല്‍ മുറ്റത്ത് വന്ന് നില്‍ക്കുന്ന മിനി ലോറിയില്‍ സാധനങ്ങള്‍ കുത്തിനിറച്ച് തൊട്ട് പിന്നാലെ ഒരു ജീപ്പിലോ കാറിലോ കുടുംബം അങ്ങോട്ടു നീങ്ങും. പക്ഷേ രണ്ടും മൂന്നും വര്‍ഷം താമസിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ടിട്ടുള്ള ഔപചാരികമായ യാത്രപറച്ചിലുകളോ പുതിയ വീട്ടിലേക്കുള്ള ക്ഷണങ്ങളോ ഗംഗാധരന്‍ചേട്ടന്‍ വീട് മാറിയപ്പോള്‍ ഉണ്ടായില്ല. വാക്കേറ്റവും തമ്മില്‍ തല്ലും ലൈന്‍ വീടുകളില്‍ പതിവാണ്. പക്ഷേ, അത്തരത്തില്‍ ഉള്ള കല്ലുകടികള്‍ മണിക്കൂറുകള്‍ കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ ഏറിയാല്‍ ആഴ്ച്ചകള്‍ കൊണ്ടോ പഴയ മട്ടിലാവുകയും ചെയ്യും. നേഴ്സായ ഓമനചേച്ചി വീട്ടിലില്ലാത്ത സമയത്ത്, ചന്തു സ്കൂളില്‍ പോയ സമയത്ത്, ഗംഗാധരന്‍ ചേട്ടന്‍ വീട്ടില്‍ തനിച്ചുള്ള സമയത്ത്, സ്കൂളില്‍ പോവാത്ത അമ്മു ഓമനചേച്ചിയുടെ വീട്ടിലേക്ക് പോയ സമയത്ത് ഉണ്ടായ എന്തോ സംഭവമാണ് ഇത്രയും വലിയ പൊട്ടിത്തെറിയിലേക്ക് വഴിമരുന്നിട്ടതെന്ന് കൂടി നിന്നവരുടെ അടക്കംപറച്ചിലുകള്‍ക്ക് ചെവിയോര്‍ത്തും,അമ്മയും അയല്‍വീട്ടിലെ ചേച്ചിമാരും തമ്മിലുള്ള ചര്‍ച്ചകള്‍ ഒളിച്ച് നിന്ന് കേട്ടും ഞാന്‍ മനസിലാക്കി. 
"നിങ്ങള്‍ മാറി നിന്നേ മോഹനന്‍ ചേട്ടാ...ഇന്ന് ഞാന്‍ ഈ നായിന്റെ  മോനെ കൊല്ലും''- എന്ന വാക്കുകള്‍ എന്റെ ഉള്ളില്‍ മുഴങ്ങി. അച്ഛനും മറ്റുള്ളവരും പിടിച്ച് നിര്‍ത്തിയില്ലെങ്കില്‍ അയാള്‍ അത് ചെയ്തേക്കുമെന്ന് എനിക്കപ്പോള്‍ തോന്നി. കൊടുങ്കാറ്റിന്റെ ബലമുണ്ടായിരുന്നു അപ്പോള്‍ അയാള്‍ക്ക്...
വീട് മാറി പോയവര്‍ പണ്ടും വേദനിപ്പിച്ചിട്ടുണ്ട്. ഫാത്തിമ ചേച്ചിയുടെയും ഭര്‍ത്താവ് അക്ബറിന്റെയും പോക്കും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കാതില്‍ സ്വര്‍ണ്ണവളയങ്ങളിട്ട, നല്ല ചന്തമുള്ള സാരികളുടുക്കുന്ന, സുന്ദരിയായ ഫാത്തിമയെ കുറിച്ച് എന്നെ എടുത്ത് ഉമ്മ വെക്കുമ്പോള്‍ കുത്തുന്ന മീശയുള്ള അക്ബറിന് എപ്പോഴാണ് സന്ദേഹമുദിച്ചത്....?. കല്യാണം കഴിഞ്ഞ് വര്‍ഷമേറെയായെങ്കിലും അവര്‍ക്ക് ഒരു കുഞ്ഞിക്കാല്‍ (?) കാണാന്‍ യോഗമുണ്ടായില്ല. അക്ബറിന്റെ കുഴപ്പമാണെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ അത് മറച്ച് വെച്ച് ഫാത്തിമയ്ക്കാണ് പ്രശ്നമെന്ന് അക്ബര്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. പുറമേക്ക് കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും അവരുടെ ഉള്ളില്‍ പരസ്പര വിദ്വേഷത്തിന്റെ കനലെരിയുന്നുണ്ടായിരുന്നു. തന്നോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഫാത്തിമ മറ്റുള്ളവരുമായി ചില ഏര്‍പ്പാടുകള്‍ തുടങ്ങിയിട്ടുണ്ടെന്നായി അക്ബറിന്റെ പക്ഷം. രാത്രികാലങ്ങളില്‍ ചുവരുകള്‍ക്കപ്പുറത്ത് നിന്നും ശകാരങ്ങളും പൊട്ടികരച്ചിലുകളും പതിവായി. ഒടുവില്‍ അവര്‍ ഇരുവരും വീട് മാറി പോയി. അവര്‍ പിന്നീട് വേര്‍ പിരിഞ്ഞോ എന്ന കാര്യമൊന്നും എനിക്കറിയില്ല. 
