Thursday, December 8, 2011

ത്രികോണപ്രണയകഥയിലെ ഒരു ദുരന്തനായകന്....

ത്രികോണപ്രണയകഥയിലെ ഒരു ദുരന്തനായകന്....
ജയിക്കാന്‍ നാല് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോള്‍, ബാറ്റിങ്ങിനിറങ്ങിയ വാലറ്റക്കാരനെ പോലെയാണ് ഒരര്‍ത്ഥത്തില്‍ ത്രികോണപ്രണയ കഥയിലെ പരാജയപ്പെട്ട നായകന്‍. സിംഗിള്‍ എടുത്താല്‍ അപ്പുറത്ത് നില്‍ക്കുന്ന പേരെടുത്ത ബാറ്റ്സ്മാന്‍ സ്ട്രൈക്കെടുത്ത് ബൌണ്ടറി പായിച്ച് വിജയം നേടുമെന്ന പ്രതീക്ഷ അയാള്‍ക്കുണ്ട്. എഡ്ജോ പാഡോ തട്ടി ബോള്‍ ബൌണ്ടറിയിലേക്ക് പാഞ്ഞേക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ എണ്ണം പറഞ്ഞ ഒരു യോര്‍ക്കര്‍ അയാളുടെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചാല്‍, നിസംഗനായി, ഹെല്‍മെറ്റ് ഊരി കൈയ്യില്‍ പിടിച്ച്, സ്വയം പഴിച്ച്, തല കുനിച്ച് അയാള്‍ മടങ്ങുന്നു.
എല്ലാ ത്രികോണപ്രണയകഥയിലും ദുരന്തനായകന് ഇത്തരം പ്രതീക്ഷകളും സ്വപ്നങ്ങളും അവസാന നിമിഷം വരെ ശേഷിക്കാറുണ്ട്. താന്‍ മൂന്നാമനായി മാറുന്നതും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുന്നതും കളിക്കളത്തില്‍ മറ്റ് രണ്ടു പേരുടെ കളികള്‍ കണ്ടിരിക്കേണ്ടിക്കേണ്ടി വരുന്നതും അയാളുടെ വിധിയാണ്.
പെണ്‍കുട്ടിയ്ക്കും ആണ്‍കുട്ടിയ്ക്കും പരസ്പര സ്നേഹമുണ്ടെന്ന് അവര്‍ക്കിരുവര്‍ക്കും ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ മൂന്നാമന്‍ അപ്രത്യക്ഷനാവുക സ്വഭാവികമാണ്. പിന്നീട് അയാള്‍ ജീവിക്കുന്നത് ചില മിഥ്യാലോകങ്ങളിലായിരിക്കും. ഒറ്റപ്പെട്ട്, വിഷണ്ണനായി നടക്കുന്ന തന്നോട് പെണ്‍കുട്ടിയ്ക്ക് സഹതാപമുണ്ടാകുമെന്നും ആ സഹതാപം രണ്ടാമനോടുള്ള അനുരാഗത്തെ ജയിക്കുമെന്നും അയാള്‍ കരുതുന്നതാണ് ഒന്നാംഘട്ടം. എത്ര തീവ്രമായി, അസാധാരണമായി താന്‍ പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ടെന്ന് ആത്മസാക്ഷ്യം നടത്താന്‍ അയാള്‍ പലവട്ടം ഒരുമ്പെടും. പിന്നീട് 'എല്ലാം തുലഞ്ഞു പോകട്ടെ'എന്ന ജീവിതവീക്ഷണവുമായി അയാള്‍ അലഞ്ഞുതിരിയും.
കണ്‍മുന്നിലുള്ള ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലേറി ആത്മഹത്യയ്ക്ക് ഒരുമ്പെടുന്നതും അതറിഞ്ഞ് പെണ്‍കുട്ടി ഓടിയെത്തുന്നതും ഒടുവില്‍ കണ്ണീരോടെ രണ്ടാമനേക്കാള്‍ കൂടുതല്‍ അവള്‍ തന്നെ പ്രണയിക്കുന്നുവെന്ന് സമ്മതിച്ച് നെഞ്ചിലേക്ക് ചായുന്നതും മനസ് വീണ്ടും വീണ്ടും റിവൈന്‍ഡ് ചെയ്ത് കാണിക്കും. അതുമല്ലെങ്കില്‍ കുളിമുറിയില്‍ ഈ ലോകത്തെ മുഴുവന്‍ ഉള്ളിലൊതുക്കി കൊണ്ട് നില്‍ക്കുന്നതും മൂര്‍ച്ചയേറിയ ബ്ളെയ്ഡിന്റെ വായ്ത്തല ഉള്ളിലൊരു പുളിപ്പും ദേഹമാകെ പൊട്ടിത്തരിപ്പും ഉണ്ടാക്കി കൈത്തണ്ടയില്‍ ചുവപ്പുരേഖ ഉണ്ടാക്കുന്നതും, ചോരയൂറുന്ന കൈത്തണ്ട തണുത്ത വെള്ളത്തിലേക്ക് തൂക്കിയിടുന്നതും, നിഴലും നിലാവും ഊറിക്കൂടുന്ന വേളയില്‍ അകംപുറം മറിഞ്ഞ് മരിക്കുന്നതും, മരണശേഷം മൃതദേഹം കാണാന്‍ അവള്‍ എത്തുന്നതും, ആരോ എങ്ങനെയൊ മൂന്നാമന്റെ ഡയറിക്കുറിപ്പുകളും കാല്‍പ്പനിക ലിഖിതങ്ങളും പെണ്‍കുട്ടിയുടെ അടുത്ത് എത്തിക്കുന്നതും, രാത്രിയില്‍ എല്ലാം മയങ്ങിയ നേരത്ത് ബെഡ്ലാമ്പിന്റെ അരണ്ട വെട്ടത്തില്‍ എത്ര ഓടിയിട്ടും ഫിനിഷിങ്ങ് പോയിന്റില്‍ എത്താത്ത അയാളുടെ ദൈന്യമോഹങ്ങളും നഷ്ടനെടുവീര്‍പ്പുകളും ഓര്‍ത്ത് അവള്‍ നിശ്വസിക്കുന്നതും, അവള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും അവളെയും മറ്റ് പലതിനെയും കണ്ടു കൊണ്ട് അത് കണ്ട് നില്‍ക്കുന്നതുമുള്‍പ്പടെ അയാള്‍ പല കാഴ്ചകളും കണ്ടെന്നിരിക്കും. ഒരോ മെസേജ് റിങ്ങ്ടോണും അയാളുടെ ഹൃദയത്തെയും ശരീരത്തെയും പ്രകമ്പനം കൊള്ളിക്കും.
ടിവി സ്ക്രീനില്‍ സെവന്‍ ജി റെയിന്‍ബോ കോളനിയില്‍ ഹൃദയം തകര്‍ന്ന - 'കണ്‍പേസും വാര്‍ത്തകള്‍ പുരിവതിലൈ' എന്ന പാട്ടിലെ നായകന്റെ തല മാറുന്നതും തന്റെ തല പകരം കയറുന്നതായും അയാള്‍ സങ്കല്‍പ്പിക്കും. 'വാരണം ആയിരം' എന്ന സിനിമയിലെ 'അവ എന്ന എന്ന തേടി വന്ത അഞ്ജല..' എന്ന പാട്ടില്‍ പ്രണയം നഷ്ടപ്പെട്ട നായകന്‍ മയക്കുമരുന്നിന് അടിമയാകുന്നതും കൈത്തണ്ടയില്‍ വയര്‍ മുറുക്കി സിറിഞ്ച് അതിലേക്കിറക്കി ഉന്‍മാദഹാസം പൊഴിക്കുന്നതും അയാളെയും ഉന്‍മാദിയാക്കും. അടിമുടി കാല്‍പ്പനികതയിലും പകല്‍ക്കിനാവിലും മുഴുകി അയാള്‍ ഒരു 'എടുക്കാചരക്കാവും'. പിന്നെ 'പോട്ടെ പുല്ല്' എന്ന ഭാവത്തില്‍ സഞ്ചരിക്കുന്ന അയാള്‍ക്ക് മുന്നില്‍ പ്രണയലീലകള്‍ പിന്നെയും തുടരും. അടുത്തടുത്തിരിക്കുന്ന കാമുകി-കാമുകന്‍മാരെ ഒരു കൊല്ലിയുടെ മുകളില്‍ നിന്ന് അവര്‍ കാഴ്ച്ചകള്‍ കാണുകയായിരുന്നെങ്കില്‍ എന്ന് മൂന്നാമന്‍ ചിലപ്പോള്‍ സങ്കല്‍പ്പിച്ച് പോകും...........
വ്യക്തിപരമായ കാര്യമാണെങ്കിലും കലവറയില്ലാത്ത സ്നേഹവും സഹാനുഭൂതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് അയാള്‍ക്ക് സുലഭമായി കിട്ടിയെന്നിരിക്കും. സത്യത്തില്‍ ആരും ഈ കേസില്‍ കുറ്റക്കാരല്ലെന്ന് ബോധം തെളിയുന്ന വേളയില്‍ അയാള്‍ക്ക് ബോധ്യമുണ്ടാകും.
സത്യത്തില്‍ എന്തിന് വേണ്ടിയാണ് പ്രണയിക്കുന്നതെന്ന് ബോധ്യമില്ലാത്ത ഒരാള്‍ പ്രണയിക്കാന്‍ ശ്രമിച്ചതിന്റെ ഭവിഷ്യത്തുകളാണ് ഇതെല്ലാം എന്നയാള്‍ വീണ്ടും വീണ്ടും പറഞ്ഞ് ബോധ്യപ്പെടുത്തും. 'ശപിച്ച് കൊണ്ട് കൊഞ്ചുന്ന, മോഹിച്ച് കൊണ്ട് വെറുക്കുന്ന' പെണ്‍കുലത്തെ അയാള്‍ വെറുക്കാന്‍ പഠിക്കും. ഐസിലേറെയും തണുത്ത വെള്ളത്തില്‍ പോലും ചാടാന്‍ കഴിയാതെ മുന്‍കാലത്ത് ചൂടുവെള്ളത്തില്‍ വീണ അനുഭവമുള്ള ആ പൂച്ച മടിച്ച് നില്‍ക്കും. പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അസാധാരണമായ ഭയമുള്ള അയാള്‍ തന്റെ പിടിപ്പ്കേടാണ് പ്രണയനഷ്ടത്തിന് കാരണമായതെന്ന് വിലയിരുത്തി, ആ വിലയിരുത്തലില്‍ വെന്തുരുകും.
എത്ര മയത്തില്‍, സ്നേഹത്തില്‍ സംസാരിച്ചാലും-"നിന്നോട് ഇഷ്ടം തോന്നില്ല. നിന്റെ ചോദ്യങ്ങള്‍ക്ക് ഒരാത്മാര്‍ത്ഥയില്ലാത്ത പോലെ'' തോന്നുന്നുവെന്ന് ചിലര്‍ പറയുന്നത് കേട്ട് വിസ്മയിപ്പിച്ച്, പിന്നീട് ആത്മപരിശോധന നടത്തി അതും ശരിയാണല്ലോ എന്ന് കണ്ടെത്തി എനിക്ക് എന്തോ പറ്റിയല്ലോ...? എന്നോര്‍ത്ത് അയാള്‍ അന്തിച്ച് നില്‍ക്കും. പ്രശസ്ത നോവലിസ്റ്റായ ഓര്‍ഹന്‍ പാമുക് പറയുന്നത്- 'ഒരു പെണ്‍കുട്ടി ഒരാളെ പരിചയപ്പെട്ട് 20 നിമിഷത്തിനുള്ളില്‍, അയാള്‍ ഭാവിയില്‍ തനിക്ക് ആര്‍ക്കായിരിക്കണം...' എന്ന തീരുമാനം കൈകൊള്ളുമെന്നാണ്. എന്തോ അയാള്‍ക്കത് അങ്ങനെ വിശ്വസിക്കാന്‍ കഴിയില്ല. പുസ്തകങ്ങളില്‍ എഴുതി വെച്ചതെല്ലാം ആരെല്ലാമോ എത്രയോ പാടുപെട്ടും ചിന്തിച്ചും എഴുതി വെച്ചതാണെന്ന് പ്രാചീനമായ ഒരു വിശ്വാസം അയാള്‍ക്കുണ്ടെങ്കിലും, സ്വന്തം അനുഭവം തൊടാത്ത ഒരു വാക്കും അയാള്‍ ഇനി വിശ്വസിക്കില്ല....അതിനും ചില കാരണങ്ങളുണ്ട്.
പെണ്‍കുട്ടി ഇന്ന് കറുത്ത നിറത്തിലുള്ള ചുരിദാര്‍ ഇട്ടാല്‍ തന്റെയും അവളുടെയും മനസ് ഒരേ രീതിയിലാണ് ചിന്തിക്കുന്നതെന്ന് ആശ്വസിച്ച് നല്ല പ്രണയം സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു മഠയനായിരുന്നു അയാള്‍.അവളും താനും ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ റേഡിയോയില്‍ ചിത്രഗീതം പരിപാടി നടക്കുമ്പോള്‍ അടുത്ത് വരുന്ന പാട്ട് 'തൂവാനതുമ്പികളിലെ' 'ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി....' എന്ന പാട്ടാണെങ്കില്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് സങ്കല്‍പ്പിക്കുന്നതും മൂക്കിലൂടെയുള്ള സുഖകരമല്ലാത്ത ശബ്ദത്തില്‍- 'ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലചിത്ര ഗാനത്തില്‍ അടുത്തത് തുവാനതുമ്പികളിലെ ഒന്നാം രാഗം പാടി. ഗാനരചന: ശ്രീകുമാരന്‍ തമ്പി,സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ആലാപനം: ജി വേണുഗോപാല്‍' എന്ന് കേള്‍ക്കുന്നതും അതില്‍ വിസ്മയിക്കുന്നതും ആഹ്ളാദിക്കുന്നതും അയാളുടെ ശീലമായിരുന്നു. ബസില്‍ പോകുമ്പോള്‍ നീണ്ടു മെലിഞ്ഞ കൈത്തണ്ട മുകളിലെ കമ്പിയില്‍ ചുറ്റിപിടിച്ചിരിക്കുന്നതും, കാതിലെ സ്വര്‍ണ്ണനൂലിന്റെ അറ്റത്ത് പളുങ്ക്മണി കൊരുത്ത കമ്മല്‍ അയാളുടെ മനസ് പോലെ ആടിയുലയുന്നതും കാണുന്നതും അയാളില്‍ തരംഗമുയര്‍ത്തിയിരുന്നു. മാര്‍ക്വേസിന്റെ നോവലുകളിലെ പ്രണയത്തിന്റെ ജനാലയിലൂടെ ലോകത്തെ മുഴുവന്‍ കാണാനും ഏതോ തെരുവിലെ ഇലകള്‍ പൊഴിയുന്ന മരത്തിന് കീഴില്‍ പ്രണയിനിയെ കാത്ത് വഴിയോരത്തുള്ള ബെഞ്ചില്‍ യുഗയുഗാന്തരങ്ങളോളം കാത്തിരിക്കുന്നതാണ് പ്രണയമെന്നും അയാള്‍ ചിന്തിക്കും.
ഇതിനെല്ലാം ഉപരിയായി ഒരു പെണ്‍കുട്ടി തകര്‍ത്ത അഹന്തയുടെ കോട്ടകളുടെ അവശിഷ്ടങ്ങള്‍ പേറി സഞ്ചരിക്കേണ്ടി വരിക എന്നതാണ് അയാള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ പാരിതോഷികം. പെണ്‍കുട്ടികളോട് കൂടുതല്‍ മര്യാദയ്ക്ക് പെരുമാറാനും, ആ മര്യാദയില്‍ അഭിമാനിക്കാനുമുള്ള വക ഈ തകര്‍ച്ച അയാള്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