വഴക്കുകള്‍ ചിലപ്പോള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നതിന് സാക്ഷിയായിട്ടുണ്ട്. റെയില്‍വേ ജീവനക്കാരനായ മുത്തുരാമന്റെ പത്നി രാധാലക്ഷ്മിയെ പറ്റി പാല്‍ക്കാരി പത്മാക്ഷി ഏതോ വീട്ടുകാരിയോട് പറഞ്ഞ നിര്‍ദോഷമായ കമന്റ്, ഇരുവരും തമ്മിലുള്ള ഗംഭീര സംഘട്ടത്തിന് വഴിയൊരുക്കി. തടിച്ചിയായ രാധാലക്ഷ്മിപത്മാക്ഷിയുടെ മെലിഞ്ഞ കഴുത്തില്‍ പിടിച്ച് അടുത്തുള്ള ചുവരോട്  ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ നിരങ്ങി നിലത്തേക്കിരുന്ന് ഒരു ഓടിന്‍ കഷ്ണമെടുത്ത പത്മാക്ഷിയേയും, രാധാലക്ഷ്മിയുടെ ശിരസില്‍ നിന്ന് ചോര ഫൌണ്ടെയ്ന്‍ പോലെ തെറിക്കുന്നതും, അവര്‍ നിലത്തേക്ക് വീഴുന്നതും ഞാന്‍ കണ്ടു. നാട്ടുകാര്‍ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. കുറച്ച് കഴിഞ്ഞ് പൊലീസുകാരെത്തി പത്മാക്ഷിയേയും കൊണ്ടുപോയി. 
ലൈന്‍ വീട്ടില്‍ നിന്നാണ് ഞാന്‍ ആദ്യമായി കല്യാണം കഴിക്കുന്നത്. ഞങ്ങളുടെ മൂന്ന് വീട് അപ്പുറത്തുള്ള മുസ്ളീം കുടുംബത്തിലെ സാബിദ ചേച്ചിയാണ് എന്റെ ഭാര്യയാണെന്ന് ഔദ്യേഗികമായി പ്രഖ്യാപനം നടത്തിയത്. സുന്ദരിയായ സാബിദ ചേച്ചി "ഞാനെ നിന്റെ കെട്ടിയോളാണേ...'' എന്ന് പറയുമ്പോള്‍ മൂന്നാം ക്ളാസുകാരന്റെ മുഖത്ത് വിടരുന്ന ലജ്ജ കാണുന്നതിലുള്ള തമാശയായിരുന്നു അതിന് പിന്നില്‍. "അപ്പോള്‍...താജിക്കയോ...?''. ഗള്‍ഫിലുള്ള സാബിദാത്തയുടെ ഭര്‍ത്താവ് താജുദ്ദീനെ ഉദ്ദേശിച്ച് ഞാന്‍ ചോദിക്കും. "അയ്യേ...അന്നെ കണ്ടതും ഞാന്‍ ഓരെ വിട്ടില്ലേ...''- എന്ന മറുപടി കൂടി കേള്‍ക്കുമ്പോള്‍ ഞാന്‍ നാണിച്ച് ചത്ത് പോകും. കാരണം ഒരു വെള്ള പൂച്ചയെ പോലെ സുന്ദരിയായിരുന്നല്ലോ സാബിദാത്ത...
'നായിക നശിച്ചാല്‍ നായകന് അവളെ ഏറ്റെടുത്ത് കൂടേ...?''

ബാലന്‍ കെ നായര്‍ സുമലതയെ ഓടിക്കുന്നു. മുറ്റത്തൊന്ന് വട്ടം ചുറ്റി നിന്ന പൂവന്‍ ചെമ്പരത്തി താടയാട്ടിയൊന്ന് ചിറക് വിടര്‍ത്തി നോക്കിയപ്പോള്‍ കണ്ട പെടയുടെ പിറകെ കുതിക്കുന്നത് പോലെയുള്ള ദൃശ്യം. മഞ്ഞ സാരിയണിഞ്ഞ സുമലത കാമുകന്‍ സത്താറിനെ കാണാനാണ് ആ ഇരു നില ബംഗ്ളാവിലേക്ക് ചെന്നത്. നമ്രമുഖിയായി 'ഗജരാജ വിരാജിത മന്ദഗതിയായി' അവള്‍ നടന്ന് വരുന്നത് മുകളിലെ ബാല്‍ക്കണിയില്‍ ചുരുട്ട് വലിച്ച് നില്‍ക്കുകയായിരുന്ന ബാലന്‍ കണ്ടിരുന്നു. മകനെ അന്വേഷിച്ച കാമുകിയോട് അച്ഛന്‍ ബാലന്‍ "ആ...അവന്‍ പുറത്തെങ്ങാണ്ട് പോയിരിക്കുകയാ..മോള്‍ കയറിയിരിക്ക്..'' എന്ന ചൂണ്ടലില്‍ കൊരുക്കി അകത്ത് കയറ്റി ഇരുത്തി. കോലായില്‍ എത്തിയ അവളോട് "മോള്‍ വാ..'' എന്ന് പറഞ്ഞ് മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി. അടുത്ത ഷോട്ടില്‍ റസലിങ്ങ് ആരംഭിച്ചു. എതിര്‍ക്കാന്‍ കിണഞ്ഞ സുമലത. കൂടം കൊണ്ട് കല്ല് പൊട്ടിക്കുന്ന മുഖഭാവത്തോടെ ആയുന്ന ബാലന്‍. ജനാലയിലൂടെ ഇതെല്ലാം കണ്ട് ഐസായി നില്‍ക്കുന്ന കാര്യസ്ഥന്‍ പപ്പു. ഒടുവില്‍ വിയര്‍ത്ത് കുളിച്ച്, മൂവന്തി നേരത്ത് പാടത്ത് നിന്ന് കയറുന്ന കൃഷീവലനെ പോലെ ബാലന്‍ ഉയരുന്നു. യവനിക വലിച്ച് താഴ്ത്തും പോലെ സുമലതയുടെ തെറുത്ത് കയറ്റിയ മഞ്ഞ സാരി വലിച്ച് താഴെയിടുന്നു. ചെറുപ്പത്തില്‍ കണ്ട ഏതോ സിനിമയില്‍ നിന്നാണ് ഈ ദൃശ്യം.ഇത്തരം സിനിമകള്‍ നട്ടുച്ചയ്ക്ക് ചാനലുകളില്‍  കണ്ട് വളര്‍ന്ന ബാല്യങ്ങള്‍ നിരവധി. പണ്ട് ടെലിവിഷന്‍ സ്ക്രീനുകളില്‍ ഇത്തരം സീനുകള്‍ തെളിയുമ്പോള്‍ അച്ഛനോ അമ്മയോ കുട്ടിക്ക് വേണ്ടപ്പെട്ടവരോ- "മോന്‍/മോള്‍ അകത്ത് പോയി കളിച്ചോ...'' എന്നോ മറ്റോ പറഞ്ഞ് നൈസില്‍ അവരെ ഒഴിവാക്കാറുണ്ട്.
'അങ്ങാടി' സിനിമയില്‍ സുരേഖ കുളിക്കാന്‍ തയാറായി കടവത്ത് നില്‍ക്കുന്ന വേളയില്‍ തലയില്‍ കര്‍ചീഫ് കെട്ടിയ സുകുമാരന്‍ ആ വഴി പാസ് ചെയ്യുകയും ആ മനോഹര ദൃശ്യത്തില്‍ വ്യാമുഗ്ദനായി അവിടെ തങ്ങി നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പടികളിറങ്ങി വന്ന സുകു സുരേഖയെ എണ്ണ തേപ്പിക്കുകയും തുടര്‍ന്ന് സംഭവിക്കേണ്ടതെല്ലാം സംഭവിക്കുകയും ചെയ്തു. നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ ക്യാമറ കുളത്തിലേക്ക് നോക്കുകയും പിന്നീട് ഓട്ടിറമ്പില്‍ നിന്ന് മഴത്തുള്ളികള്‍ ഇറ്റു വീഴുമ്പോള്‍ തിരിച്ചെത്തുകയും ചെയ്തു. മുഖ്യധാരാ സിനിമകളുടെ സവിശേഷതയാണ് ഇത്തരം പ്രതീതാത്മക ദൃശ്യങ്ങള്‍. ഐ വി ശശിയാണ് ബദല്‍ യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കെങ്കേമന്‍. 