ഭൂമിയിലെ ദൈവത്തിന്റെ ചാരന്‍.....................

ഭൂമിയില്‍ ദൈവത്തിന്റെ ചാരനായിരുന്നു ഹെമിങ്വേ: ആര്‍ച്ചീബാള്‍ഡ് മാക്ലീഷ്.
മീന്‍ പിടിക്കാന്‍ കഴിയാതെ, ശിക്കാറിന് പോകാന്‍ സാധിക്കാതെ, കാളപ്പോര് ആസ്വദിക്കാനാവാതെ, മനസില്‍ ആഴത്തില്‍ പതിഞ്ഞ ചില മുദ്രകള്‍ തൃപ്തികരമായി എഴുതി പിടിക്കാനാവാതെ ഈ ജീവിതം എന്ത് ജീവിതമാണ്.....?, അങ്ങനെയുള്ള ജീവിതം 'പാപ്പയ്ക്ക്' വേണ്ട. അത് കൊണ്ട് ഭൂമിയില്‍ പിറന്ന ദൈവത്തിന്റെ സ്വന്തം ചാരന്‍ ആത്മാവിനെ ഇല്ലാതാക്കി.
"എല്ലാ കഥകളും നീണ്ടു പോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു. അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല'' 'ഡെത്ത് ഇന്‍ ദി ആഫ്റ്റര്‍ നൂണ്‍' എന്ന കൃതിയില്‍ ഹെമിങ്വേ തന്നെ കുറിച്ചിട്ട വരികള്‍. 1928 ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ക്ളാരന്‍സ് എഡ്വേര്‍ഡ് ഹെമിങ്വേയും ജീവന്‍ ഒടുക്കുകയായിരുന്നു. "എനിക്ക് വല്ലാത്ത ക്ഷീണം. മുകളില്‍ പോയി ഒന്നു മയങ്ങട്ടെ''എന്ന സ്നേഹത്തില്‍ പൊതിഞ്ഞ യാത്രാമൊഴി ഭാര്യയ്ക്ക് നല്‍കി സ്റ്റെയര്‍കെയ്സ് കയറി പോയ അദ്ദേഹം പിന്നീട് തിരിച്ചിറങ്ങുകയുണ്ടായില്ല.
വീട്ടില്‍ മടങ്ങിയെത്തിയ ഏണസ്റ്റ് അനിയന്‍ ലീസെസ്റ്ററോട് പറഞ്ഞു- "സംസ്ക്കാരസമയത്ത് കരയരുത്. എനിക്കത് നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ കരയട്ടെ. പക്ഷേ, നമ്മുടെ കുടുംബത്തില്‍ ആരും കരയരുതെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.''. 33 കൊല്ലങ്ങള്‍ക്ക് ശേഷം ഇഡാഹോവിലെ മലഞ്ചെരിവില്‍ ഒരു വെടിയൊച്ച കൂടി പ്രകമ്പനം സൃഷ്ടിച്ചു. ഇത്തവണ യാത്ര പോയത് പ്രിയപ്പെട്ട 'പാപ്പ' തന്നെയായിരുന്നു.
ജീവിതാഘോഷത്തിന്റെ മാസ്മരികതയിലൂടെ ലോകത്തെ വിശ്വസിപ്പിച്ച പാപ്പ, മനുഷ്യന്‍ അധൃഷ്യനാണെന്നും പോരാട്ടങ്ങള്‍ക്ക് അവനെ തോല്‍പ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും ഉള്ളിന്റെയുള്ളില്‍ എരിഞ്ഞുകത്തുന്ന ആത്മചൈതന്യത്തിന്റെ ദീപശിഖയെ കെടുത്താനാവില്ലെന്നും ഉള്ള ആപ്തവാക്യം ലോകത്തിന്റെ ചുവരിലെഴുതി വെച്ച പാപ്പ, ലഭ്യമായ എല്ലാ ഫോട്ടോഗ്രാഫിലും ചിരി മങ്ങാതെ മാത്രം ലോകം കണ്ട പാപ്പ.....എല്ലാ രീതിയിലും അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. എഴുത്തിന്റെ ശൈലിയില്‍, ജീവിതം ജീവിച്ച് തീര്‍ത്ത രീതിയില്‍, ഒടുവില്‍ കാലത്തിന് മുന്നില്‍ കീഴടങ്ങാതെ താന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മൃത്യുവുമായി കൂടിക്കാഴ്ച്ച നടത്തിയ മിടുക്കന്‍. 1954 ജനുവരിയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഹെമിങ്വേ മരിച്ചുവെന്ന് പത്രങ്ങള്‍ എഴുതിയിരുന്നു. ഹെമിങ്വേയും ഭാര്യയും സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റായ റോയ് മാര്‍ഷിന് നിയന്ത്രണം തെറ്റുകയായിരുന്നു. നിലത്ത് വീണ വിമാനത്തിന് തീ പിടിച്ചു. പൊന്തക്കാട്ടില്‍ നിന്നും സാരമായ പരിക്കുകളോടെ കയറി വന്ന ഹെമിങ്വേ ചിരിച്ച് കൊണ്ട് ചോദിച്ചു- "കുട്ടികളേ, ജീവിതം അത്ഭുതകരമല്ലേ...?''. പക്ഷേ അപകടത്തില്‍ ഭാര്യ മേരിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു.
പക്ഷേ ഹെമിങ്വേ മരിച്ചുവെന്ന് ലോകം കരുതി. പത്രങ്ങളില്‍ ചരമക്കുറിപ്പുകളും അനുശോചനലേഖനങ്ങളും മുഖപ്രസംഗങ്ങളും നിറഞ്ഞു. ആശുപത്രി കിടക്കയില്‍ അവയെല്ലാം വിസ്തരിച്ച് വായിച്ച് പൊട്ടിചിരിച്ച് പാപ്പ പറഞ്ഞു- "പല ചരമക്കുറിപ്പുകളും നന്നായിട്ടുണ്ട്. ചിലേടത്ത് വസ്തുതകള്‍ തെറ്റിയിരിക്കുന്നു. സത്യത്തില്‍, എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ ഞാന്‍ അര്‍ഹിക്കുന്നതല്ല''.
പ്രാപഞ്ചികമായ എതിര്‍പ്പുകളെ തച്ചുടച്ച് കൊണ്ട് മനുഷ്യന്‍ നടത്തുന്ന അജയ്യമായ യാത്രകളായിരുന്നു ഹെമിങ്വേയെ ഹരം കൊള്ളിച്ചിരുന്നത്. ലൈഫ് മാസികയില്‍ അച്ചടിച്ച് വന്ന 'കിഴവനും കടലും' അത്തരം അജയ്യഗാഥകളുടെ ഗിരിപ്രഭാഷണമായിരുന്നു. മാര്‍ലോ മത്സ്യത്തിന്റെ പിന്നാലെ ഒരു കടല്‍കിഴവന്‍ നടത്തുന്ന യാത്രകള്‍ ഉള്ളുലയ്ക്കുന്ന ഹെമിങ്വേ ശൈലിയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാക്കി. ക്യൂബന്‍ കടലുപ്പിന്റെ രുചിയറിഞ്ഞ പാപ്പയ്ക്ക് ആ പുസ്തകം ജീവിതത്തിന്റെ ഭാഗമായിരുന്നു. പുസ്തകത്തിന്റെ കൈയ്യെഴുത്ത് പ്രതി വായിച്ച ലേലന്റ് ഹോവാര്‍ഡ് നിറകണ്ണുകളോടെ ഹെമിങ്വേയോട് പറഞ്ഞു- 'പാപ്പ, ഇത് പ്രസിദ്ധീകരിക്കണം..'. 1952 സെപ്റ്റംബറില്‍ ലൈഫ് വാരികയില്‍ നോവല്‍ അച്ചടിച്ച് വന്നു. ആ വര്‍ഷം ലൈഫിന്റെ 50 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.
കൊടുമ്പിരി കൊള്ളുന്ന യുദ്ധരംഗത്ത് ഹെമിങ്വേ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടാളക്കാരനായും റെഡ്ക്രോസിന്റെ ആംബുലന്‍സ് ഡ്രൈവറായും യുദ്ധ റിപ്പോര്‍ട്ടറായും ഹെമിങ്വേ സേവനമനുഷ്ഠിച്ചു. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. നിരവധി സ്ത്രീകള്‍ ഹെമിങ്വേ എന്ന വാടകവീട്ടില്‍ അന്തിയുറങ്ങി. ഇറങ്ങി പ്പോയി. അപ്പോഴും പാപ്പാ പാപ്പ തന്നെയായി നിലകൊണ്ടു. അതിനിടയിലും അദ്ദേഹം എഴുതി കൊണ്ടേയിരുന്നു. "എഴുത്ത് ഒരു ആഫ്രിക്കന്‍ ശിക്കാര്‍ പോലെയാണ്. ഒരു സിംഹം വീണാല്‍ അടുത്തതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ശ്രദ്ധ മുഴുവന്‍ അതൊന്നില്‍ മാത്രമായിരിക്കും''. ഒരിക്കലും ക്ഷീണിക്കാത്ത പ്രതിഭയുടെ രസതന്ത്രം മനസിലാക്കാന്‍ ഈ ഒരു ഡയലോഗ് മാത്രം മതി.
1954ല്‍ നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ ഹെമിങ്വേ ആശുപത്രി കിടക്കയിലായിരുന്നു. അമേരിക്കന്‍ അംബാസിഡറാണ് ഹെമിങ്വേയ്ക്ക് വേണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങിയത്. നൊബേല്‍ സമിതിയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തെ എല്ലാ എഴുത്തുകാര്‍ക്കും ഇനി എഴുത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവര്‍ക്കും സുവിശേഷമായി തോന്നും- "പ്രസംഗിക്കാനുള്ള സൌകര്യമോ, അതുണ്ടെങ്കില്‍ തന്നെയും വേണ്ടത്ര വാക്പാടവമോ ഇല്ലാത്തതു കൊണ്ടാണ് ആല്‍ഫ്രഡ് നൊബേലിന്റെ മഹനീയമായ ഈ ഉദാരതയ്ക്ക് ഞാന്‍ ഈ വിധത്തില്‍ അധികൃതരോട് നന്ദി പറയുന്നത്. സമ്മാനം നേടാത്ത മഹാന്‍മാരായ സാഹിത്യകാരന്‍മാരെപ്പറ്റി അറിയുന്ന ഒരെഴുത്തുകാരനും താഴ്മയോടെയല്ലാതെ ഇത് സ്വീകരിക്കാന്‍ കഴിയില്ല.
യഥാര്‍ത്ഥ സാഹിത്യകാരന് ഒരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നേടാന്‍ കഴിയുന്നതിനപ്പുറമുള്ള എന്തോ നേടിയെടുക്കാനുള്ള മറ്റൊരു പരിശ്രത്തിന്റെ തുടക്കം. ഒരിക്കലും ചെയ്തിട്ടില്ലാത്തതോ മറ്റുള്ളവര്‍ ശ്രമിച്ച് പരാജയപ്പെട്ടതോ ചെയ്തു തീര്‍ക്കാനായിരിക്കണം അയാള്‍ എപ്പോഴും ശ്രമിക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ വല്ലപ്പോഴും മഹാഭാഗ്യം കൊണ്ട് അയാള്‍ വിജയിച്ചേക്കും. നന്നായി മുമ്പെഴുതപ്പെട്ട ചിലത് മറ്റൊരു വിധത്തിലെഴുതുകയേ വേണ്ടുവെങ്കില്‍ സാഹിത്യരചന എത്ര ലഘുവായിരിക്കും....!''. സാഹിത്യത്തോടുള്ള ഹെമിങ്വേയുടെ സമീപനവും ദര്‍ശനവും തെളിയിക്കുന്നതാണ് ഈ വാക്കുകള്‍. എഴുത്ത് എത്രത്തോളം ദുര്‍ഘടം പിടിച്ച ഷിക്കാറാണെന്നും ഈ വാക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തും.
പപ്പാ എന്ന ഓമനപേര് ഹെമിങ്വേ ഇഷ്ടപ്പെട്ടിരുന്നു. പരിചയത്തിലുള്ള പെണ്‍കിടാങ്ങളെയെല്ലാം 'മോളേ' എന്ന് വിളിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ആ പേര് കിട്ടിയതെന്ന് ജീവചരിത്രകാരന്‍മാര്‍ പറയുന്നു. പ്രസിദ്ധ നടി മേരിലിന്‍ ഡിയട്രി താനാണ് ആ പേരിട്ടതെന്ന് സൂചിപ്പിച്ചിരുന്നു. മേരിലിന്‍ മാത്രമല്ല നേരത്തെ പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ ജീവിതസത്രത്തില്‍ നിരവധി താമസക്കാരികള്‍ ഉണ്ടായിരുന്നു.
'മരണത്തിന്റെ ദിവസമാണ് മനുഷ്യന് ജനനത്തിന്റെ ദിവസത്തേക്കാള്‍ മനോഹരം', എം ടി വാസുദേവന്‍നായര്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്ന ആ മനോഹരമായ ആപ്തവാക്യം- 'ഒരു മരണത്തിന് നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു', തുടങ്ങി മൃത്യുവിനെ ആഴത്തിലറിഞ്ഞവന്റെ നിരവധി ആത്മഗതങ്ങള്‍ ഹെമിങ്വേയുടെ രചനാലോകത്തിലുണ്ട്. അതിനോടൊപ്പം തന്നെ വൈലോപ്പിള്ളി പാടിയത് പോലെ 'ഹാ! വിജിഗീഷു, മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപടം താഴ്ത്താന്‍' എന്ന മട്ടിലുള്ള വീരേതിഹാസങ്ങളുമുണ്ട്.
കിഴവനും കടലിലും എന്ന നോവലില്‍ 84 ദിവസം കരിംപട്ടിണി അനുഭവിച്ച് ഈ ദിവസം ഞാന്‍ വിജയം കാണും എന്ന് പറഞ്ഞ് ബോട്ട് കടലിലേക്കിറക്കുന്ന സാന്തിയാഗോവിനെ ഞാന്‍ നമിക്കുന്നു.ഒടുവില്‍ സ്രാവുകള്‍ കൊത്തി തീര്‍ത്ത മാര്‍ലിന്‍ മത്സ്യത്തിന്റെ അസ്ഥികൂടവുമായി കരയ്ക്ക് കയറി വീട്ടിലെത്തി അന്തിയുറങ്ങിയ സാന്തിയാഗോ സ്വപ്നം കണ്ടത് നല്ല എണ്ണം പറഞ്ഞ സിംഹങ്ങളെയാണ്.... അതായിരുന്നു ഹെമിങ്വേ എന്ന് പറയുന്നതിനോടൊപ്പം സിനിമാസ്റൈലില്‍ അതാവണമായിരുന്നു ഹെമിങ്വേ എന്ന് നാം ഇന്ന് ഓര്‍ക്കുന്നു...