'ഉയരങ്ങള്‍' എന്ന സിനിമയില്‍ യുവാവായ എസ്റ്റേറ്റ് മാനേജര്‍ (മോഹന്‍ലാല്‍) മരിച്ചു പോയ കിഴവന്‍ മാനേജറുടെ ഭാര്യയെ (കാജല്‍കിരണ്‍) കിടക്കയിലെത്തിച്ച ശേഷം ചില ചില്ലറ പൊടികൈകള്‍ നടത്തുകയും ദൃശ്യം കട്ട് ചെയ്ത് വിറകുകള്‍ കത്തിയമരുന്ന ദൃശ്യത്തിലേക്ക് ഒട്ടിച്ചുചേര്‍ക്കുകയും ചെയ്തു. 'മൊണ്ടാഷ്' തുടങ്ങിയ സാങ്കേതിക സംജ്ഞാവലികള്‍ക്ക് പകരം 'ഒട്ടിച്ചുചേര്‍ക്കല്‍' എന്ന പദം പ്രയോഗിച്ചതിന് ഐസന്‍സ്റ്റീന്‍ പിതാവ് പൊറുക്കട്ടെ. ഉടയുന്ന കുപ്പിവളകള്‍, എരിഞ്ഞ് തീരുന്ന സിഗരറ്റ്, നുരഞ്ഞ് പതഞ്ഞ് പുറത്തേക്ക് തെറിക്കുന്ന ബിയര്‍, ആര്‍ത്തലച്ച് വീഴുന്ന വെള്ളച്ചാട്ടം, തേന്‍ നുകരുന്ന ചിത്രശലഭം, ചുവരില്‍ തറച്ച് വെച്ച ഇണകുരുവികളുടെ ചിത്രം....നീളുന്ന ഒട്ടിക്കല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് ഏതാണ്ട് പടിയിറങ്ങി പോയെന്ന് തന്നെ പറയാം.
കിടപ്പറ/റേപ്പ്/മഴനൃത്തം/ഐറ്റം തുടങ്ങിയവ വരുമ്പോള്‍ നമ്മള്‍ അത് കാണുന്നത് വേണ്ടപ്പെട്ടുന്നവര്‍ കാണുന്നുണ്ടെന്ന ജാള്യം മറയ്ക്കാനുള്ള പൊടികൈകളെ ഭാഗ്യരാജ് ഒരു സിനിമയില്‍ കാണിക്കുന്നുണ്ട്. ഉര്‍വ്വശിയും നായകനും തമ്മിലുള്ള ചൂടേറിയ ഒരു കിടപ്പറരംഗം വെള്ളിത്തിരയില്‍ കൊഴുക്കുമ്പോള്‍ വെള്ളമിറക്കി കൊണ്ട് ചുറ്റുംപാടും നോക്കുന്ന നായകന്‍ ഭാര്യയും കുട്ടികളും അത് കാണുണ്ടെന്ന് മനസിലാക്കി തന്റെ പക്കലുള്ള ചില്ലറ പൈസയോ താക്കോലോ നിലത്തിടുകയും കുടുംബത്തെ കൊണ്ട് രംഗം തീരുന്നത് വരെ തപ്പിക്കുകയും ചെയ്യുന്നുണ്ട്.
വില്ലന്‍ നായികയെ ഓടിച്ചിട്ട് പിടിച്ച് അവളെ കിടക്കയില്‍ കൊണ്ടിട്ട് ഇത്തരം ഒട്ടിക്കല്‍ ദൃശ്യത്തില്‍ രംഗമവസാനിച്ചാല്‍ കുട്ടികള്‍ പരസ്പരം, നെടുവീര്‍പ്പിട്ട്- "അവള്‍ നശിച്ചു...'' എന്ന് പറയും. പുഴയിലോ, റെയില്‍വേട്രാക്കിലോ കിടപ്പ് മുറിയിലോ അവളുടെ ജഡമേ പ്രതീക്ഷിക്കാവൂ എന്ന പ്രതീക്ഷ ഞങ്ങളുടെ ഉള്ളില്‍ വളരും. അതങ്ങനെയാണ്. അങ്ങനെയായേ പറ്റൂ.... എന്ന വിധാതാവിന്റെ വിധി കുട്ടിക്കാലത്തേ അംഗീകരിക്കാന്‍ പ്രചോദനം നല്‍കിയ ദൃശ്യങ്ങള്‍.
"നായിക നശിച്ചാല്‍ നായകന് അവളെ ഏറ്റെടുത്ത് കൂടേ...?'' എന്ന സംശയമൊന്നും ആര്‍ക്കുമില്ല. ഇനി അവളെ എന്ത് മണ്ണാങ്കട്ടയ്ക്ക് കൊള്ളും. എല്ലാം പോയില്ലേ...? കനപ്പെട്ട എന്തോ നിധി നായികയുടെ ശരീരത്തില്‍ നിന്ന് വില്ലന്‍ പറിച്ചെടുത്തുവെന്നും പ്രൊമിത്യൂസിന്റെ കൊത്തിയെടുക്കപ്പെട്ട കരള്‍ പോലെ അടുത്ത പുലരിയില്‍ വളര്‍ന്ന് വീണ്ടുമൊരു കൊത്തിയെടുക്കലിന് അത് പര്യാപ്തമാവില്ലെന്നും ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല.ഒരിക്കല്‍ പോയാല്‍ 'അത്' പോയത് തന്നെ. കൈകുമ്പിളിലെ വെള്ളം ചോര്‍ന്ന് പോയാല്‍ പിന്നെ......സോളമന്‍ മാത്രമാണ് മറിച്ചൊരു ഓപ്ഷന്‍ മലയാളികള്‍ക്ക് കാണിച്ച് തന്നത്. രാത്രിയുടെ വന്യതയില്‍ ടാങ്കര്‍ലോറിയില്‍ കുതിച്ചെത്തി 'എല്ലാം പോയ' സോഫിയയെ കയറ്റി കൊണ്ടുപോയ മുന്തിരി തോപ്പുകളിലെ സോളമന്‍. പോള്‍ പൈലോക്കാരന്‍ എന്ന തവളവില്ലന് രണ്ട് പൂശു പൂശി പെണ്ണിനെയും കൊണ്ടു പോയ മഹാനുഭാവന്‍. മലയാളസിനിമയുടെ ചരിത്രത്തില്‍ സോളമന്‍ സ്ഥാനം പിടിച്ചതും അങ്ങനെയാണ്. നായികയെ നശിപ്പിച്ച നായകന്‍ കുപ്പി പൊട്ടിച്ച് അവന്റെ പണ്ടത്തില്‍ കയറ്റി ജയിലില്‍ പോകുന്ന സീനിലാണല്ലോ പണ്ടൊക്കെ സിനിമകള്‍ അവസാനിച്ചിരുന്നത്.
ഇപ്പോള്‍ സിനിമകളില്‍ റേപ്പുകള്‍ കുറവാണ്. ഇല്ലെന്ന് തന്നെ പറയാം. സിത്താരയുടെ 'അഗ്നി' എന്ന ചെറുകഥയിലാണ് ഞാന്‍ പേടിച്ചു പോയ ഒരു റേപ്പ് അടുത്ത കാലത്ത് വായിച്ചത്. സാനിറ്ററി നാപ്കിന്‍ പോലും പൊട്ടിച്ചെറിഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യം ഭയങ്കരം തന്നെ. ആളുകളെ പേടിപ്പിക്കുന്ന കഥകളേ എഴുതൂ എന്ന് ചില കഥാകാരികള്‍ വ്രതമെടുത്താല്‍ വായനക്കാര്‍ പനി പിടിച്ച് കിടപ്പിലായി പോകും.
 മലയാളത്തിലെ ഏറ്റവും വലിയ റേപ്പ് സീന്‍ നടന്നത്-'ഒരിടത്തൊരു പോസ്റ്റ്മേന്‍' എന്ന നസീര്‍ ചിത്രത്തിലാണ്. വിജയശ്രീയെ ഓടിച്ചിട്ട് അക്ഷരാര്‍ത്ഥത്തില്‍ റേപ്പ് ചെയ്യാന്‍ ശ്രമിച്ച വില്ലനെ ഒടുവില്‍ വിധി പോലെ നസീറെത്തി തുരത്തിയോടിച്ചു. ചിലപ്പോള്‍ സാഹചര്യങ്ങള്‍ റേപ്പിന് കാരണമാവും. ഗര്‍ഭിണിയായ ഭാര്യ പ്രസവത്തിന് വീട്ടില്‍ പോയ കാലത്ത് ഉണ്ണിമേരിയെ പോലൊരു പാല്‍ക്കാരി മഴ നനഞ്ഞ് വന്നാല്‍ സോമനെ പോലൊരു നായകന്‍ എന്ത് ചെയ്യും...?. പാഥേയം, ഹിറ്റ്ലര്‍ തുടങ്ങിയ ചിത്രങ്ങളോടെ ഇത്തരം റേപ്പുകളുടെ കാലവും കഴിഞ്ഞെന്ന് പറയാം. "പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി ഷാജീീീ'' മാരും പടിയിറങ്ങി. പൊതുവേ രംഗം ശാന്തം. ഉഷാര്‍...

കുറിപ്പ്: ചാപ്പാകുരിശ് എന്ന സിനിമ ഉത്തരാധുനിക സിനിമയാണെന്ന് ചിലര്‍ വിലയിരുത്തിയത് ഫഹദ് ഫാസിലും രമ്യാനമ്പീശനും തമ്മില്‍ നടത്തിയ ലിപ് ടു ലിപ് കിസ് ഘടകം നോക്കിയാണ്. അങ്ങനെയെങ്കില്‍ ബാലനും ജനാര്‍ദ്ദനനും ജോസ്പ്രകാശും കെ പി ഉമ്മറും നടമാടിയ കാലം പോസ്റ്റ് പോസ്റ്റ് മോഡേണ്‍ അല്ലേ???