Wednesday, December 7, 2011

"ഹു ദി ഹെല്‍ ഈസ് ഹീ....?''.




"ഹു ദി ഹെല്‍ ഈസ് ഹീ....?''.
നല്ല തറവാട്ടില്‍ പിറന്ന ത്രില്ലറുകള്‍ മനുഷ്യനെ എപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കും. മരണത്തേക്കാള്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നതിന് അവരെ പ്രേരിപ്പിക്കും. മരണത്തേക്കാള്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നതിന് അവരെ പ്രേരിപ്പിക്കും.ചിലപ്പോള്‍ ഈ ജന്‍മത്തിലും അതിന്റെ പോക്കിലുമുള്ള വ്യസനം കാരണം ആത്മഹത്യയുടെ പടിവാതിലില്‍ ചെന്നെത്തിയ മനുഷ്യനെ ശുഭപ്രതീക്ഷയുടെ ബലിഷ്ഠമായ കൈ കൊണ്ട് അത് തള്ളിയകറ്റും. ഞാന്‍ പറഞ്ഞു വന്നത് ഫ്രെഡറിക്ക് ഫോര്‍സിത്തിന്റെ 'ഡേ ഓഫ് ജാക്കള്‍' എന്ന നോവലിനെ കുറിച്ചാണ്. ഫ്രഞ്ച് പ്രസിഡന്റായ ചാള്‍സ് ഡിഗോളിനെ കൊല്ലുകയെന്ന എണ്ണം പറഞ്ഞ ദൌത്യമേറ്റെടുത്ത 'ജാക്കള്‍' എന്ന പ്രൊഫഷണല്‍ അസാസിന്‍ (മലയാളത്തിലെ വാടക കൊലയാളിയേക്കാള്‍ ഗരിമയുണ്ട് ഇതിന്) നടത്തിയ ശ്രമങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളുന്ന നോവലാണ് ഫോര്‍സിത്തിന്റെ 'ഡേ ഓഫ് ജാക്കള്‍'. നിശ്ചയദാര്‍ഡ്യം എന്ന വാക്കിന്റെ വില മനസിലാക്കാന്‍ 'ജാക്കള്‍' നടത്തിയ യാത്രകള്‍ നമ്മെ സഹായിക്കും. തോക്കിന്‍ കുഴലിലൂടെ, ഒറ്റകണ്ണടച്ച്, ഒരു മൊട്ടുസൂചിയുടെ അഗ്രത്തോളം ഏകാഗ്രതയെ കൂര്‍പ്പിച്ച്, ജാക്കള്‍ നോക്കുന്നു -മരണം ഒരിക്കലേയുള്ളു'എന്ന ദര്‍ശനമായിരിക്കാം ജാക്കളിനെ മുന്നോട്ടു നയിച്ചത്. 95ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഇസഹാക്ക് റാബിനെ കൊലപ്പെടുത്തിയ യിഗാള്‍ അമീര്‍ എന്ന ചെറുപ്പക്കാരന്റെ പെട്ടിയില്‍ നിന്ന് 'ഡേ ഓഫ് ജാക്കള്‍' എന്ന നോവലിന്റെ ഹീബ്രു വിവര്‍ത്തനം പൊലീസ് കണ്ടെടുത്തിരുന്നു. തന്റെ ദൌത്യം നിറവേറ്റുന്നതിന് വേണ്ട ആസൂത്രണത്തിനായിട്ടാണ് ഈ നോവല്‍ ഉപയോഗിച്ചതെന്ന് അയാള്‍ പറഞ്ഞെങ്കിലും അതിനേക്കാള്‍ ഉപരിയായി മരണത്തേക്കാള്‍ വലിയ സ്വപ്നം കാണുന്നതിനായിട്ടാവാം അയാള്‍ ഈ പുസ്തകം ഉപയോഗിച്ചിരിക്കുക എന്നെനിക്ക് തോന്നുന്നു. വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ വലിയ സ്വപ്നങ്ങള്‍ തന്നെ കാണേണ്ടി വരുമെന്നും ജാക്കള്‍ ബോധ്യപ്പെടുത്തുന്നു. 'ഒണ്‍സ് ഇന്‍ എ ലൈഫ് ടൈം ജോബ്' എന്ന നിലയ്ക്കാണ് ഡിഗോളിനെ കൊല്ലാനുള്ള ദൌത്യം അയാള്‍ ഏറ്റെടുത്തത്. അള്‍ജീരിയ വിട്ടുകൊടുക്കാനുള്ള ഡിഗോളിന്റെ തീരുമാനം മൂലം അസ്വസ്ഥരായ ഒരു രഹസ്യസംഘമാണ് 'ഈ നന്ദികേടിന്' അയാളോട് കണക്കു ചോദിക്കാന്‍ ജാക്കളിനെ ഏര്‍പ്പെടുത്തിയത്. സ്വന്തം രീതിയില്‍ അവര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ക്രിമിനല്‍ റെക്കോര്‍ഡുകളില്‍ ഇടംപിടിക്കാത്ത, ലക്ഷ്യബോധമുള്ള ഒരു കൊലയാളിയെ ഈ ദൌത്യമേല്‍പ്പിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ദി സീക്രട്ട് ആര്‍മി എന്ന സംഘടന തീരുമാനിക്കുന്നത്. 'ഫാഫ് എ മില്യണ്‍ ഫ്രാങ്ക്' എന്ന ഒറ്റ ആവശ്യമാണ് കൊലയാളി മുന്നോട്ട് വെച്ച നിര്‍ദേശം. ജാക്കളിനെ ഈ ദൌത്യമേല്‍പ്പിച്ച കേണല്‍ റോഡിന്‍ ചോദിക്കുന്ന ഒരു ചോദ്യം- "ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു...?. ഇത്രയും വലിയ ദൌത്യം നിറവേറ്റാന്‍ സാധിക്കുമോ....?'. വെല്ലുവിളിയുയര്‍ത്തുന്ന ഈ ചോദ്യത്തിന് ജാക്കള്‍ പറയുന്ന മറുപടി ഇതാണ്: നടക്കും.പക്ഷേ ഇതുമായി മുന്നോട്ട് പോകുന്ന കാര്യമാണ് ബുദ്ധിമുട്ട്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്''.
ഒരിക്കലും ഒരു വാടക കൊലയാളിയായി ഫോര്‍സിത്ത് തന്റെ നായകനെ അവതരിപ്പിച്ചിട്ടില്ല. എല്ലാ കാര്യത്തിലും പ്രൊഫഷണല്‍ ആണയാള്‍. അതേ സമയം തികഞ്ഞ ഏകാകിയും. ലക്ഷ്യം നേടാന്‍ വേണ്ടി ഏതറ്റം വരെയും സഞ്ചരിക്കാന്‍ അയാള്‍ക്ക് മടിയില്ല. തന്റെ ഇരയെ കുറിച്ചും ഇരയുടെ ദിനസരികളെ കുറിച്ചും, ഫ്രാന്‍സിന്റെ ചരിത്രത്തെ കുറിച്ചും ഉയരമുള്ള കെട്ടിടങ്ങളെ കുറിച്ചും അയാള്‍ ഗവേഷണം തന്നെ നടത്തുന്നുണ്ട്.
ലിബറേഷന്‍ ഡേ എന്ന നിര്‍ണ്ണായകദിവസത്തില്‍ പരേഡ് ഗ്രൌണ്ടില്‍ നിന്ന് അഭിവാദ്യം സ്വീകരിക്കുന്ന ഡിഗോളിന്റെ തല ലക്ഷ്യമാക്കി ജാക്കള്‍ ഉതിര്‍ത്ത വെടിയുണ്ട, തന്റെ അടുത്തെത്തിയ മുതിര്‍ന്ന പട്ടാളക്കാരന്റെ അഭിവാദ്യം സ്വീകരിക്കാന്‍ കുനിഞ്ഞ ഡിഗോളിന്റെ തൊപ്പിയെ ഉരസി കടന്നു പോയത് ജാക്കളിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിശദാംശങ്ങളില്‍ പോലും ശ്രദ്ധ പതിപ്പിച്ച് താന്‍ നടത്തിയ പദ്ധതിയില്‍ ആദ്യമായി വിധിയുടെ കരിനിഴല്‍ ഇടപെടുന്നത് ജാക്കള്‍ കണ്ടു. രണ്ടാമത് ഒരവസരത്തിന് വണ്ടി തോക്കുയര്‍ത്തിയെങ്കിലും വാതില്‍ ചവിട്ടി തുറന്നെത്തിയ കമ്മീഷണര്‍ ക്ളോഡ് ലേബലിന്റെ വെടിയേറ്റ് നിലത്ത് വീഴാനായിരുന്നു ജാക്കളിന്റെ വിധി. ഹോളിവുഡില്‍ എഡ്വാര്‍ഡ് ഫോക്സുമാണ് ജാക്കള്‍മാരായത്.ഫ്രെഡ് സിന്‍മാന്‍ സംവിധാനം ചെയ്ത ഡേ ഓഫ് ജാക്കളിന്റെ' ഏഴയലത്ത് എത്തില്ലെങ്കിലും സിബിമലയില്‍ സംവിധാനം ചെയ്ത ഓഗസ്റ്റ്-1 കലര്‍പ്പില്ലായ്മ കൊണ്ടും ക്യാപ്റ്റന്‍ രാജുവിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 'ഈ ദൌത്യമേറ്റെടുത്താല്‍ എങ്ങനെയായിരിക്കും നിങ്ങളുടെ ഓപറേഷന്‍..?' എന്ന വിശ്വത്തിന്റെ (കെപിഎസി സണ്ണി) ചോദ്യത്തിന് 'ദാറ്റ്സ് നണ്‍ ഓഫ് യുവര്‍ ബിസിനസ്' എന്ന് പറഞ്ഞ് നടന്നടുക്കുന്ന ക്യാപ്റ്റന്‍രാജുവിന്റെ കഥാപാത്രം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്. "നമ്മള്‍ തമ്മില്‍ ഇതാദ്യമല്ലലോ തേവര്‍...' എന്നും സംശയിച്ചവരോട് അയാള്‍ മറുപടി പറയുന്നു. റോയിട്ടേഴ്സില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ഫ്രെഡറിക് ഫോര്‍സിത്ത് മികച്ച ഗവേഷണം നടത്തിയാണ് തന്റെ നോവലുകള്‍ തയാറാക്കുക. കള്ള പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ ജാക്കള്‍ നടത്തുന്ന വിശദമായ കരുനീക്കങ്ങള്‍ പിന്നീട് യഥാര്‍ത്ഥ ജീവിതത്തില്‍ പലരും അനുകരിച്ചത് പൊലീസിന് തലവേദനയായി. ചാള്‍സ് കാല്‍ത്രോപ്പ് എന്നയാളാണ് ജാക്കള്‍ എന്ന് കരുതിയാണ് ഫ്രഞ്ച് പൊലീസും ഇന്റലിജന്‍സും അവരുടെ നീക്കങ്ങള്‍ നടത്തിയത്. ഒടുവില്‍ ലിബറേഷന്‍ ഡേയില്‍ ജാക്കളിനെ ക്ളോഡ് ലേബല്‍ കൊന്ന ശേഷം കാല്‍ത്രോപ്പിന്റെ ഫ്ളാറ്റ് പരിശോധിക്കുകയായിരുന്ന പൊലീസിനെ അമ്പരപ്പിച്ച് താനാണ് കാല്‍ത്രോപ്പ് എന്ന് പറഞ്ഞ് ഒരാള്‍ പറയുന്നു.....അന്തം വിട്ട പൊലീസ് ചോദിക്കുന്നു- "ഹു ദി ഹെല്‍ ഈസ് ഹീ....?''. ഒരു അന്വേഷനും തൊടാന്‍ കഴിയാതെ ജാക്കള്‍ നിലനില്‍ക്കുന്നു. എനിക്കുറപ്പുണ്ട് വെടിയേറ്റ് വീണപ്പോഴും അയാള്‍ ആഗ്രഹിച്ചിരുന്നിരിക്കും- 'ഡിഗോള്‍ കുനിയാതിരുന്നെങ്കില്‍....തന്റെ വെടിയുണ്ട ലക്ഷ്യം കണ്ടിരുന്നെങ്കില്‍...' ദൈവത്തിന്റെയും വിധിയുടെയും ഇടപെടല്‍ ചില കളികളുടെ രസചരട് പൊട്ടിക്കുന്നത് പോലെയാണ് ജാക്കളിന്റെ കാര്യവും....