Tuesday, January 10, 2012

ഒരു മരണത്തിന്റെ പുരാവൃത്തം
ആംബുലന്‍സിന്റെ നിലവിളി ശബ്ദം പടി കടന്ന് വന്നപ്പോള്‍ ഞാന്‍ ചുരുട്ടി വെച്ച കോസടിയുടെ മുകളില്‍ കമിഴ്ന്ന് കിടന്ന് ബാലരമ വായിക്കുകയായിരുന്നു. 
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂള്‍ വിട്ട് വന്ന നാലാം ക്ളാസുകാരന്‍ വീട്ടില്‍ ആരുമില്ലാത്തത് കണ്ട് പകച്ച് അയല്‍ വീടുകളിലെല്ലാം അമ്മയെ തേടി നടക്കുകയും  "അമ്മ ഇപ്പോ വരും.പുറത്ത് എവിടെയൊ പോയിരിക്കാ..''-എന്ന ജമീലാത്തയുടെ ആശ്വാസവചനത്തില്‍ ശമിച്ച്, അവരുടെ വീട്ടില്‍ നിന്ന് ഉണ്ണുകയും ചെയ്തു. ശേഷം വീട്ടിലെത്തി കോസടിയില്‍ വീണ് പുതിയ ബാലരമ തപ്പിയെടുത്ത് വായനയില്‍ മുഴുകുകയും ചെയ്തു.
ആംബുലന്‍സില്‍ നിന്ന് ഒരു ഇരുമ്പ് കട്ടില്‍ (കാലില്ല..) പുറത്തേക്കെടുക്കുന്നതും കരഞ്ഞ് തളര്‍ന്ന് അവശയായ അമ്മയെ ആരൊക്കെയൊ ചേര്‍ന്ന് താങ്ങിപിടിച്ചിരിക്കുന്നതും ഗ്രില്‍ ചതുരങ്ങളിലൂടെ കണ്ടു. ഒരുപാട് പേര്‍ വീട്ടിലേക്ക് വന്നു. അവരെല്ലാം പരിസര പ്രദേശങ്ങളില്‍ കൂടി നിന്നവരാവും. അച്ഛന്റെ സുഹൃത്തുക്കള്‍ ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. ഉമ്മറത്ത് കൊണ്ടു വെച്ച ശരീരത്തിലേക്ക് നോക്കിയും കരഞ്ഞ് ചുവന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയും ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് നോക്കിയും സമയം കളയുന്നതിടയില്‍ ഒട്ടോറിക്ഷയില്‍ ചേച്ചി വന്നിറങ്ങി. പുറത്തെ തിരക്ക് കണ്ടതും രാജനങ്കിളിന്റെ പിടി പൊട്ടിച്ച് അവള്‍ ഓടി മുറ്റത്തേക്ക് കയറുകയും അച്ഛന്റെ ശരീരത്തിലേക്ക് വീഴുകയും ചെയ്തു. ഓടിന്റെ പഴുതിലൂടെ വെളിച്ചത്തിന്റെ കീറ് വെള്ള പുതച്ച ശരീരത്തിലേക്ക് വീഴുന്നു. കരഞ്ഞ് തളര്‍ന്ന് അബോധാവസ്ഥയിലേക്ക് അമ്മ വഴുതിയപ്പോള്‍ പച്ച സ്കേര്‍ട്ടും ക്രീം  ഷര്‍ട്ടും ഇട്ട ചേച്ചി ചുവരോട് ചേര്‍ന്നിരുന്ന് ശബ്ദമില്ലാതെ കരഞ്ഞു. രാത്രികളില്‍ കേള്‍ക്കാറുള്ള വിജയ്സൂപ്പര്‍ സ്കൂട്ടറിന്റെ കട കട ശബ്ദം, വില്‍സിന്റെ മണമുള്ള ചുംബനം, കൈയ്യില്‍ വെച്ച് തരുന്ന ജെംസിന്റെയോ ഫൈവ്സ്റ്റാറിന്റെയൊ പാക്കറ്റുകള്‍...ഇനി മുതല്‍ ഇതൊന്നും കിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനും കരയുമായിരുന്നു. അതുമല്ലെങ്കില്‍ ചില അപൂര്‍വ്വദിവസങ്ങളില്‍ നേരത്തെ വന്നാല്‍, എന്നെയും സ്കൂട്ടറിലിരുത്തി ട്യൂബ്ലെറ്റിന്റെ പാല്‍നിറമുള്ള കടകളിലേക്ക് കൂട്ടി കൊണ്ടുപോയി ചോദിക്കുന്നതെന്തും വാങ്ങിച്ച് തന്നിരുന്ന, അതുമല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനരികിലുള്ള