Tuesday, December 6, 2011

'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ?




'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ?
കത്തെഴുതുന്ന ശീലം ഇപ്പോള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു. 'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ?, അവിടെയൊ...?' തുടങ്ങിയ ചോദ്യങ്ങള്‍ തന്നെ മറവിയിലമര്‍ന്നിരിക്കുന്നു. എന്താണ് സുഖം..?, എനിക്ക് മാത്രം സുഖം മതിയോ...? എന്റെ സുഖം മറ്റുള്ളവരെ വേദനിപ്പിച്ചാലും എനിക്ക് അസുഖം തോന്നാഞ്ഞത് എന്ത് കൊണ്ട്....? ചോദ്യങ്ങള്‍ക്ക് മാത്രം പക്ഷേ അവസാനമില്ലെന്ന് രാധാകൃഷ്ണന്‍ പറയുന്നു. മുറ്റത്ത് തണല്‍ പടര്‍ത്തി നിന്ന മാവിന്റെ തണല്‍ നോക്കിയിരുന്ന് സംസാരിക്കുമ്പോള്‍ ഉള്ളിലും തണുപ്പ് പടര്‍ന്നു. ആത്മാന്വേഷണങ്ങള്‍ക്കിടയില്‍ ഞാനെന്ന ഉപ്പുപാവ അലിഞ്ഞില്ലാതാവുന്നതിന്റെ അനിവാര്യതയും ആ ഭാഷണം എന്നെ ബോധ്യപ്പെടുത്തി.
എല്ലാം മായ്ക്കുന്ന കടലായിരുന്നു സി രാധാകൃഷ്ണന് അമ്മയുടെ ജീവിതദു:ഖം. സ്വാതന്ത്യ്രസമരത്തിന്റെ തീചൂളയിലേക്ക് സ്വയംസമര്‍പ്പിച്ച അച്ഛന്‍. സ്വന്തം കാര്യങ്ങള്‍ നോക്കി ഓടിയകന്ന ബന്ധുക്കള്‍. മഹാസങ്കടങ്ങളുടെ തീക്കടല്‍ കടഞ്ഞ് തിരുമധുരമേകിയ അമ്മയാണ് ഈ ജന്മം കണ്ടിട്ടുള്ളതില്‍ ഏറ്റവും ദുഃഖസാന്ദ്രമായ കഥാപാത്രമെന്ന് എഴുത്തുകാരന്‍ പറയുന്നു. പഠിക്കണം, എല്ലായിടത്തും ഒന്നാമനായി സ്വര്‍ണ്ണമെഡലുകള്‍ നേടണം,ജോലി നേടി അമ്മയ്ക്കും സഹോദരങ്ങള്‍ക്കും തണലേകണം പല കാലത്തായി പൂവണിഞ്ഞ നിത്യവാശികള്‍ക്കിടയിലും രാധാകൃഷ്ണന്‍ എഴുതിയതെല്ലാം മലയാളികള്‍ നെഞ്ചിലേറ്റി. അംഗീകാരങ്ങള്‍ ഒന്നിന് പിറകേ ഒന്നായി തേടിയെത്തി. ഇപ്പോള്‍ വലിയ കീര്‍ത്തി മുദ്രയായ വള്ളത്തോള്‍ പുരസ്ക്കാരവും ഈ ചമ്രവട്ടത്തുകാരനെ തേടിയെത്തി.പുരസ്ക്കാരലബ്ധിയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന്- "എന്ത് സന്തോഷം?. ഇപ്പോഴും നാട്ടില്‍ സി രാധാകൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ ആരും അറിയില്ല. മാധവന്‍ നായരുടെ മകന്‍ അപ്പൂനെ അറിയ്വോ? എന്ന് ചോദിച്ചാല്‍ ചിലരൊക്കെ അറിയും''-എന്ന് മറുപടി. ശാസ്ത്രവും വിപ്ളവസത്യവും പ്രപഞ്ച ദര്‍ശനവും കൈകോര്‍ത്ത ഈ സാഹിത്യ പ്രപഞ്ചത്തിന് ലോകസാഹിത്യത്തില്‍ സമാനതകളില്ലെന്നത് വായനക്കാര്‍ തിരിച്ചറിഞ്ഞ മഹാസത്യം.
'മുന്‍പേ പറക്കുന്ന പക്ഷികള്‍'
ഡല്‍ഹിയില്‍ പേട്രിയറ്റില്‍ ജോലി നോക്കിയ കാലത്താണ് നക്സലൈറ്റ് ബാധിത പ്രദേശത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്ന് കേള്‍ക്കുന്നത്. കല്യാണമൊന്നും കഴിക്കാത്ത സമയമായിരുന്നത് കൊണ്ട് ചാടിക്കയറി ദൌത്യമേറ്റു. 14 ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങാമെന്ന പ്രതീക്ഷയോടെയാണ് പശ്ചിമ ബംഗാളിലെ ഉള്‍ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചത്. കനുസന്യാല്‍ ഉള്‍പ്പടെയുള്ള നേതാക്കളിലേക്ക് വഴിയുണ്ടാക്കിയപ്പോള്‍ തന്നെ 10-12 ദിവസം കഴിഞ്ഞു. ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറിയപ്പോള്‍ അവരുടെ എല്ലാ പ്രശ്നങ്ങളും മനസിലാക്കാന്‍ കഴിഞ്ഞു. മാറാന്‍ വസ്ത്രമോ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ അലഞ്ഞ നാളുകള്‍. പുഴയോരത്ത് കൌമാരക്കാരായ കുട്ടികളെ വരെ നിരത്തി നിര്‍ത്തി വിചാരണയോ വിധിപ്രഖ്യാപനമോ ഇല്ലാതെ പൊലീസുകാര്‍ വെടിവെച്ചുതള്ളിയ കാലം. ചിലരെയെല്ലാം തലകീഴായി മരത്തിലും പോസ്റ്റുകളിലും കെട്ടിത്തൂക്കി. കഴുകന്‍മാര്‍ കൊത്തിതിന്ന ശവങ്ങള്‍ നിത്യക്കാഴ്ച്ച. മടങ്ങുന്ന നേരത്ത് "നിങ്ങള്‍ക്ക് ഞങ്ങളെപ്പറ്റി അറിയാന്‍ പാടുള്ളതിലും കൂടുതല്‍ അറിയാം'' എന്ന് പറഞ്ഞ് നക്സലൈറ്റുകള്‍ തടഞ്ഞു. ചുരുക്കത്തില്‍ ഞാന്‍ അവരിലൊരാളായി. ഒടുവില്‍ ആറുമാസത്തിന് ശേഷം പൊലീസ് ഈ സംഘത്തെ പിടികൂടിയപ്പോഴാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. പേട്രിയേറ്റില്‍ തിരിച്ചെത്തിയ ശേഷം പഞ്ചാബിലേക്കും ഉത്തര്‍പ്രദേശിലേക്കും പര്യടനം നടത്തി. 'മുമ്പേ പറക്കുന്ന പക്ഷികള്‍' ജനിച്ചത് ഈ മാനസികാവസ്ഥയിലാണ്. ഒരിക്കലും, ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത ബംഗാളി ഗ്രാമീണരെയും ഏതളവു വരെയും സഹിക്കുന്ന സ്ത്രീകളെയും പരിചയപെടുന്നതും ഇക്കാലത്താണ്.
'സ്പന്ദമാപിനികളേ നന്ദി'
നാം നേടിയ നേട്ടങ്ങളെല്ലാം ശാസ്ത്രത്തിന്റെ സംഭാവനയാണ്. അതേസമയം ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും അതിന്റെ സന്തതികളാണ്. ശാസ്ത്രജ്ഞന്‍ വിചാരിച്ചാല്‍ ലോകത്തെ മാറ്റി മറിക്കാന്‍ കഴിയില്ലേ? ഈ ദര്‍ശനവുമായി വേള്‍ഡ് സയന്റിസ്റ്റ് മൂവ്മെന്റ് എന്നൊരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങള്‍ക്ക് ഗുണമില്ലാത്ത ശാസ്ത്രസ്ഥാപനങ്ങളെല്ലാം തകര്‍ക്കാന്‍ ഈ സംഘടന തീരുമാനിച്ചു. പൂനെ വേള്‍ഡ്വൈഡ് സീസ്മോളജി സെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഈ സംഘടനയില്‍ സജീവമായിരുന്നു. 'സ്പന്ദമാപിനികളേ നന്ദി' നോവലിന്റെ വിത്ത് മനസ്സില്‍ വീഴുന്നത് ഇക്കാലത്താണ്. എന്നാല്‍ ശാസ്ത്രജ്ഞന്‍മാരെ കൊണ്ട് വിപ്ളവം നടത്താന്‍ കഴിയില്ലെന്ന ബോധ്യം പിന്നീടുണ്ടായി. ചില അംഗീകാരങ്ങളും അഹന്തയെ തൃപ്തിപ്പെടുത്തുന്ന പുരസ്ക്കാരങ്ങളും മതി അവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍. ജനങ്ങള്‍ ഇടപെട്ട വിപ്ളവമേ വിപ്ളവമാകൂ. ജനകീയ വിപ്ളവത്തിന്റെ പരീക്ഷണ ഭൂമിയാണ് 'മുമ്പേ പറക്കുന്ന പക്ഷികള്‍'എന്ന നോവല്‍. ശാസ്ത്രത്തിന്റെ സാധ്യതകളും പരിമിതികളും അന്വേഷിച്ച ഉദ്യമമാണ് 'പുള്ളിപുലികളും വെള്ളിനക്ഷത്രങ്ങളും'.