കവിതാഹോട്ടലില്‍ കൊണ്ടിരുത്തി മുന്നില്‍ കൊണ്ട് വെച്ച വിഭവങ്ങള്‍ നോക്കി മന്ദിച്ചിരിക്കുന്ന എന്നോട് സ്നേഹത്തോടെ- "കഴിക്കെടാ..'' എന്ന് ചെറുപുഞ്ചിരിയോടെ പറയാറുള്ള ആള്‍ ഇനിയില്ലെന്ന് പറഞ്ഞാലും മതിയായിരുന്നു. ആര്‍ക്കും സമയമില്ലാത്തതിനാല്‍ അങ്ങനെയുള്ള വിശദീകരണങ്ങള്‍ക്കും ഇടയില്ലായിരുന്നു. ആള്‍ക്കാര്‍ക്കിടയിലൂടെ നൂണ്ട് മുറിയില്‍ കയറിയ ഞാന്‍ കട്ടിലില്‍ കയറി ജനലിലൂടെ ഉമ്മറത്തെ കാഴ്ച്ചകള്‍ കണ്ടു. കറുപ്പായിരുന്നു അച്ഛന്റെ നിറം. മുഖം ഒന്നു കൂടി കറുത്തിട്ടുണ്ടെന്ന് തോന്നി. മുഖത്തിന്റെ പാതി മറയ്ക്കുന്ന കെട്ടും മൂക്കിലെ തുളകളില്‍ തിരുകിയ പഞ്ഞിയും എന്നില്‍ വല്ലായ്മ ഉണര്‍ത്തി. പഞ്ഞിയില്‍ ചുവപ്പ് നിറം പടരുന്നുണ്ടോയെന്നും സന്ദേഹിച്ചു. നേരം വൈകുംതോറും മുറിയ്ക്കുള്ളിലെ മുഖങ്ങളുടെ എണ്ണം കൂടി. ആദ്യമൊക്കെ എനിക്ക് അതിന് ഒരു കണക്കുണ്ടായിരുന്നു. പിന്നെ, അതും മറന്നു. ലൈന്‍ വീട്ടിലെ കുടുസ് മുറിയില്‍ പുഴുക്കമേറി. കണ്ണുകളടച്ചു....
കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഓടുന്ന ജീപ്പില്‍ രാജനങ്കളിന്റെ മടിയിലായിരുന്നു. "നാട്ടിലേക്കാ...?'' എന്ന ചോദ്യത്തിന് മുറുകിയ മുഖത്തോടെ- "ഉം...'' എന്നൊരു മൂളല്‍ മാത്രം വെച്ചു തന്നു. ഓടിയകലുന്ന വെളിച്ചം. മുന്നിലെ കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ ആംബുലന്‍സ് പായുന്നുണ്ട്. നീല വെളിച്ചം അതിന്റെ തലയില്‍ കറങ്ങുന്നുണ്ട്. വീട്ടില്‍ ഉച്ചയ്ക്ക് വന്ന ആംബുലന്‍സ് തന്നെയാണ് അതെന്ന് എനിക്ക് തോന്നി. ചേച്ചിയും അമ്മയും കാണാതായിരിക്കുന്ന വിവരം ഞെട്ടലോടെ മനസിലാക്കിയപ്പോള്‍ ഒരു കരച്ചിലിന് വായ തുറന്ന എന്നെ രാജനങ്കിള്‍ ചേര്‍ത്ത് പിടിച്ച്. ഓടിയകലുന്ന വെളിച്ചം..കടകള്‍, പാലങ്ങള്‍, പുഴകള്‍, വയലുകള്‍, ഇരുട്ടിലും പുറത്തേക്ക് നോക്കിയിരുന്നു ഞാന്‍. പിന്നെ എപ്പോഴോ വീണ്ടും മയങ്ങി.
കണ്ണ് തുറന്നപ്പോള്‍ ആറ്റിങ്ങലിലെ അച്ഛന്‍ വീട്ടില്‍- "എന്റെ കൊച്ചിക്ക പോയേ...'' എന്ന അമ്മൂമ്മയുടെ നിലവിളി. അച്ഛന്റെ തലയുടെ രണ്ട് വശങ്ങളില്‍ പൊളിച്ച തേങ്ങയില്‍ തിരി എരിയുന്നതിലായിരുന്നു എന്റെ ദൃഷ്ടി. ചുവന്ന പട്ട് കൊണ്ട് മൂടിയിരുന്നു അച്ഛനെ. താഴെ പാടങ്ങള്‍ക്കപ്പുറത്ത് നിന്ന് കുറുക്കന്‍മാരുടെ ഓരിയിടലുകള്‍. മിന്നാമിനുങ്ങള്‍ ചെറു ടോര്‍ച്ചുമായി വീടിന് ചുറ്റും കറങ്ങുന്നുണ്ട്. നിലാവില്ലാത്ത രാത്രി. വയസികള്‍, വയസന്‍മാര്‍, ചെറുപ്പക്കാര്‍, കുട്ടികള്‍ എല്ലാവരും ഉണ്ട്. മുത്തച്ഛന്റെ റേഡിയോ ജനലരികില്‍ മൂകമായി ഇരിക്കുന്നു.