വെള്ളി നക്ഷത്രങ്ങള്‍
ഇഎംഎസും എകെജിയും ഉള്‍പ്പടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അച്ഛന് വലിയ ബന്ധമായിരുന്നു. സ്വാതന്ത്യ്രലബ്ധിയുടെ പിറ്റേനാള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ആളാണ് അച്ഛന്‍. 48 ല്‍ പൊലീസ്വേട്ട വ്യാപകമായപ്പോള്‍ ഇഎംഎസ് തറവാട് വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. പിന്‍വാതിലിലൂടെ പാതിരാത്രിയ്ക്ക് എത്തുന്ന ഇഎംഎസ് ഒറ്റവിളക്കിന്റെ നേരിയ വെളിച്ചത്തിലിരുന്ന് ഊണ് കഴിക്കുന്ന രംഗം ഇപ്പോഴും മനസിലുണ്ട്. പുലര്‍ച്ചെ പുഴയിലൂടെ നടന്ന് തിരുനാവയയ്ക്ക് പോവുമായിരുന്നു അദ്ദേഹം. വിക്ക് ചതിക്കുമെന്ന് കരുതി ആരോടും ഒരു വാക്കും മിണ്ടില്ല. മത്തിക്കറിയൊക്കെയാണ് മുത്തശി അദ്ദേഹത്തിന് പലപ്പോഴും വിളമ്പിയത്. 57ല്‍ മുഖ്യമന്ത്രിയായ സമയത്ത് പത്രത്തില്‍ പടം വന്നപ്പോഴാണ് ഇഎംഎസ് ആണ് വീട്ടില്‍ വന്നിരുന്നതെന്ന കാര്യം മുത്തശ്ശിക്കും വീട്ടുകാര്‍ക്കും പിടികിട്ടിയത്. ഇഎംഎസിന് മത്തിക്കറി കൊടുത്തെന്ന സങ്കടം നീണ്ടക്കാലം മുത്തശ്ശിയെ അലട്ടിയിരുന്നു. കോഴിക്കോട്ടേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ അച്ഛന് സാരമായി പരിക്കേറ്റപ്പോള്‍ എകെജിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ'
കുറ്റിപ്പുഴയ്ക്കും മുണ്ടശേരിയ്ക്കും ശേഷം നിരൂപകരായവരില്‍ കൂടുതലും കോളേജ് അദ്ധ്യാപകരാണ്. അന്യഭാഷാ കൃതികള്‍ പഠിച്ച് ആ കൃതികളെ നമ്മുടെ സാഹിത്യവുമായി താരതമ്യപ്പെടുത്തിയാണ് ഇവര്‍ നിരൂപണം നടത്തിയത്. ആപ്പിള്‍കൃഷി മാത്രം പഠിച്ച ഒരാള്‍ക്ക് കിഴങ്ങ്കൃഷി മോശമെന്ന് തോന്നും. അവര്‍ക്ക് കിഴങ്ങിന്റെ ഗുണമേന്മയും അറിയില്ല. താരതമ്യപ്പെടുത്താന്‍ മാതൃകകളില്ലാത്ത എന്റെ പുസ്തകങ്ങള്‍ അവര്‍ കണ്ടില്ലെന്ന് നടിച്ചു. നിരൂപകരേക്കാള്‍ വായനക്കാരുടെ അംഗീകാരത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. അതെനിക്ക് ആവോളം കിട്ടുന്നുമുണ്ട്. പരിഹാരമില്ലെന്ന് കരുതിയ പല പ്രശ്നങ്ങള്‍ക്കും എന്റെ നോവലുകള്‍ വായിച്ച് പോംവഴി കണ്ടെത്തിയെന്ന് ചിലര്‍ പറയുമ്പോള്‍ അതാണ് ഏറ്റവും വലിയ അംഗീകാരം. ക്യാപിറ്റലിസത്തിന്റെയും പണക്കൊഴുപ്പിന്റെയും ഭവിഷ്യത്തുകള്‍ വിശദമായി പഠിക്കുകയാണ്- 'ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ' എന്ന നോവല്‍. പക്ഷേ ആ രീതിയിലുള്ള പഠനം അതിന് കിട്ടിയില്ല. പക്ഷേ ഇപ്പോള്‍ പൂര്‍ണ്ണ സംതൃപ്തനാണ്. ഒന്ന് കണ്ണടിച്ചിരുന്നാല്‍ അറിയാം- എന്റെ വായനക്കാരുടെ സ്നേഹവും പരിലാളനയും. വായനക്കാരാണ് എന്നെ പ്രണയിച്ചിട്ടുള്ളത്. അല്ലാതെയുള്ള പ്രണയം എനിക്കറിയില്ല. പട്ടിണി കിടന്ന് വലഞ്ഞവന് എന്ത് പ്രണയം?.എന്റെ കൃതികളിലും പ്രണയം കുറവാണ്. പക്ഷേ ഭാര്യ വത്സലയാണ് എന്റെ എല്ലാ കൃതികളുടെയും ആദ്യ വായനക്കാരി. സാധാരണക്കാരെ കുഴക്കുന്ന വല്ലതും രചനയിലുണ്ടോ?, കുട്ടികളുടെ മനസിനെ വേദനിപ്പിക്കുന്ന ഏതെങ്കിലും വാക്കുകളുണ്ടോ? ഈ കാര്യങ്ങള്‍ പരിശോധിക്കാനാണ് അവര്‍ വായിക്കുന്നത്. ജോലിയ്ക്ക് പോകുന്നില്ലെങ്കിലും ടീച്ചേഴ്സ് ട്രെയിനിങ്ങ് കഴിഞ്ഞതിന്റെ അനുഭവമുണ്ട് അവര്‍ക്ക്...
'തീക്കടല്‍ കടഞ്ഞ് തിരുമധുരം'
'എല്ലാം മായ്ക്കുന്ന കടല്‍', 'പുഴ മുതല്‍ പുഴ വരെ', 'വേര്‍പാടിന്റെ വിരല്‍പാടുകള്‍' ഈ പുസ്തകങ്ങള്‍ പഠിക്കുന്ന ആര്‍ക്കും അര്‍ദ്ധനാടുവാഴിത്ത വ്യവസ്ഥിതിയില്‍ നിന്നും ആധുനികതയിലേക്ക് വഴിമാറിയ കേരളസമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കും. അന്നത്തെ കേരളീയ സമൂഹത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയസാഹചര്യങ്ങള്‍ ഈ നോവലുകളിലുണ്ട്.
'എന്നെ ചൂഷണം ചെയ്യാന്‍ ഞാനാരെയും അനുവദിക്കില്ല'എന്ന ചിന്തയോടൊപ്പം 'സ്വയം ചൂഷകനാകില്ലെന്ന' വസ്തുതയും വ്യക്തികളുടെ മനസില്‍ ഇടംപിടിക്കണം. 'ഇനി ഒരു നിറകണ്‍ ചിരി'യ്ക്ക് ശേഷം 'ഉള്ളില്‍ ഉള്ളത്' മുതല്‍ ഈ ദര്‍ശനം വായനക്കാരുടെ മനസിലേക്ക് പകര്‍ത്താനാണ് ശ്രമിച്ചത്. ഈ ദര്‍ശനംകൈവരിച്ച ജനതയെ നയിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യമില്ല. എല്ലാ അന്യവല്‍ക്കരണങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള ദര്‍ശനമാണത്.
എഴുത്തച്ഛന്റെ ജീവിത സഞ്ചാരങ്ങള്‍ അടയാളപ്പെടുത്തിയ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' നോവല്‍ വായിച്ച ശേഷം അമ്മ ജാനകിയമ്മ പറഞ്ഞു- "മതി, ഇനി അപ്പു ഒന്നും എഴുതിയില്ലെങ്കിലും കുഴപ്പമില്ല''. എന്റെ മനസിലെ ഏറ്റവും വലിയ അംഗീകാരവും ഇതാണ്.....

Sunday, December 4, 2011

കഥയുടെ കാലഭൈരവന്‍..................





കഥയുടെ കാലഭൈരവന്‍..................
ഈ ചെറുപ്പക്കാരന്‍ തന്റെ കഥകള്‍ ലോകോത്തരമെന്ന് വാഴ്ത്തും. എന്നാല്‍ അയാള്‍ പറയുന്നതൊട്ട് ഭോഷ്ക്കല്ല തന്നെ''- പ്രശസ്ത നിരൂപകന്‍ എം പി ശങ്കുണ്ണിനായര്‍ പറഞ്ഞ വാക്കുകള്‍.
തന്റെ കഥകള്‍ (ക'ഥ' എന്നല്ല ടി പത്മനാഭന്‍ പറയുക കഥ ഒരു ഗദയാണെന്ന മട്ടില്‍ ക'ദ', 'കദയ്ക്ക്' എന്നിങ്ങനെയാണ് പത്മനാഭന്‍ പറയുക) വിശുദ്ധമായ പ്രാര്‍ത്ഥനകള്‍ ആണെന്നും പദ്മനാഭന്‍ പറഞ്ഞിട്ടുണ്ട്.
"ഫാദര്‍...മതം, രാഷ്ട്രീയം..സംഘടിതമായ ഒന്നിലും എനിക്ക് വിശ്വാസമില്ല. പള്ളികളിലും അമ്പലങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. പക്ഷേ എനിക്കതിലൊന്നും വിശ്വാസമില്ല'' എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ കൈകള്‍ കൂട്ടിപിടിച്ച്-"മതി, പക്ഷേ നിങ്ങളുടെ കഥകളെല്ലാം വിശുദ്ധമായ പ്രാര്‍ത്ഥനകളാണ്'' എന്ന് പറഞ്ഞ പുരോഹിതന്‍ നല്‍കിയ സാക്ഷ്യപത്രത്തേക്കാള്‍ വലുതൊന്നും ടി പത്മനാഭന്‍ എന്ന ചെറുകഥാകൃത്തിന് ഈ ജീവിതത്തില്‍ ലഭിക്കാനില്ല.
ഒരോ വാക്കിലും ഒരോ അക്ഷരത്തിലും ഒരു മനോഹരഗാനത്തിന്റെ പല്ലവി പോലെ സ്നേഹത്തിന്റെ ഇഴ കാത്തുസൂക്ഷിക്കാന്‍ പത്മനാഭനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക...?. 'ജീവന്റെ വഴി' യില്‍ "'അപ്പോള്‍ പിറന്നു വീണ കുഞ്ഞിനെ പോലെ'' സ്നേഹത്തോടെ ന്യൂസ് പേപ്പറിലും തുണിയിലും പൊതിഞ്ഞ് കൊണ്ടു വന്ന മുരിങ്ങ തൈയുമായി വീട്ടിലേക്ക് വന്ന ഗൃഹനാഥന്‍ പത്മനാഭല്ലാതെ മറ്റാരാണ്. ക്ഷേത്രശില്‍പ്പങ്ങളുടെ കലാസുഭഗതയും ഗാംഭീര്യവും പ്രകടിപ്പിക്കുന്ന കഥകളാണ് പത്മനാഭന്റേതെന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിരൂപകന്‍ കെ പി അപ്പനാണ് പറഞ്ഞത്.
ഏറെ വാഴ്ത്തപ്പെട്ട കലാശില്‍പ്പങ്ങളാണ് ടി പത്മനാഭന്റെ കഥകള്‍. ചെറുകഥകള്‍ മാത്രമെഴുതി ജീവിക്കുന്ന ഒരത്ഭുത ജീവി കൂടിയാണ് അദ്ദേഹം.'കടല്‍' എന്ന കഥ വീണ്ടും വായിച്ചപ്പോള്‍ എന്റെ ഉള്ളില്‍ ഒരു തേങ്ങലുയര്‍ന്നു. 'കടലില്‍ ഒരു തിരയായി, ചുഴിയായി, ചലനമായി' മാറാനുള്ള ഒരിക്കലും കടല്‍ കാണാത്ത ഒരമ്മയുടെ ആഗ്രഹം വായിച്ച മകളുടെ ഗദ്ഗദം എന്നില്‍ നിറഞ്ഞു. അതിനോടൊപ്പം മനോഹരമായ ഒരു സ്വപ്നം പോലെ ഒരു വരി കൂടി എഴുത്തുകാരന്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു- 'ആര്‍ത്തലയ്ക്കുന്ന കടലിന്റെ മുകളില്‍ തെളിഞ്ഞ സൂര്യപ്രകാശത്തില്‍ ഒരു ചിത്രശലഭത്തെ പോലെ പറന്നലയാനും ഒടുവില്‍ ക്ഷീണിച്ച് കടലിന്റെ മാറില്‍ തന്നെ വീണടിയാനുമുള്ള സ്വപ്നം. മൃതിയുടെ പടിവാതിലില്‍ മനോഹരമായ ഇത്തരം സ്വപ്നങ്ങള്‍ പത്മനാഭന്‍ വീണ്ടുമാവര്‍ത്തിക്കുന്നു- "വിളഞ്ഞ ഗോതമ്പുവയലുകള്‍ സ്വപ്നം കണ്ടാണ്'' മണ്ണില്‍ മുഖമമര്‍ത്തി വീണ മഖന്‍സിങ്ങിന്റെ കഥ അദ്ദേഹം അവസാനിപ്പിക്കുന്നത്.
"നിങ്ങള്‍ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..? സ്നേഹിച്ച്, സ്നേഹിച്ച് ആ സ്നേഹം തന്നെ എരിതീയായി ആ പെണ്‍കുട്ടിയെ അവസാനിപ്പിച്ചിട്ടുണ്ടോ..?'' കാലഭൈരവനിലെ ചോദ്യമാണിത്. കര്‍ക്കിടക മഴയില്‍ ഇടിവെട്ടേറ്റ് ജീവനുള്ള ഒരു പച്ചമരം എരിഞ്ഞടങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് ഈ ചോദ്യത്തിന് കഥയിലെ നായകന്‍ ഈ ചോദ്യത്തിന് മനസില്‍ ഉത്തരം പറയുന്നത്. "ഇത് കാശിയാണ്. ഒരു കളളം താങ്ങാനാവാത്തത് കൊണ്ട് ബ്രഹ്മാവിന്റെ ശിരസ്സറുത്ത കാലഭൈരവന്റെ നാട്. തെറ്റിനേയും ശരിയേയും കുറിച്ച് മരണത്തെയും ജീവിതത്തെയും കുറിച്ച് ഇത്രത്തോളം മനനം നടന്ന സ്ഥലങ്ങള്‍ വേറെ ഉണ്ടാവില്ല.''- സ്വാമിയുടെ ഈ വാക്കുകള്‍ക്ക് അടിവരയിടുന്ന അടുത്ത സംഭാഷണമിതാണ്- "കാലഭൈരവന് അത് സാധിച്ചത് കൊണ്ട് എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. നാമോരോരുത്തരും അവരവരുടെ കാശി കണ്ടു പിടിക്കേണ്ടിയിരിക്കുന്നു''. കര്‍മ്മം, കര്‍മ്മഫലം, ഇവയുടെ അനിവാര്യത ഇത്രത്തോളം അനുസ്മരിപ്പിക്കുന്ന മറ്റ് കഥകളില്ല.
ചെറിയ മാനസിക പ്രതികരണങ്ങളോ മനസില്‍ ഉടക്കിയ വ്യക്തിത്വങ്ങളോ പത്മനാഭന്റെ കൈയ്യില്‍ മികച്ച കഥാശില്‍പ്പങ്ങളാകുന്നു. 'ഉമ്മര്‍ഭായ്' എന്ന കഥ നോക്കുക. മണലാരണ്യങ്ങളുടെ നാട്ടില്‍ മറ്റുള്ളവരുടെ ജീവിതത്തിന് തണലായി നില്‍ക്കുകയും അതിനെ കുറിച്ച് മറ്റുള്ളവരോട് ഭോഷ്ക് പറയാതെ അതെല്ലാം തന്റെ നിയോഗമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ചാവക്കാട്ടുകാരന്‍ ഉമ്മറിനെ പോലുള്ള പച്ച മനുഷ്യന്‍മാരെ പത്മനാഭന്‍ അനശ്വരരാക്കുന്നു. 'ജീവിക്കാന്‍ ആവശ്യമായ തുക മാത്രം' ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തിന്റെ നായകന്‍മാര്‍. മറ്റുള്ളവരോടുളള സഹാനുഭൂതി അവരില്‍ ചുരത്തിയ ആ മഹാ ചൈതന്യത്തിന് നന്ദി പറയാം. 'നിധി ചാല സുഖമാ' യിലെ രാമനാഥനെ നോക്കൂ. തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരന്‍ ദക്ഷിണ പോലെ അടക്കിപിടിച്ച ക്യാഷ് ചെക്ക് അടങ്ങിയ കവറിലേക്ക് അയാളുടെ ദൃഷ്ടികള്‍ പായുന്നില്ല. തഞ്ചാവൂരില്‍ ജനിക്കുകയും സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുകയും പിതാവിന്റെ നിര്‍ബന്ധത്താല്‍ അത് സാധിക്കാതെ വരുകയും ചെയ്ത രാമനാഥന്‍. ഒടുവില്‍ ചെറുപ്പക്കാരന്‍ മുറിയില്‍ നിന്നിറങ്ങി പോകുമ്പോള്‍ അയാളെ പിന്തുടര്‍ന്ന അവ്യക്ത മധുരമായ ഒരു രാഗം..... അത് തന്നെയാണ് പത്മനാഭന്റെ കഥകള്‍ക്ക് ആകാശആഴം പകരുന്നത്. തെളിച്ച് പറയേണ്ടതും വാക്കുകള്‍ക്കുള്ളില്‍ ഗുപ്തമായി ഒളിപ്പിച്ച് വെക്കേണ്ടതിനെയും പറ്റി പത്മനാഭനോളം ധാരണ മറ്റാര്‍ക്കാണുള്ളത്...?.

'ഗൌരി' യില്‍ പട്ടടകളുടെ നടുവില്‍ നിന്ന് പ്രണയസ്മിതം പൊഴിക്കുന്ന ജീവിതഗാനത്തെ നാം പരിചയപ്പെടുന്നു. 'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന് കെ പി അപ്പന്‍ വാഴ്ത്തിയ കഥ. കമിതാക്കള്‍ക്ക് പരസ്പരമുള്ള ആര്‍ദ്രഭാവം ഈ ലോകത്തോട് മുഴുവനുള്ള ആര്‍ദ്രതയായി നിറംമാറുന്ന വശ്യത ഈ കഥയിലുണ്ട്. കടയനെല്ലൂരിലെ പെണ്‍കുട്ടിയോട് ബാലചന്ദ്രന് തോന്നുന്ന വികാരവും മറ്റൊന്നല്ല. ഹെമിങ്ങ്വേയുടെ 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്' എന്ന സൃഷ്ടിയെ ആരാധിക്കുന്ന ചിത്തഭ്രമം ബാധിച്ച യുവാവിന്റെ ബോധാബോധത്തിലും ഈ ആര്‍ദ്രഭാവമുണ്ട്.
വിശാലമായ ക്യാന്‍വാസുകള്‍ എന്ന് നോവലുകളെ നമ്മള്‍ വാഴ്ത്തുമ്പോഴും ചെറുകഥയുടെ ശില്‍പ്പചാരുത നമ്മളെ വിസ്മയിപ്പിക്കുന്നു. ഏകാഗ്രതയുടെ പരിപൂര്‍ണ്ണതയില്‍ വിടരുന്ന ഒരോ കഥകളും വലിയ ആകാശങ്ങളെ ഇട നെഞ്ചിലൊതുക്കുന്നു. വെണ്‍ശംഖിനുള്ളിലെ കടലിരമ്പം പോലെ അവ നമ്മെ മോഹിപ്പിക്കും. 'വീണ്ടും ഗൌരി' എന്ന കഥയിലെ വികലാംഗയായ നേഴ്സ് പെണ്‍കുട്ടി ഈ കഥാകൃത്തിനെ കാണാന്‍ വേണ്ടി ഓടിയെത്തുന്ന ഒരു ദൃശ്യമുണ്ട്. "ഗൌരി എത്രയോ തവണ ഞാന്‍ വായിച്ചു. ഇന്നലെയും വായിച്ചു. ഇനിയും വായിക്കും...'' എന്ന് അവള്‍ അദ്ദേഹത്തോട് വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ വീണ്ടും വായിച്ച് വീണ്ടും വീണ്ടും വായിക്കപ്പെടാനുള്ള കഥകളാണ് പത്മനാഭന്‍ മലയാളത്തിന് സമ്മാനിച്ചത്.
'ജീവന്റെ വഴിയില്‍' വീടിന്റെ മേല്‍പ്പുരയിലേക്ക് മുറിഞ്ഞു വീണ ആ മുരിങ്ങ മരമില്ലേ.....കുടുംബസ്വത്തായി കിട്ടിയ പാറക്കെട്ടുള്ള ഭൂമിയില്‍ അത് നടാന്‍ എത്ര സഞ്ചരിച്ചതാണ് അദ്ദേഹം ഓടിയത്. പ്രഭാതങ്ങളില്‍ അതിന്റെ സാമീപ്യം തേടിയെത്തിയ കിളികൊഞ്ചലുകള്‍ അല്ലേ അദ്ദേഹത്തെ ഉണര്‍ത്തിയിരുന്നത്. എന്നിട്ടും കാറ്റോ മഴയോ ഇല്ലാത്ത ഒരു ദിവസം രാത്രി 'ഠേ' എന്ന ശബ്ദത്തോടെ അത് പൊട്ടി വീണില്ലേ...?. അത് ടെറസില്‍ നിന്ന് മാറ്റാന്‍ അലുമിയം കോണിയിലൂടെ പാടുപെട്ട് കയറി പോയ അദ്ദേഹം കണ്ട കാഴ്ച്ചയോ- 'അവിടവിടെയായി തളിരുകള്‍ പൊട്ടി വിടര്‍ന്നിരിക്കുന്നു....' ആ കാഴ്ച്ചയില്‍ ആ നിര്‍വൃതിയില്‍ അദ്ദേഹം സ്വയം മറന്നു നിന്ന നിമിഷം പത്മാഭന്റെ സമ്പൂര്‍ണ്ണ കഥകള്‍ സമാഹാരത്തിലെ 'ജീവന്റെ വഴി' എന്ന കഥയുള്ള പേജില്‍ എന്റെ കണ്ണീരും വീണു പടര്‍ന്നു......