വോള്‍ട്ടേജ് കുറവായതിനാല്‍ ഇപ്പോള്‍ അച്ഛന്റെ മുഖം കാണാന്‍ വയ്യ. ചുവരില്‍ മുമ്പ് മരിച്ച് മണ്ണടിഞ്ഞവരുടെ ഫോട്ടോകള്‍ നിരത്തിയിരിക്കുന്നു. അവരുടെ തലയ്ക്ക് മുകളില്‍ മഞ്ഞയും ചുവപ്പും നിറങ്ങളുള്ള സീറോവോള്‍ട്ടുകള്‍ അപകടചിഹ്നം പോലെ മുനിഞ്ഞുകത്തി. മരണവീട്ടില്‍ നിന്ന് പോകുന്നവര്‍ തിണ്ണയില്‍ വെച്ചിരുന്ന ചുവണതുണിയിലേക്ക് പണമിടുന്നുണ്ടായിരുന്നു. (കച്ചപണം എന്നറിയപ്പെടുന്ന ഈ സമ്പ്രദായം അവിടുത്തെ ഒരു രീതി).
ചേച്ചിയും ഞാനും സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ്. അമ്മ എനിക്കിഷ്ടമില്ലാത്ത ഓറഞ്ച് അല്ലികള്‍ നിരത്തി വെച്ചത് പോലെ ഡിസൈനുള്ള സാരിയുടുത്ത് അകത്തെ മുറിയില്‍ ചുമര് ചാരി ഇരിക്കുന്നത് തുറന്നിട്ട വാതിലിലൂടെ ഞാന്‍ കണ്ടു. കോമളം ആന്റിയും അടുത്തിരിപ്പുണ്ട്. ശിവന്റെ നെഞ്ചില്‍ നൃത്തംചവിട്ടുന്ന ഭദ്രകാളിയുടെ ചിത്രത്തിലേക്ക് കൂടി നോട്ടമെത്തിയതോടെ ഞാന്‍ തളര്‍ന്നു. കണ്ണുകടഞ്ഞു പോയി. നിലവിളി പരമകാഷ്ഠയില്‍ എത്തിയപ്പോഴാണ് പിന്നെ ഞാന്‍ കണ്ണുകള്‍ തുറന്നത്. ഇരുമ്പ് കട്ടില്‍ പൊക്കി പിടിച്ച് ആരൊക്കെയൊ മുറ്റത്തേക്കിറങ്ങുന്നത് കണ്ടു. അമ്മയുടെയും ചേച്ചിയുടെയും വിതുമ്പലുകള്‍ ശബ്ദഘോഷത്തിനിടയില്‍ വേറിട്ടുകേട്ടു. താഴത്തെ പറമ്പിലേക്ക് വിലാപയാത്ര നീണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ ആരോ എന്നെ ഒക്കത്തെടുത്ത് താഴത്തെ പറമ്പിലേക്ക് നടന്നു. തെങ്ങില്‍ കെട്ടിയിട്ട ബള്‍ബുകളുടെ പ്രകാശത്തില്‍ ദീര്‍ഘചതുരാകൃതിയില്‍ ഉരുവം കൊണ്ട കുഴി കുരുമുളക് ഇലകളുടെ വിടവിലൂടെ ഞാന്‍ കണ്ടു. കുറുക്കന്‍മാരുടെ ഓരിയിടല്‍ ഉച്ചത്തിലായി. മനുഷ്യരുടെ നിലവിയും. കയറില്‍ തൂക്കിയ മരപ്പെട്ടി കുഴിയിലേക്ക് ഇറക്കി വെക്കുന്നു...എല്ലാവരും വീണ്ടും കരയുന്നു. എനിക്ക് കരച്ചില്‍ വന്നില്ല. ഇപ്പോള്‍ നടന്നതിനും ഇനി നടക്കാന്‍ പോവുന്നതിനും ഒന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന പൊട്ടിത്തരിപ്പ് എന്നിലുണ്ടാക്കിയത് അപ്പോള്‍ വീശിയ ചെറുകാറ്റിനാലാണോ...? എനിക്കറിയില്ല...കണ്ണുകടഞ്ഞ് പോകുന്നു..കണ്ണുകള്‍ അടഞ്ഞ്...അ....ട...ഞ്ഞ്...ആ രാത്രി അങ്ങനെ...