Saturday, December 3, 2011

നിശാശലഭങ്ങളുടെ സ്വപ്നാടനം


നിശാശലഭങ്ങളുടെ സ്വപ്നാടനം
എം അഖില്‍
മാരിയോ വര്‍ഗാസ് യോസ എഴുതുന്ന കാലത്ത് ജീവിച്ചിരിക്കുന്നത് ഭാഗ്യമാണെന്ന് യോസയുടെ വായനക്കാര്‍ക്കറിയാം. രചനയുടെ പരമോന്നതപുരസ്ക്കാരം തേടിയെത്തുന്നതിനും എത്രയോ മുമ്പ് ആസ്വാദകര്‍ തീര്‍പ്പു കല്‍പ്പിച്ച വസ്തുതയാണത്. മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ തീരത്തേക്ക് നൊബേല്‍ എത്തുമ്പോള്‍ വിസ്മയമില്ല, ലോകത്തിലെ മികച്ച കഥ പറച്ചിലുകാരനെ ആദരിക്കുന്നത് സ്വീഡിഷ് അക്കാദമിയ്ക്കും അലങ്കാരമാവും. ബോര്‍ഹെസിനും കാഫ്കയ്ക്കും നല്‍കാത്ത നൊബേല്‍ സമ്മാനം ചെറുതായതായി യോസ പറഞ്ഞിരുന്നു. ലോര്‍ക്ക പാടിയ ലോഹത്തിന്റേയും ഏകാന്തതയുടേയും നാടായ പെറുവിന്റെ സ്വന്തം യോസയ്ക്ക് നല്‍കിയിലെങ്കില്‍ വിശിഷ്ട പുരസ്ക്കാരം പിന്നേയും ചെറുതാകുമായിരുന്നു.
ബോര്‍ഹെസില്‍ നിന്നാണ് യോസയുടേയും തുടക്കം. ഗ്രന്ഥശാലയില്‍ ബോര്‍ഹെസ്-ആഖ്യാനത്തിന്റെ രാവണന്‍കോട്ടകള്‍ കയറിയിറങ്ങി യോസ പറഞ്ഞു."അത്ഭുതകരമായിരുന്നു ബോര്‍ഹെസില്‍ നിന്നുണ്ടായ പരിണാമം. ഗുരുനാഥനായി കണ്ട സാര്‍ത്രില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഞാന്‍ അഗമ്യഗമനത്തിന്റെ ആനന്ദത്തിലേക്ക് ആത്മാവറിയാതെ നടന്നടുത്തു''.
ചരിത്ര-വര്‍ത്തമാനങ്ങളുടെ സഹശയനങ്ങളാണ് യോസയുടെ എല്ലാ നോവലുകളും. മറ്റാര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത കാമനകളുടെ ലോകത്തിലേക്ക് യോസയുടെ വരികള്‍ സ്വപ്നാടനം നടത്തുന്നു. ' എഴുതുമ്പോള്‍ കാമുകന്റെ വിരലില്‍ പതിഞ്ഞ മഷിയാണ് ഞാനെന്നും, നീയാകുന്ന തിരയിലെ പതയാണ് ഞാനെന്നും, നിന്റെ സൂര്യരശ്മികളേറ്റ് ചാഞ്ചാടുന്ന സൂര്യകാന്തിയാണ് ഞാനെന്നും' (ഡോണ്‍ റിഗോബര്‍ട്ടോയുടെ നോട്ടുപുസ്തകങ്ങള്‍) പറയുന്ന കാമിനിയില്‍ കലയുടെ ആത്മാവിലേക്ക് ലയിക്കുന്ന യോസയുടെ കുറുകലുകളാണ് കേള്‍ക്കുന്നത്. ലിമാ സൈനികസ്കൂളിലെ നെറികേടുകള്‍ ചൂണ്ടി കാണിച്ച 'ടൈം ഓഫ് ദി ഹീറോ' എന്ന നോവലായിരുന്നു യോസയുടെ ആദ്യ സൃഷ്ടി. ഡൊമിനിക്കന്‍ റിപ്ളബ്ബിക്കിലെ ട്രുജില്ലോയുടെ പതനം വിവരിക്കുന്ന 'ആടിന്റെ വിരുന്നി'ല്‍ ഭൂമിയിലെ സമഗ്രാധിപത്യങ്ങളുടെയും വര്‍ണ്ണം കലൈഡോസ്കോപ്പിലെന്ന പോലെ യോസ കാണിച്ചുതന്നു. മാര്‍ക്വേസിന്റെ 'ഏകാധിപതിയുടെ ശരത്ക്കാലം' മിഗുവല്‍ എഞ്ചല്‍ അസ്തുറിയാസിന്റെ 'പ്രസിഡന്റ്' എന്നീ നോവലുകള്‍ക്കൊപ്പമാണ് ലോകസാഹിത്യത്തില്‍ 'ആടിന്റെ വിരുന്നി'ന് സ്ഥാനം.ആത്മകഥനത്തിന്റെ പൂനിലാവായി പെയ്തിറങ്ങിയ 'ആന്റ് ജൂലിയാ ആന്‍ഡ് ദി സ്ക്രിപ്റ്റ് റൈറ്റര്‍', 'ഗ്രീന്‍ഹൌസ'്, 'കോണ്‍വര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍' 'ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്'പ്രണയത്തിന്റെ സൊണാറ്റയെന്ന് വിശേഷിപ്പിക്കുന്ന ഒടുവിലിറങ്ങിയ 'ബാഡ്ഗേള്‍' ഓര്‍മ്മ കുറിപ്പായ 'ഫിഷ് ഇന്‍ ദി വാട്ടര്‍ 'എന്നീ സൃഷ്ടികള്‍ അനുഭവങ്ങളും സ്വപ്നങ്ങളും ഭാവനയും ശുദ്ധീകരിച്ച് നല്‍കിയ സര്‍ഗസംഭാവനകളാണ്. എത്ര കരുത്തോടെ അടിച്ചമര്‍ത്തിയാലും ആത്മാവില്‍ മുളപൊട്ടി പൂമരമായി വളരുന്ന സ്വാന്ത്രാഭിലാഷം സൃഷ്ടികള്‍ക്ക് ഉള്‍കരുത്ത് പകരുന്നു.
ജീവിതാസക്തിയുടെ വനസ്ഥലികളെയാണ് വിഖ്യാതമായ 'രണ്ടാനമ്മയ്ക്ക് സ്തുതി', 'ഡോണ്‍റിഗോബര്‍ട്ടോയുടെ നോട്ടുപുസ്തകങ്ങള്‍', 'ആന്‍ഡീസിലെ മരണം' എന്നീ നോവലുകളിലൂടെ യോസ അനാവരണം ചെയ്യ്തത്. ഭൂതകാല സന്ദര്‍ഭങ്ങളും വര്‍ത്തമാന ദിനസരിയും ചടുലമായി കൂട്ടിയിണക്കുന്നതാണ് ആഖ്യാനശൈലിയുടെ സവിശേഷത. സിനിമയിലെ 'ഡിസോള്‍വ്' സങ്കേതത്തിലെന്ന പോലെ ഒരു സീനിന്റെ നിഴല്‍ അലിഞ്ഞില്ലാതാവുമ്പോള്‍ പുതിയൊരു രംഗത്തിന് ജന്‍മം കൊടുത്തും, നിശാശലഭങ്ങളെ പോലെ പറന്നുയരുന്ന ഉപമകളും രൂപകങ്ങളും കൊണ്ട് മൈക്രോഓവന്‍ പോലെ വായനക്കാരനെ ക്രമേണ ചൂടുപിടിപ്പിച്ചും, ദൈവത്തിന്റെ മുഖമുള്ള പിശാചുകള്‍ക്ക് സ്തുതിഗീതങ്ങള്‍ പാടിയും, കറുത്തഫലിതത്തിന്റെ ശവകച്ചയില്‍ പൊതിഞ്ഞ ദുരന്തങ്ങളെ അണിനിരത്തിയും, യോസ വായനക്കാരനെ ഭ്രമിപ്പിക്കുന്നു.
ഇഷ്ട നോവലിസ്റ്റായ ഫോക്നറുടെ രചനാശൈലിയും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
രാഷ്ട്രീയ നിലപാടുകളില്‍ ഉണ്ടായ തകിടം മറിച്ചിലുകളും സമകാലീന വിഷയങ്ങളില്‍ എടുത്ത അപ്രതീക്ഷിതിമായ പക്ഷപാതിത്വങ്ങളും, പരിവേഷത്തില്‍ നിഴല്‍ വീഴ്ത്തിയ ആരോപണങ്ങളും, മാര്‍ക്വേസിനെ മൂക്കിനിടിച്ച് വീഴ്ത്തിയ മെക്സിക്കോ സിറ്റിയിലെ കരിദിനവും ന്യൂനപക്ഷത്തിനെങ്കിലും യോസയോട് വിരോധം ഉണ്ടാക്കി. എന്നാല്‍ഒരിക്കലെങ്കിലും അദ്ദേഹം എഴുതിയ ഒരു വരിയെങ്കിലും വായിച്ചവര്‍ക്ക് ഈ വിശുദ്ധതെമ്മാടിയെ വെറുക്കാന്‍ കഴിയില്ലെന്ന് കാലവും തെളിയിക്കും.

'ഡേര്‍ട്ട്' അല്ലാത്ത 'ഡേര്‍ട്ടി പിക്ച്ചര്‍




'ഡേര്‍ട്ട്' അല്ലാത്ത 'ഡേര്‍ട്ടി പിക്ച്ചര്‍
'സില്‍ക്ക്' എന്ന് തന്നെ ജ്ഞാനസ്നാനം ചെയ്ത നിര്‍മാതാവിനോട് കൌതുകം നിറഞ്ഞ കണ്ണുകളോടെ രേഷ്മ പറഞ്ഞു-"ഞാന്‍ സില്‍ക്ക് ആണെങ്കില്‍, നിങ്ങള്‍ പുഴുവാണ്. പുഴുക്കളാണല്ലോ സില്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നത്''. ഈ ഒറ്റ സംഭാഷണത്തില്‍ മിലന്‍ ലുത്ത്രിയയുടെ 'ഡേര്‍ട്ടി പിക്ച്ചര്‍' എന്ന സിനിമ അതിന്റെ ദര്‍ശനം ഒളിപ്പിച്ചിരിക്കുന്നു. അടക്കിപിടിച്ച കാമനകളുടെ ശവപ്പെട്ടികളില്‍ സദാചാരത്തിന്റെ ആണികളടിച്ച് കയറ്റി മനസ്സിന്റെ ഏറ്റവും ഇരുണ്ട മൂലകളില്‍ ഒളിപ്പിച്ച് വെച്ച നമ്മുടെ സമൂഹം തന്നെയാണ് തിളക്കമുള്ള, മാര്‍ദവമേറിയ 'സില്‍ക്ക്' എന്ന സാധനത്തെ ഉല്‍പ്പാദിപ്പിച്ചത്.
മിലന്‍ ലുത്ത്രിയയുടെ സിനിമ എന്നതിനേക്കാള്‍ 'ഡേര്‍ട്ടി പിക്ച്ചര്‍' തീര്‍ച്ചയായും വിദ്യാബാലന്‍ എന്ന നടിയുടെ സിനിമയാണ്. തുള്ളിതുളുമ്പുന്ന മാറിടകൌതുകത്തിനും ലിപ്സ്റ്റിക്കിനോടൊപ്പം ചുണ്ടില്‍ വരച്ച് ചേര്‍ച്ച ലൈംഗിക മുദ്രകളും കൊഴുത്ത ഉടലഴകും സമൃദ്ധമായി പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം പുരുഷ കേന്ദ്രീകൃതമായ സിനിമാകാര്‍ണിവെല്ലിലെ 'മാക്യവില്ലിയന്‍'തന്ത്രങ്ങള്‍ കാരണം ചിറകറ്റ് വീണ താരത്തിന്റെ വിഹ്വലതകളും വിദ്യ ത്രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഓടിട്ട വീട്ടിലെ ചുവരിനോട് ചേര്‍ത്ത് വെച്ച കോണിയില്‍ കയറി നിന്ന് കൊച്ചു രേഷ്മ 'നഗരകൌതുകങ്ങള്‍' കാണാന്‍ നടത്തുന്ന ശ്രമങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. "ഇവിടെ താഴെ വീണാല്‍ നിന്നെ താങ്ങാന്‍ അമ്മയുണ്ട്. എന്നാല്‍ നഗരത്തിലെ ഉയരങ്ങളില്‍ നിന്ന് താഴെ വീണാല്‍ ആരാണ് നിന്നെ താങ്ങുക...?'' എന്ന അമ്മയുടെ പരിഭ്രമം കലര്‍ന്ന ചോദ്യം ചിത്രതാക്കോലായി മാറുന്നു. അമ്മയുടെ ചിറകിനടിയില്‍ നിന്ന് തന്നെ കാത്തിരിക്കുന ഉയരങ്ങളിലേക്ക് ഓടിയകന്ന രേഷ്മ സിനിമയുടെ നക്ഷത്ര വെളിച്ചത്തിലേക്ക് പാദമൂന്നുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ നിരയില്‍ സ്വന്തം ഊഴവും കാത്തുനില്‍ക്കുമ്പോള്‍ അസി.ഡയറക്ടറുടെ 'ഔട്ട്' എന്ന പ്രഖ്യാപനമാണ് മിക്കപ്പോഴും അവളെ സ്വപ്നങ്ങളില്‍ നിന്നും ഉണര്‍ത്താറുള്ളത്.
പട്ടിണി കിടന്ന് വലഞ്ഞ നാളുകള്‍, താരമാകാന്‍ എന്തും ചെയ്യാന്‍ തയാറാണെന്ന് സ്വയം പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തങ്ങള്‍. അര്‍ദ്ധ നഗ്നയായി പുളയുന്ന ചാട്ടവാറും കൈയ്യിലേന്തി രതിമൂര്‍ച്ഛ അഭിനയിക്കാന്‍ ആളെ കിട്ടാതായപ്പോള്‍ രേഷ്മ ആ ദൌത്യം സധൈര്യം ഏറ്റെടുക്കുന്നു. കണ്ടു നില്‍ക്കുന്നവന്റെ ഞരമ്പുകളില്‍ തീപാറിക്കുന്ന പ്രകടനത്തോടെ അവള്‍ അത് അഭിനയിക്കുന്നു. എന്നാല്‍ അസി. ഡയറക്ടര്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ സംവിധായകന്‍ അബ്രഹാം മുറിച്ചുമാറ്റുന്നു.'സിനിമയില്‍ ഒരു താരമേയുള്ളു. അത് സംവിധായകനാണെന്ന്' വിശ്വസിക്കുന്ന അബ്രഹാമും (ഇമ്രാന്‍ ഹാഷ്മി) രേഷ്മയും തമ്മിലുള്ള കുരിശു യുദ്ധത്തിന്റെ ആരംഭം ഇവിടെ നിന്നാണ്. എന്നാല്‍ അയാളുടെ പ്രകടമായ വെറുപ്പിന്റെ ആവരണത്തിനകത്ത് അവളോടുള്ള സ്നേഹത്തിന്റെ നിലാവുണ്ടെന്നതാണ് ഈ സിനിമയുടെ സൌന്ദര്യം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം.
ആദ്യ ദിനം 'നായ പോലും തിരിഞ്ഞു നോക്കാത്ത' അവസ്ഥ മറികടക്കാന്‍ സംവിധാകന്‍ മുറിച്ച് നീക്കിയ ഭാഗങ്ങള്‍ നിര്‍മാതാവ് സിനിമയില്‍ ചേര്‍ക്കുന്നു. അതി ശീഘ്രം കൊഴിയുന്ന ടിക്കറ്റുകളുടെ ചിത്രീകരണത്തോടെ രേഷ്മ താരമാകുന്നു. തുടര്‍ന്ന് ആ നിര്‍മ്മാതാവ് തന്നെ സ്മിത എന്ന് നാമകരണം ചെയ്ത് അവളെ സിനിമയില്‍ എത്തിക്കുന്നു.
ദക്ഷിണേന്ത്യന്‍ സിനിമയുടെ സിംഹാസനത്തില്‍ വാണരുളുന്ന സൂര്യകാന്തു (നസറുദ്ദീന്‍ ഷാ)മായിട്ടുള്ള സോങ്ങ് സ്വീക്വന്‍സ് ചിത്രീകരിക്കുമ്പോള്‍ മന:പൂര്‍വ്വം അയാള്‍ വരുത്തിയ ചില വീഴ്ച്ചകളെ തുടര്‍ന്ന് സില്‍ക്ക് അയാളുടെ മുന്നിലെത്തുന്നു. "പെണ്‍കുട്ടി നിന്നെ സഹായിച്ചത് കൊണ്ട് എനിക്ക് എന്താണ് നേട്ടം' എന്നാണ് വാര്‍ധക്യത്തില്‍ കാലൂന്നിയ സൂപ്പര്‍താരത്തിന്റെ ചോദ്യം. തന്റെ കൈയിലുള്ള സിഗരറ്റ് പാക്കറ്റിനെ ചുറ്റിയ പ്ളാസ്റ്റിക് കവര്‍ ചുരുട്ടിയെറിഞ്ഞ് "നീ ഈ സിനിമയില്‍ ഈ കവറിനെ പോലെയാണ്. ഒരാവശ്യവുമില്ലാത്ത ഒരു ഘടകം'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ചെറു പുഞ്ചിരിയോടെ "ആ കവറില്ലായിരുന്നെങ്കില്‍ സാര്‍, ആ സിഗരറ്റുകള്‍ മഴയെ അതിജീവിക്കില്ലായിരുന്നു. ഒരു തീയ്ക്കും അതിനെ കത്തിക്കാന്‍ സാധിക്കില്ലായിരുന്നു അല്ലേ..?' എന്ന് ചോദിച്ച് അവള്‍ അയാളുടെ പുച്ഛത്തിന്റെ മുനയൊടിക്കുന്നു.
പിന്നീട് അയാളുടെ സിനിമകളെ "ടേക്ക്ഓഫ്'' ചെയ്യിക്കാനുള്ള സംവിധാനമായി സില്‍ക്കിന്റെ 'കുട്ടികുപ്പായ' പ്രകടനങ്ങള്‍.
നസറുദ്ദീന്‍ ഷാ തന്റെ വേഷം മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. "പെങ്ങള്‍, ബലാത്സംഗം, രക്തം'' എന്നീ മൂന്നുഘടകങ്ങളാണ് സിനിമയില്‍ വേണ്ടതെന്ന് സഹോദരനും തിരക്കഥാകൃത്തുമായ രമാകാന്തി(തുഷാര്‍ കപൂര്‍)നോട് പറയാന്‍ അയാള്‍ക്ക് ഉളുപ്പില്ല. അഴകിയ രാവണന്‍ മട്ടിലുള്ള അയാളുടെ വേഷഭൂഷാദികളും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത അയാളുടെ ചിത്തഭ്രമഭാവനകളും കേട്ട് "സാര്‍, നിങ്ങള്‍ ഒരു ജീനിയസാണ്'' എന്ന് പറയുന്ന സ്തുതിപാഠകര്‍ ഉള്ളിടത്തോളം കാലം അയാള്‍ക്ക് ജീവിക്കാം (അതങ്ങനെ തന്നെ തുടരുകയും ചെയ്യും. സൂര്യകാന്ത് ആരുടെ പ്രതിരൂപമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ).
കിടപ്പറസീനുകളില്‍ പളപളപ്പുള്ള കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും പുളഞ്ഞും ഭാവങ്ങള്‍ വരുത്തി സീല്‍ക്കാര ശബ്ദങ്ങളുണ്ടാക്കി ക്യാമറാമാനെയും സംവിധായകനെയും തൃപ്തിപ്പെടുത്തുന്നത് വരെ മരിച്ചഭിനയിക്കുന്ന നടിയുടെ ജീവിതവും 'ഡേര്‍ട്ടി പിക്ച്ചര്‍' വരഞ്ഞിടുന്നു. ഒരേ രംഗങ്ങള്‍ അവതരിപ്പിച്ച് മടുപ്പിന്റെ ചക്രവാളം കണ്ടതോടെ ഏകാന്തതയുടെ പിടിയില്‍ അകപ്പെടുന്ന ഈ നടിയുടെ ജീവിതമാണ് പിന്നീട് ചിത്രീകരിച്ചിട്ടുള്ളത്.
നിരന്തര മദ്യപാനത്തിലും പുകവലിയിലും അമര്‍ന്ന് ഉറക്കത്തിനുള്ള വഴികളന്വേഷിച്ച് ഉന്‍മാദാവസ്ഥയില്‍ വീഴുന്ന നടിയുടെ ദുരന്തവും പ്രേക്ഷകരെ അസ്വസ്ഥരാക്കും. അടിമുടി വിദ്യാബാലന്‍ മയമാണ് ഈ ചിത്രത്തില്‍. ചുമലുകളില്‍ സിനിമയുടെ മുഴുവന്‍ ഭാരവും താങ്ങുക മാത്രമല്ല 'ഡേര്‍ട്ടിപിക്ച്ചര്‍' എന്ന ചിത്രത്തെ ഉദാത്തമായ മറ്റൊരു തലത്തിലേക്ക് വളര്‍ത്താനും വിദ്യക്ക് സാധിച്ചിരിക്കുന്നു. ജീവിതാന്ത്യത്തിന് മുമ്പ് സില്‍ക്കിനോടുള്ള തന്റെ യഥാര്‍ത്ഥ വികാരം തിരിച്ചറിഞ്ഞ അബ്രഹാമിന്റെ സാമീപ്യം
മാത്രമായിരിക്കും അവര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുക.
വിശാല്‍ ശേഖറിന്റെ സംഗീതം മനോഹരമാണ്. 'ഉലാല ഉലാല' എന്ന ഗാനം 80കളിലെ ബോളിവുഡിനെ ഓര്‍മ്മയിലെത്തിക്കും. 'ഇഷ്ക്ക് സൂഫിയാന' എന്ന ഗാനമാകട്ടെ ഉദാത്തമാണ്. 'ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ' എന്ന ചിത്രത്തില്‍ തുടങ്ങിയ കാവ്യാത്മകമായ സംഭാഷണങ്ങള്‍ വഴി രജത് അറോറയും തിളങ്ങി.
അടിക്കുറിപ്പ്:
സിനിമയുടെ സഞ്ചാരവഴികളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തുന്നതാണ് സിനിമാ നിരൂപകയായ ലൈലയുടെ ചെയ്തികള്‍. ഉള്ളു കൊണ്ട് സില്‍ക്കിനെ ആരാധിക്കുമ്പോഴും സദാചാരമൂല്യങ്ങള്‍ക്ക് ഓശാന പാടാന്‍ അവരെ അപഹസിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളും ഗോസിപ്പുകളും വഴി കിണഞ്ഞ് പരിശ്രമിക്കുകയാണ് ലൈല. ഇവരുടെ ഓഫീസിന് പുറത്ത് മദ്യപിച്ച് സ്വന്തം കാറിന് മുകളില്‍ ഉന്‍മാദ നടനം നടത്തുന്ന സില്‍ക്കിനെ എല്ലാ ചാരുതയോടും കൂടി ഞാന്‍ ഇഷ്ടപ്പെട്ടു. വിദ്യയ്ക്ക് ഒരു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയും ചെയ്തു. അത് തന്നെയാണ് നമ്മള്‍ ഒക്കെ പറയുന്ന 'സോഫ്റ്റ് പോണ്‍' ഗണത്തില്‍ നിന്നും ഈ സിനിമയെ രക്ഷിച്ച് നിര്‍ത്തുന്ന ഘടകവും.